2026 ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയായി, അർജന്‍റീന, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ സെമി ഫൈനലിൽ ഇടംപിടിച്ചതിന് തൊട്ടുപിന്നാലെയാണ് ഇൻഫാന്‍റീനോയുടെ ഈ നിർണായക പ്രതികരണം.
ന്യൂയോര്‍ക്ക്: ഫുട്ബോൾ ലോകത്തെ വീണ്ടും ആവേശത്തിലാഴ്ത്തി ലോകകപ്പ് വിപുലീകരിക്കുമെന്ന സൂചനകൾ ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ. ആദ്യമായി 48 ടീമുകളെ ഉള്‍പ്പെടുത്തി അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങളിലായി നടത്തിയ ലോകകപ്പ് വൻ വിജയമാണെന്ന് വിലയിരുത്തിയ ജിയാനി ഇൻഫാന്‍റിനോ, 2030-ലെ നൂറാം വാർഷിക പതിപ്പിൽ ടീമുകളുടെ എണ്ണം 64 ആയി ഉയർത്തുന്ന കാര്യം സജീവമായി ആലോചിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.
2026 ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയായി, അർജന്‍റീന, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട് ടീമുകള്‍ സെമി ഫൈനലിൽ ഇടംപിടിച്ചതിന് തൊട്ടുപിന്നാലെയാണ് ഇൻഫാന്‍റിനോയുടെ ഈ നിർണായക പ്രതികരണം. ലോകകപ്പ് ഏതാനും രാജ്യങ്ങൾക്ക് മാത്രമുള്ളതല്ലെന്ന് സ്വിസ് മാധ്യമമായ 'ബ്ലൂവിൻ'-ന് നൽകിയ അഭിമുഖത്തിൽ ഇൻഫാന്‍റിനോ വ്യക്തമാക്കി.
നിലവിലെ 48 ടീമുകളുടെ ഫോർമാറ്റിനെ '100 ശതമാനം വിജയം' എന്നാണ് ഇന്‍ഫാന്‍റിനോ വിശേഷിപ്പിച്ചത്. ലോകകപ്പ് എന്നത് മുഴുവൻ ലോകത്തിനും വേണ്ടിയുള്ളതാണ്, അല്ലാതെ യൂറോപ്പിനും തെക്കേ അമേരിക്കയ്ക്കും മാത്രമുള്ളതല്ല. ലോകകപ്പിൽ കളിക്കുക എന്നത് എല്ലാ രാജ്യങ്ങളുടെയും സ്വപ്നമാണ്. ചെറിയ രാജ്യങ്ങൾക്ക് നമ്മൾ അവസരം നൽകിയില്ലെങ്കിൽ, അവരുടെ ഫുട്ബോൾ നിലവാരം മെച്ചപ്പെടുത്താനുള്ള പ്രചോദനം അവർക്ക് നഷ്ടമാകും. ഈ ലോകകപ്പിന് ശേഷം ഫിഫയുടെ ബന്ധപ്പെട്ട കമ്മിറ്റികൾ 64 ടീമുകളുടെ ഫോർമാറ്റിലേക്ക് മാറുന്ന കാര്യം വിശദമായി ചർച്ച ചെയ്യും-ഇൻഫാന്‍റിനോ പറഞ്ഞു.
നിലവിലെ 48 ടീമുകളുടെ ഫോർമാറ്റിലുള്ള സങ്കീർണ്ണമായ ഗ്രൂപ്പ് ഘട്ട സമവാക്യങ്ങൾ (മികച്ച മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നത് ഉൾപ്പെടെ) പൂർണ്ണമായും ഒഴിവാക്കാൻ 64 ടീമുകളുടെ ഘടനയ്ക്ക് സാധിക്കും. നാല് ടീമുകൾ വീതമുള്ള 16 ഗ്രൂപ്പുകളായിരിക്കും ഉണ്ടാവുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് നോക്കൗട്ട് ഘട്ടത്തിലേക്ക്(റൗണ്ട് ഓഫ് 32) യോഗ്യത നേടും. ടൂർണമെന്‍റിലെ ആകെ മത്സരങ്ങളുടെ എണ്ണം 104-ൽ നിന്ന് 128 ആയി ഉയരും. ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലൂടെ കൂടുതൽ രാജ്യങ്ങൾക്ക് ആഗോള വേദിയിൽ പന്തുതട്ടാൻ അവസരം ലഭിക്കുമെങ്കിലും, ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങളും ഉയർന്നുകഴിഞ്ഞു.
യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫ പ്രമുഖ ആഭ്യന്തര ലീഗുകൾ, കളിക്കാരുടെ യൂണിയനുകൾ എന്നിവർ ഫിഫയുടെ ഈ ലോകകപ്പ് വിപുലീകരണ നീക്കത്തെ ശക്തമായി എതിർക്കുകയാണ്. കനത്ത മത്സരക്രമം കാരണം കളിക്കാർ ഇതിനകം തന്നെ കടുത്ത ശാരീരിക-മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, മത്സരങ്ങൾ വീണ്ടും കൂട്ടുന്നത് കളിക്കാരുടെ കരിയറിനെ ബാധിക്കുമെന്നുമാണ് ഇവരുടെ പ്രധാന ആശങ്ക. 2030 ലോകകപ്പ് ചരിത്രത്തിലാദ്യമായി മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളിലായാണ് (സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ, ഉറുഗ്വേ, അർജന്‍റീന, പരാഗ്വേ) നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ മാത്രമാകും അര്‍ജന്‍റീനയിലും യുറുഗ്വായിലും പരാഗ്വായിലും നടക്കുക. ദക്ഷിണ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ മുന്നോട്ടുവെച്ച ഈ 64 ടീം നിർദ്ദേശത്തിന് ഫിഫ ഗ്രീൻ സിഗ്നൽ നൽകുകയാണെങ്കിൽ, 2030-ലേത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായി മാറും.
