മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം; ചരിത്രം കുറിച്ച് എംബാപ്പെ

Published : Jul 19, 2026, 04:46 AM IST
FIFA World Cup Losers Final

Synopsis

ഫിഫ ലോകകപ്പ് 2026-ലെ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ഇംഗ്ലണ്ട് ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തി. ബുക്കായോ സാകയുടെ ഹാട്രിക് മികവിൽ ഇംഗ്ലണ്ട് നേടിയ ഈ വിജയം, 1966-ന് ശേഷമുള്ള അവരുടെ ഏറ്റവും മികച്ച ലോകകപ്പ് നേട്ടമായി മാറി. കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകൾ ഫ്രാൻസിനെ രക്ഷിച്ചില്ല.

മിയാമി: ഫിഫ ലോകകപ്പ് 2026-ന്റെ മൂന്നാം സ്ഥാനക്കാർക്കായുള്ള ആവേശപ്പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം. ഫ്ലോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന ഗോളടിപ്പൂരത്തിനൊടുവിൽ നാലിനെതിരെ ആറ് ഗോളുകൾക്കാണ് ഇംഗ്ലണ്ട് വിജയം പിടിച്ചടക്കിയത്. 1966-ൽ ലോകകിരീടം നേടിയ ശേഷം ഇംഗ്ലണ്ട് ലോകകപ്പ് ചരിത്രത്തിൽ നേടുന്ന ഏറ്റവും മികച്ച നേട്ടമാണിത്.

മത്സരത്തിലുടനീളം ഇംഗ്ലണ്ടിന്റെ ബുക്കായോ സാക ഹാട്രിക് ഗോളുകളുമായി തിളങ്ങി. ഫ്രാൻസിന് വേണ്ടി സൂപ്പർ താരം കിലിയൻ എംബാപ്പെ ഇരട്ട ഗോളുകൾ നേടിയെങ്കിലും ഫ്രഞ്ച് പടയെ വിജയത്തിലെത്തിക്കാൻ അത് മതിയായില്ല. എങ്കിലും ഈ സീസണിലെയും ഏക്കാലത്തെയും ഗോൾവേട്ടക്കാരിൽ എംബാപ്പെ ഒന്നാമതെത്തി. ഈ സീസണിൽ 10 ഗോളും ആകെ 22 ഗോളുകളുമാണ് അദ്ദേഹത്തിൻ്റെ നേട്ടം. ലയണൽ മെസിയാണ് തൊട്ടുപിന്നിൽ.

കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ഡെക്ലൻ റൈസിലൂടെ ഇംഗ്ലണ്ട് ലീഡ് എടുത്തു. 18-ാം മിനിറ്റിൽ എസ്രി കോൻസയും, 37, 45+1 മിനിറ്റുകളിൽ ബുക്കായോ സാകയും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയിൽ ഇംഗ്ലണ്ട് 4-0 ന് മുന്നിലെത്തി. തീർത്തും നിരാശരായി ആദ്യ പകുതിയുടെ ഇടവേളയ്ക്ക് പിരിഞ്ഞ ഫ്രാൻസ് വർധിതവീര്യത്തോടെ തിരികെ വന്നതാണ് രണ്ടാംപകുതിയിൽ കണ്ടത്. തന്ത്രങ്ങൾ മാറ്റിയ ഫ്രാൻസ് ശക്തമായി തിരിച്ചടിച്ചു. 48, 66 മിനിറ്റുകളിൽ കിലിയൻ എംബാപ്പെയും 54-ാം മിനിറ്റിൽ ബ്രാഡ്‌ലി ബാർക്കോളയും ഫ്രാൻസിനായി സ്കോർ ചെയ്തതോടെ കളിയിലെ ലീഡ് 4-3 ആയി കുറഞ്ഞു. എന്നാൽ കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ഇംഗ്ലണ്ട് വീണ്ടും കളം നിറഞ്ഞു. 87-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സാക തന്റെ ഹാട്രിക് തികച്ചു (5-3). തൊട്ടുപിന്നാലെ ഇഞ്ചുറി ടൈമിൽ (90+6) ഉസ്മാൻ ഡെംബെലെ ഫ്രാൻസിൻ്റെ നാലാം ഗോൾ കണ്ടെത്തിയെങ്കിലും 90+8-ാം മിനിറ്റിൽ ജൂഡ് ബെല്ലിംഗം ഇംഗ്ലണ്ടിന്റെ ആറാം ഗോൾ നേടി വിജയം ഉറപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോകകപ്പ് ലൂസേഴ്‌സ് ഫൈനൽ: രണ്ടാം പകുതിയിൽ തിരിച്ചടിച്ച് ഫ്രാൻസിന്റെ ഗംഭീര തിരിച്ചുവരവ്; ഗോൾ വേട്ടയിൽ മെസ്സിയെ മറികടന്ന് എംബാപ്പെ
ലോകകപ്പ് ലൂസേഴ്‌സ് ഫൈനൽ: ഫ്രാൻസിനെ കാഴ്‌ചക്കാരാക്കി ഇംഗ്ലണ്ടിന്റെ തേരോട്ടം: ആദ്യപകുതിയിൽ 0-4; സാക്കയ്ക്ക് ഇരട്ട ഗോൾ