ഫിഫ ലോകകപ്പ് 2026-ലെ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ഫ്രാൻസിനെതിരെ ഇംഗ്ലണ്ട് ആദ്യ പകുതിയിൽ 4-0ന് മുന്നിലാണ്. ഡിക്ലാൻ റൈസ്, കോൻസ, സാക്ക (2) എന്നിവർ ഇംഗ്ലണ്ടിനായി ഗോളുകൾ നേടി. സൂപ്പർ താരം എംബാപ്പെയുടെ സാന്നിധ്യത്തിലും ഫ്രാൻസിന് ആദ്യ പകുതിയിൽ തിളങ്ങാനായില്ല.
മയാമി: ഫിഫ ലോകകപ്പ് 2026-ന്റെ മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ ഫ്രാൻസിനെതിരെ ഇംഗ്ലണ്ടിന് സ്വപ്നതുല്യമായ തുടക്കം. മയാമി സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശകരമായ മത്സരത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ഇംഗ്ലണ്ട് മുന്നിലാണ്. നായകൻ ഹാരി കെയ്‌നെ ബെഞ്ചിലിരുത്തി ഡിക്ലാൻ റൈസിന് ക്യാപ്റ്റൻ തൊപ്പി നൽകിയുള്ള തികച്ചും വ്യത്യസ്തമായ ഒരു ഫോർമേഷനിലാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങിയത്.
കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ക്യാപ്റ്റൻ ഡിക്ലാൻ റൈസിലൂടെ ഇംഗ്ലണ്ട് ആദ്യ ഗോൾ നേടി. ഫ്രാൻസിൻ്റെ പ്രതിരോധനിരയെ കാഴ്ചക്കാരാക്കി കോൻസ ഇംഗ്ലണ്ടിന് വേണ്ടി 18ാം മിനിറ്റിൽ വീണ്ടും വല കുലുക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് 37, 45+1 മിനിറ്റുകളിൽ രണ്ട് തവണ വല കുലുക്കി സാക്ക ഇംഗ്ലണ്ടിന്റെ ലീഡ് 4-0 ആയി ഉയർത്തി.
ഫ്രഞ്ച് കോച്ചായിട്ടുള്ള തന്റെ 14 വർഷം നീണ്ട കരിയറിലെ അവസാന മത്സരത്തിനാണ് ദിദിയർ ദെഷാംപ്സ് ഇന്ന് ഫ്രാൻസിനെ നയിക്കുന്നത്. സൂപ്പർ താരം കിലിയൻ എംബാപ്പെ മുന്നേറ്റനിരയിലുണ്ടായിട്ടും ഇംഗ്ലണ്ടിന്റെ തകർപ്പൻ അക്രമണ ശൈലിക്ക് മുന്നിൽ ആദ്യ പകുതിയിൽ ഫ്രാൻസിന് ഒന്നും ചെയ്യാനായില്ല.


