കാറപകടത്തില്‍ മരിച്ചെന്ന് കരുതിയ ഫുട്ബോള്‍ താരം 4 വര്‍ഷത്തിനുശേഷം തിരിച്ചെത്തിയപ്പോള്‍ കുടുങ്ങിയത് മുന്‍ ഭാര്യ

By Web TeamFirst Published May 6, 2020, 7:04 PM IST
Highlights

കാംബ കൊല്ലപ്പെട്ടാല്‍ വലിയ തുക ഇന്‍ഷൂറന്‍സായി ലഭിക്കുമെന്ന് മനസിലാക്കിയ മുന്‍ഭാര്യ ഈ പണം തട്ടിയെടുക്കാനായി ആസൂത്രണം ചെയ്ത നാടകമാണ് കാംബയുടെ മരണ വാര്‍ത്തയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

മ്യൂണിക്: നാലുവര്‍ഷം മുമ്പ് കാര്‍ അപകടത്തില്‍ മരിച്ചെന്ന് കരുതിയ ഫുട്ബോള്‍ താരം ജീവനോടെയുണ്ടെന്ന് സ്ഥിരീകരണം. ഷാല്‍ക്കെ യൂത്ത് ടീമിലെ മുന്‍ താരമായിരുന്ന കോംഗോ വംശജന്‍ ഹിയാനിക്ക് കാംബ(33) ആണ് ജര്‍മനയില്‍ ജീവനോടെ ഉണ്ടെന്ന് സ്ഥിരീകരിച്ചത്.

ഷാല്‍ക്കെയുടെ യൂത്ത് ടീമില്‍ സ്വീപ്പര്‍ ബാക്കായിരുന്ന കാംബ ജര്‍മന്‍ ഗോള്‍ കീപ്പര്‍ ഇതിഹാസം മാന്യുവല്‍ ന്യൂയറുടെ സഹതാരമായിരുന്നു. 2016 ജനുവരിയില്‍ ജന്‍മനാടായ കോംഗോയിലുണ്ടായ ഒരു കാര്‍ അപകടത്തില്‍ കാംബ മരിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. അതിനുശേഷം കാംബയെക്കുറിച്ച് വിവരങ്ങളൊന്നും  ഉണ്ടായിരുന്നില്ല. എന്നാല്‍ ജര്‍മനിയിലെ ഗെല്‍സെന്‍കിര്‍ച്ചനില്‍ കാംബ ജീവനോടെയുണ്ടെന്ന് ജര്‍മന്‍ ടാബ്ലോയ്ഡായ ബില്‍ഡ് വാര്‍ത്ത നല്‍കിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.

ഷാല്‍ക്കെ യൂത്ത് ടീമില്‍ മാന്യുവല്‍ ന്യൂയര്‍ക്കൊപ്പം കാംബ(വൃത്തത്തിനുള്ളില്‍)

കാംബ കൊല്ലപ്പെട്ടാല്‍ വലിയ തുക ഇന്‍ഷൂറന്‍സായി ലഭിക്കുമെന്ന് മനസിലാക്കിയ മുന്‍ഭാര്യ ഈ പണം തട്ടിയെടുക്കാനായി ആസൂത്രണം ചെയ്ത നാടകമാണ് കാംബയുടെ മരണ വാര്‍ത്തയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കാംബ മരിച്ചെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ ഇന്‍ഷൂറന്‍സ് തുക ലഭിക്കാനായി ഇവര്‍ ഇന്‍ഷൂറന്‍സ് ഏജന്‍സിയെ സമീപിച്ചിരുന്നു. കാംബയുടെ മരണം സ്ഥിരീകരിക്കുന്ന രേഖകളും നല്‍കി. എന്നാല്‍ ഇതെല്ലാം വ്യാജരേഖകളാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ മരണവാര്‍ത്ത അറിഞ്ഞശേഷമാണ് വലിയ തുക ഇന്‍ഷൂറന്‍സായി തനിക്ക് ലഭിക്കുമെന്ന് തിരിച്ചറിഞ്ഞതെന്നും ഇതിനാലാണ് രേഖകള്‍ നല്‍കിയതെന്നുമാണ് മുന്‍ ഭാര്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

സംഭവത്തില്‍ കാംബയെ മുഖ്യ സാക്ഷിയാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കാര്‍ അപകടം നടന്ന ദിവസം രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം കോംഗോയിലെ ഉള്‍പ്രദേശത്തേക്കുള്ള യാത്രയിലായിരുന്നുവെന്നും എന്നാല്‍ സുഹൃത്തുക്കള്‍ തന്റെ ഫോണും പണവും രേഖകളും തട്ടിയെടുത്തശേഷം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നുവെന്നുമാണ് കാംബ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. 2018ലാണ് കാംബ ജര്‍മനിയില്‍ തിരിച്ചെത്താനായി അപേക്ഷ നല്‍കിയത്. ഒട്ടേറെ കടമ്പകള്‍ കടന്നാണ് ഒടുവില്‍ ഗെല്‍സെന്‍കിര്‍ച്ചനില്‍ എത്തി. ഇപ്പോള്‍ ജര്‍മനിയിലെ ഒരു ഊര്‍ജ സ്ഥാപനത്തില്‍ കെമിക്കല്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ് കാംബ.

കോംഗോയിലെ ആഭ്യന്തര പ്രശ്നങ്ങള്‍മൂലം 1986ലാണ് കാംബയുടെ കുടുംബം ജര്‍മനിയിലേക്ക് കുടിയേറിയത്. 2005ല്‍ ജര്‍മന്‍ സര്‍ക്കാര്‍ കാംബയുടെ കുടുംബാംഗങ്ങളെ കോംഗോയിലേക്ക് തിരികെ അയച്ചു. ഷാല്‍ക്കെ യൂത്ത് ടീമില്‍ കളിച്ചിരുന്നതിനാല്‍ കാംബയെ ജര്‍മനിയില്‍ തുടരാന്‍ അനുവദിച്ചു.  2007ല്‍ ഷാല്‍ക്കെ വിട്ടശേഷം താഴ്ന്ന ഡിവിഷന്‍ ലീഗുകളില്‍ കളിക്കുകയായിരുന്നു കാംബ. മരണവാര്‍ത്ത വന്ന സമയത്ത് ജര്‍മനിയിലെ എട്ടാം ഡിവിഷന്‍ ലീഗ് ടീമായ വിഎഫ്ബി ഹള്‍സിന്റെ താരമായിരുന്നു കാംബ. മരണവാര്‍ത്തയറിഞ്ഞ് ക്ലബ്ബ് അനുശോചനമറിയിച്ചിരുന്നു.

click me!