
ലണ്ടൻ/സൂറിച്ച്: ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയ്‌ക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളുമായി ഇംഗ്ലീഷ് മാധ്യമങ്ങള്‍. യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയുടെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കവെ, വ്യക്തിപരമായ ബന്ധങ്ങളുടെ പേരിൽ ഒരു ജീവനക്കാരിക്ക് അനർഹമായ ആനുകൂല്യങ്ങളും വൻതുകയും നൽകിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. ബ്രിട്ടീഷ് മാധ്യമമായ 'ദി ഡെയ്‌ലി ടെലിഗ്രാഫ്' ആണ് അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത്.
യുവേഫയിൽ സാങ്കേതിക തസ്തികയിലുണ്ടായിരുന്ന ജീവനക്കാരിക്ക് നിയമവിരുദ്ധമായി വലിയ തുകയുടെ സ്ഥാനക്കയറ്റവും വൻ ശമ്പളവർധനവും നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. തുടര്‍ന്ന് സ്ഥാപനം വിട്ടുപോയപ്പോൾ ആറക്ക തുക സാമ്പത്തിക ആനുകൂല്യമായും ഉന്നത പഠനത്തിനുള്ള ഫീസായും യുവേഫ നൽകി. 2009 മുതൽ 2016 വരെയുള്ള കാലയളവിൽ യുവേഫ ജനറൽ സെക്രട്ടറിയായിരിക്കെ, വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് മറ്റ് ഡയറക്ടർമാരുടെ എതിർപ്പ് മറികടന്നാണ് ഇൻഫാന്‍റിനോ ഇത് നടപ്പാക്കിയതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ജീവനക്കാരിക്ക് സർവീസ് അവസാനിപ്പിച്ചപ്പോൾ സാമ്പത്തിക ആനുകൂല്യവും ബിസിനസ് സ്കൂളിലെ എം.ബി.എ പഠനത്തിനുള്ള തുകയും നൽകിയിട്ടുണ്ടെന്ന് യുവേഫ സ്ഥിരീകരിച്ചു. എന്നാൽ അന്നത്തെ ചട്ടങ്ങൾ പാലിച്ചാണ് തുക കൈമാറിയതെന്നും നിലവിൽ ഇത്തരം കാര്യങ്ങളിൽ കർശനമായ നിബന്ധനകൾ നിലവിലുണ്ടെന്നും യുവേഫ വക്താവ് അറിയിച്ചു. അതേസമയം, ഇൻഫാന്‍റിനോയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് ഫിഫ വക്താവ് പ്രതികരിച്ചു.
ഇൻഫാന്‍റിനോയുടെയോ യുവേഫയുടെയോ ഭാഗത്തുനിന്ന് ചട്ടലംഘനങ്ങൾ ഉണ്ടായിട്ടില്ലെന്നും അത്തരം വാദങ്ങൾ അപകീർത്തികരമാണെന്നും ഫിഫ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. വാണിജ്യ ഇടപാടുകളിലെ മുൻ തീരുമാനങ്ങളെത്തുടർന്ന് ഇൻഫാന്‍റിനോ ഫിഫ പ്രസിഡന്‍റ് പദവി ഒഴിയണമെന്ന ആവശ്യം വിവിധ ഫുട്ബോൾ അസോസിയേഷനുകളിൽ നിന്ന് ശക്തമായി ഉയരുന്നതിനിടയിലാണ് പുതിയ വിവാദം ഇൻഫാന്‍റിനോയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!