യുവേഫ നേഷൻസ് ലീഗിനുള്ള പോർച്ചുഗൽ ടീമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുതിയ കോച്ച് ജോർജ് ജെസ്യൂസ് ഉൾപ്പെടുത്തി. എന്നാൽ പ്ലെയിങ് ഇലവനിൽ റൊണാൾഡോയ്ക്ക് സ്ഥാനം ഉറപ്പില്ലെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും അവസരമെന്നും കോച്ച് വ്യക്തമാക്കി.
ലിസ്ബണ്‍: വരാനിരിക്കുന്ന യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്കായുള്ള പോര്‍ച്ചുഗല്‍ സ്‌ക്വാഡില്‍ 41 കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഉള്‍പ്പെടുത്തി. റോബര്‍ട്ട് മാര്‍ട്ടിനസിന് ശേഷം പോര്‍ച്ചുഗലിന്റെ പുതിയ മുഖ്യ പരിശീലകനായി ചുമതലയേറ്റ ജോര്‍ജ് ജെസ്യൂസ് തന്റെ ആദ്യ സ്‌ക്വാഡ് പ്രഖ്യാപനത്തിലാണ് പരിചയസമ്പന്നനായ നായകനെ നിലനിര്‍ത്തിയിരിക്കുന്നത്.
ഈ വര്‍ഷത്തെ ഫിഫ ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കുമെന്ന് റൊണാള്‍ഡോ സൂചിപ്പിച്ചിരുന്നെങ്കിലും, രാജ്യാന്തര കരിയര്‍ എപ്പോഴാണ് അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 2026 ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറേറ്റില്‍ സ്‌പെയിനിനോട് തോറ്റതിനെത്തുടര്‍ന്നാണ് മാര്‍ട്ടിനസ് സ്ഥാനമൊഴിഞ്ഞത്. തുടര്‍ന്ന് ചുമതലയേറ്റ ജെസ്യൂസ് മുന്‍പ് സൗദി ക്ലബ്ബായ അല്‍-നസ്സറില്‍ റൊണാള്‍ഡോയുടെ പരിശീലകനായിരുന്നു.
പുതിയ ടീമില്‍ റൊണാള്‍ഡോയുടെ സ്റ്റാറ്റസ് പ്ലെയിങ് ഇലവനില്‍ സ്ഥാനം ഉറപ്പുനല്‍കുന്നില്ലെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും താരങ്ങളെ പരിഗണിക്കുകയെന്നും ജെസ്യൂസ് വ്യക്തമാക്കി. കരിയറില്‍ ഇതുവരെ 979 ഗോളുകള്‍ നേടിയിട്ടുള്ള റൊണാള്‍ഡോ 1000 ഗോളുകള്‍ തികയ്ക്കാന്‍ തൊട്ടടുത്താണ്. എങ്കിലും നാഷണല്‍ ടീമിനെക്കാള്‍ അല്‍-നസ്സറിനൊപ്പം താരം ഈ നാഴികക്കല്ല് പിന്നിടാനാണ് സാധ്യതയെന്ന് ജെസ്യൂസ് അഭിപ്രായപ്പെട്ടു. പോര്‍ച്ചുഗല്‍ സ്‌ക്വാഡിലെ ഗോള്‍കീപ്പര്‍മാര്‍, ഡിഫന്‍ഡര്‍മാര്‍, മിഡ്ഫീല്‍ഡര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള മുഴുവന്‍ അംഗങ്ങളെയും പരിശീലകന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഗോള്‍കീപ്പര്‍മാര്‍: ഡിയോഗോ കോസ്റ്റ, റൂയി സില്‍വ, സാമുവല്‍ സുവാരസ്
ഡിഫന്‍ഡര്‍മാര്‍: ജോവോ കാന്‍സെലോ, ഡിയോഗോ ഡാലോട്ട്, റൂബന്‍ ഡിയാസ്, തോമാസ് അരൗജോ, റെനാറ്റോ വെയ്ഗ, ഗോണ്‍കാലോ ഇനാസിയോ, നൂനൊ മെന്‍ഡസ്, നൂനൊ തവാരെസ്.
മിഡ്ഫീല്‍ഡര്‍മാര്‍: ജോവോ പാലിന്യ, റൂബന്‍ നെവേസ്, വിറ്റിന്യ, ജോവോ നെവേസ്, ബെര്‍ണാഡോ സില്‍വ, ബ്രൂണോ ഫെര്‍ണാണ്ടസ്.
ഫോര്‍വേഡുകള്‍: ഫ്രാന്‍സിസ്‌കോ കൊന്‍സെകാവോ, ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോ, റഫേല്‍ ലിയാവോ, പെഡ്രോ നെറ്റോ, ജോവോ ഫെലിക്‌സ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗോണ്‍കാലോ റാമോസ്, ഫാബിയോ സില്‍വ.

