ഇൻഫാന്‍റിനോ തെറിക്കുമോ?; പോര് മുറുകുന്നു; ഫിഫ പ്രസിഡന്‍റ് പദവിയിൽ പകരക്കാരാനാവാൻ കച്ച മുറുക്കി പ്രമുഖര്‍

Published : Aug 04, 2026, 01:40 PM IST
Gianni Infantino

Synopsis

ഇൻഫാന്‍റിനോയുടെ കസേര തെറിപ്പിക്കാൻ ആഗോള ഫുട്ബോളിലെ പ്രമുഖ ശക്തികേന്ദ്രങ്ങൾ ഒന്നിക്കുമ്പോള്‍ അടുത്ത പ്രസിഡന്‍റാവാൻ സാധ്യതയുള്ളവര്‍ ആരൊക്കെയെന്ന് നോക്കാം.

സൂറിച്ച്: ഫിഫ പ്രസിഡന്‍റ്സ്ഥാനത്ത് ജിയാനി ഇൻഫാന്‍റിനോയ്ക്ക് എതിരില്ലാതെ നാലാം ടേം ഉറപ്പാണെന്ന കണക്കുകൂട്ടലുകൾ തെറ്റുന്നു. ലോകകപ്പിന്‍റെ വാണിജ്യാവകാശങ്ങൾ വെട്ടിച്ചുരുക്കി സ്വകാര്യ കമ്പനിക്ക് വിൽക്കാനുള്ള വിവാദ നീക്കം പാളിയതോടെ, ഇൻഫാന്‍റിനോയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ആഗോള ഫുട്ബോൾ ലോകത്ത് പ്രതിഷേധം കനക്കുകയാണ്. ഇംഗ്ലണ്ട്, വെയിൽസ്, സെർബിയ തുടങ്ങിയ മുൻനിര ഫുട്ബോൾ അസോസിയേഷനുകൾ ഇൻഫാന്‍റിനോയ്ക്കുള്ള പിന്തുണ പരസ്യമായി പിൻവലിച്ചതോടെ, 2027 മാർച്ച് 18-ന് മൊറോക്കോയിലെ റബാറ്റിൽ നടക്കുന്ന ഫിഫ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അധികാരപ്പോരാട്ടം കനക്കുമെന്നുറപ്പായി.

ഇൻഫാന്‍റിനോയുടെ കസേര തെറിപ്പിക്കാൻ ആഗോള ഫുട്ബോളിലെ പ്രമുഖ ശക്തികേന്ദ്രങ്ങൾ ഒന്നിക്കുമ്പോള്‍ അടുത്ത പ്രസിഡന്‍റാവാൻ സാധ്യതയുള്ളവര്‍ ആരൊക്കെയെന്ന് നോക്കാം.

കോൺകാകാഫ് പ്രസിഡന്‍റും ഫിഫ വൈസ് പ്രസിഡന്‍റുമായ വിക്ടർ മോണ്ടഗ്ലിയാനിക്കാണ് ഇൻഫാന്‍റിനോയ്‌ക്കെതിരെ മത്സരിക്കാൻ ഏറ്റവും കൂടുതല്‍ സാധ്യത കൽപ്പിക്കപ്പെടുന്നത്. കനേഡിയൻ വ്യവസായി കൂടിയായ വിക്ടർ മോണ്ടഗ്ലിയാനിക്ക് നോർത്ത്-സെൻട്രൽ അമേരിക്കൻ രാജ്യങ്ങളുടെ പിന്തുണയ്ക്ക് പുറമെ, ഇൻഫാന്‍റിനോയ്ക്ക് എതിരെ നില്‍ക്കുന്ന യുവേഫയുടെ പിന്തുണ കൂടി ലഭിക്കാനിടയുണ്ട്. എന്നാല്‍ കഴിഞ്ഞ ദശാബ്ദത്തോളമായി ഫിഫ ഭരണസമിതിയുടെ ഭാഗമായി പ്രവർത്തിച്ച വ്യക്തിയാണെന്നത് പ്രതിപക്ഷ മുദ്രാവാക്യങ്ങളുടെ മൂർച്ച കുറച്ചേക്കാമെന്നതാണ് പ്രധാന വെല്ലുവിളി.

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്‍റായ ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫയാണ് സാധ്യകളില്‍ രണ്ടാമത്. 2016-ലെ തിരഞ്ഞെടുപ്പിൽ ഇൻഫാന്‍റിനോയോട് നേരിയ വ്യത്യാസത്തിലാണ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം പരാജയപ്പെട്ടത്. ഏഷ്യയിലെയും ആഫ്രിക്കയിലെയും വോട്ട് ബാങ്കുകളിൽ ശക്തമായ സ്വാധീനമുണ്ട്. 2011-ൽ ബഹ്റൈനിൽ നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ ഉയർന്ന പഴയ ആരോപണങ്ങളാണ് തിരിച്ചടിയാകാന്‍ സാധ്യതതയുള്ളത്.

യൂറോപ്യൻ രാജ്യങ്ങളുടെ സംഘടനയായ യുവേഫയുടെ പ്രസിഡന്‍റായ അലക്സാണ്ടർ സെഫെറിൻ ആണ് സാധ്യതയുള്ള മറ്റൊരാള്‍. എന്നാല്‍ ഇൻഫാന്‍റിനോയുടെ പ്രമുഖ എതിരാളിയായ സെഫെറിനെ നേരിട്ട് മത്സരരംഗത്തിറക്കുന്നതിനേക്കാൾ യൂറോപ്പിന് പുറത്ത് സ്വീകാര്യനായ മോണ്ടഗ്ലിയാനിയെപ്പോലൊരു പൊതുസ്ഥാനാർത്ഥിയെ പിന്തുണച്ച് പിന്നണിയിൽ കരുക്കൾ നീക്കാനാണ് യുവേഫ ആലോചിക്കുന്നത്.

നോർവീജിയൻ അസോസിയേഷൻ ലിസ ക്ലാവ്നെസ്, ആഫ്രിക്കൻ രാജ്യങ്ങളുടെ സംഘടനയായ കാഫ് ൽ നിന്ന് പട്രീസ് മോട്സെപെ എന്നിവരും മത്സരരംഗത്തിറങ്ങാൻ സാധ്യതയുള്ളവരാണ്. എന്നാല്‍ ലിസ ക്ലാവ്നെസിന് ശക്തയായ ഭരണപരിഷ്കർത്താവ് എന്ന പ്രതിച്ഛായ ഉണ്ടെങ്കിലും ആവശ്യത്തിന് വോട്ട് ബാങ്കില്ല. പട്രീസ് മോട്സെപെയാകട്ടെ ഇൻഫാന്‍റിനോ അനുകൂലിയുമാണ്.

എതിർപ്പുകൾ കനക്കുന്നുണ്ടെങ്കിലും ഇൻഫാന്‍റിനോയെ പൂർണ്ണമായി തള്ളിക്കളയാനാവില്ല. ഫിഫയിലെ 211 അംഗരാജ്യങ്ങൾക്കും ഒരേ വോട്ടവകാശമാണുള്ളത്. വികസന ഫണ്ടുകളും അടിസ്ഥാനസൗകര്യ ഗ്രാന്‍റുകളും നൽകി ചെറിയ രാജ്യങ്ങളെ ഒപ്പം നിർത്താൻ ഇൻഫാന്‍റിനോ മുൻപും മിടുക്ക് കാണിച്ചിട്ടുണ്ട്. എങ്കിലും പ്രസിഡന്‍റ് സ്ഥാനത്തേക്ക് നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതിയായ നവംബർ 18-ന് മുൻപ് പ്രതിപക്ഷ ചേരി പൊതുസ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ, ഇൻഫാന്‍റിനോയുടെ പതിറ്റാണ്ട് നീണ്ട ഭരണത്തിന് അന്ത്യമാകുമെന്നാണ് കായിക ലോകത്തിന്‍റെ വിലയിരുത്തൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്രിസ്റ്റ്യാനോ റൊണാൾഡോ-ജോർജീന റോഡ്രിഗ്സ് വിവാഹം ശനിയാഴ്ച, അതിഥികളുടെ പട്ടിക പുറത്ത്; മെസിയെത്തുമോ എന്നതില്‍ ആകാംക്ഷ
ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയ്ക്ക് യുവേഫയുടെ 'റെഡ് കാർഡ്'; പണി കൊടുത്ത് ഇംഗ്ലണ്ടും വെയിൽസും