തുടരെ ഒമ്പത് മത്സരങ്ങളില്‍ ജയമില്ലാതെ, ആത്മവിശ്വാസം നഷ്ടപ്പെട്ട മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ആശ്വാസത്തിന്റെ പിടിവള്ളിയായിരുന്നു യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ എ എസ് റോമക്കെതിരെ നേടിയ ജയം.
ലണ്ടന്‍: തുടരെ ഒമ്പത് മത്സരങ്ങളില്‍ ജയമില്ലാതെ, ആത്മവിശ്വാസം നഷ്ടപ്പെട്ട മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ആശ്വാസത്തിന്റെ പിടിവള്ളിയായിരുന്നു യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ എ എസ് റോമക്കെതിരെ നേടിയ ജയം. ഓള്‍ഡ്ട്രഫോര്‍ഡില്‍ ഇറ്റാലിയന്‍ ക്ലബ്ബിനെ എതിരേറ്റ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പതിവ് പോലെ പരാജയം മുഖാമുഖം കണ്ടു. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ക്ക് റോമ മുന്നിലെത്തി. എന്നാല്‍, രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കണക്ക് തീര്‍ത്തു.
രണ്ട് ഗോളുകള്‍ നേടിയ മാത്യൂസ് കുന്‍ഹ അവസാന മിനുട്ടില്‍ ചുവപ്പ് കാര്‍ഡ് കണ്ടതു പോലുള്ള നാടകീയ മുഹൂര്‍ത്തങ്ങളും അരങ്ങേറി. കുന്‍ഹയുടെ വിജയഗോളിന് അസിസ്റ്റ് ചെയ്ത പകരക്കാരന് ഷി ലാസെയാണ് യുനൈറ്റഡിന്റെ താരോദയം. 75 താം മിനിറ്റില്‍ അമദ് ഡിയാലോയ്ക്ക് പകരക്കാരനായി കളത്തിലിറങ്ങിയ 19 കാരനായ ഷി ലാസെ പതിനഞ്ച് മിനുട്ട് നേരമാണ് കളിച്ചത്. ഈ സമയം കൊണ്ട് മത്സരഗതി തന്നെ യുവതാരം മാറ്റി മറിച്ചു. ആദ്യ പകുതിയില്‍ മാറ്റിയാസ് സൂലെ, ഡോണ്യല് മാലെന് എന്നിവരിലൂടെ റോമ 2-0ന് മുന്നിലെത്തി. എന്നാല്‍, രണ്ടാം പകുതിയില്‍ ബ്രൂണോ ഫെര്‍നാണ്ടസിന്റെ പെനാല്‍റ്റി ഗോളില്‍ യുനൈറ്റഡ് തിരിച്ചു വരവ് നടത്തി. മാത്യൂസ് കുന്‍ഹ ഇരട്ട ഗോളുകള്‍ നേടിയതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തം തട്ടകത്തില്‍ മാനം രക്ഷിച്ചു.
മാഞ്ചസ്റ്റര്‍ കോച്ച് മൈക്കല്‍ കാരിക്കിന് ഒട്ടും പ്രതീക്ഷ നല്കുന്ന തുടക്കമില്ല ആദ്യ പകുതിയില്‍ ലഭിച്ചത്. ഒരു ഷോട്ട് പോലും ടാര്‍ഗറ്റിലേക്ക് പായിക്കാന്‍ ഇംഗ്ലീഷ് ക്ലബ്ബിന് സാധിച്ചില്ല. ഹാംസ്ട്രിംഗ് ഇഞ്ചുറി കാരണം കാര്‍ലോസ് ബലേബ കളം വിടുകയും പകരം യൂറി ടെലെമാന്‍സ് വരികയും ചെയ്തത് മാഞ്ചസ്റ്ററിന്റെ കളിയില്‍ മാറ്റം വരുത്തി. കുന്‍ഹയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് റെഡ് ഡെവിള്‍സിന് പിടിവള്ളിയായത്. ബ്രൂണോ പെനാല്‍റ്റി എടുത്തു, അത് പാഴായി. ഭാഗ്യം, ബോക്സിലേക്ക് റോമ താരങ്ങള്‍ കയറിയതിന് പെനാല്‍റ്റി മാറ്റിയെടുക്കാന്‍ വിധിച്ചു. അത് ഗോളാക്കി ബ്രൂണോ തിരിച്ചുവരവിന് തുടക്കമിട്ടു. ഷി ലാസെ പകരക്കാരനായി ഇറങ്ങിയതോടെ യുനൈറ്റഡിന്റെ ഗോളവസരങ്ങള്‍ വര്‍ധിച്ചു. യുവതാരത്തിന്റെ മികവിനെ കോച്ച് മൈക്കല്‍ കാരിക് പ്രത്യേകം പ്രശംസിച്ചു. ക്ലബ്ബ് ആരാധകര്‍ ഷി ലാസെക്ക് സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഇടം നല്‍കണമെന്നാവശ്യം ഉന്നയിച്ചു. എ സീരിയസ് ടാലന്റ് എന്നാണ് പത്തൊമ്പതുകാരനെ കുറിച്ച് യുനൈറ്റഡ് ആരാധകര്‍ കമെന്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK




