
കൊച്ചി: പകരക്കാരനായി വന്ന ഗോള്‍കീപ്പര്‍ ദേബ്‌ജിത്ത് മജൂംദാര്‍ രണ്ട് കിക്കുകള്‍ തടുത്തിട്ട് ഹീറോയായി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരില്‍ ഫോഴ്‌സ കൊച്ചി എഫ് സി ഷൂട്ടൗട്ടില്‍ തൃശൂര്‍ മാജിക് എഫ് സിയെ (4-2) വീഴ്‌ത്തി കരുത്തറിയിച്ചു. നിശ്ചിത സമയത്ത് സ്‌കോര്‍ 2-2. ആറ് കളികളില്‍ അഞ്ചാം ജയം നേടിയ ഫോഴ്‌സ കൊച്ചി സൂപ്പര്‍ ലീഗ് കേരളയുടെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 13 പോയിന്റാണ് ഫോഴ്‌സക്ക്. ആറ് കളികളില്‍ നാല് പോയിന്റുള്ള തൃശൂര്‍ ആറാം സ്ഥാനത്ത്.
നിശ്ചിത സമയത്ത് കൊച്ചിക്കായി നാഹുവല്‍ പെരേരയും രാഹുല്‍ രാജുവും സ്‌കോര്‍ ചെയ്‌തു. തൃശൂരിന്റെ രണ്ട് ഗോളുകളും പെനാല്‍റ്റിയിലൂടെ സെര്‍ജിയോ ഗില്‍ നേടി. ഷൂട്ടൗട്ടില്‍ ജിയാദ്, ഷിഹാസ് എന്നിവരുടെ കിക്കുകളാണ് ഫോഴ്‌സ കൊച്ചിയുടെ ഗോളി ദേബ്‌ജിത്ത് തടഞ്ഞത്. മത്സരത്തിലെ ആദ്യ അവസരം ഒൻപതാം മിനിറ്റിൽ കൊച്ചിക്ക്. എലിട്ടൻ ജൂനിയർ ഉയർത്തിനൽകിയ പന്തിൽ റെനാൻ റോച്ചയുടെ ഹെഡർ തൃശൂർ ഗോൾകീപ്പർ കമാലുദ്ദീൻ ഉജ്ജ്വലമായി ക്രോസ് ബാറിന് മുകളിലൂടെ തട്ടിയകറ്റി.
അഞ്ചു മിനിറ്റിനകം കൊച്ചിക്ക് ലീഡ്. കോർണറിൽ നിന്നെത്തിയ പന്ത് ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ വലയിലെത്തിച്ചത് ക്യാപ്റ്റൻ നാഹുവൽ പരേര (1–0). എന്നാൽ ഗോൾ അനുവദിച്ചതിനെതിരെ തൃശൂർ രംഗത്തെത്തി. ഗോളിന് തൊട്ടുമുമ്പ് ഹാൻഡ്ബോൾ ഉണ്ടെന്നായിരുന്നു വാദം. റഫറിമാരുമായുള്ള തർക്കത്തിനിടെ തൃശൂർ ഗോൾകീപ്പർ കോച്ച് റെക്സ് ഗബ്രിയേൽ ഫ്രാങ്ട്ടനും മാനേജർ സുശാന്ത് മാത്യുവും ചുവപ്പുകാർഡ് കണ്ടു. തുടർന്നുണ്ടായ പ്രതിഷേധവും തർക്കവും കാരണം മത്സരം അരമണിക്കൂറോളം തടസ്സപ്പെട്ടു.
25-ാം മിനിറ്റിൽ ലീഡുയർത്താൻ കൊച്ചിക്ക് സുവർണാവസരം ലഭിച്ചെങ്കിലും അലൻ സജി പന്ത് കൈകാര്യം ചെയ്യാൻ വൈകി. 43-ാം മിനിറ്റിൽകൊച്ചി ഗോളി ജെയ്മി ജോയിയെ മറികടന്ന വാലന്റീൻ പന്ത് പോസ്റ്റിലേക്ക് ഉയർത്തിയടിച്ചു, എന്നാൽ പ്രതിരോധം കൃത്യസമയത്ത് ഇടപെട്ട് അപകടമൊഴിവാക്കി. ആദ്യപകുതി കൊച്ചിയുടെ ഒരു ഗോൾ ലീഡിൽ അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹരികൃഷ്ണനെ പിൻവലിച്ച് അഫ്സലിനെ ഇറക്കിയ തൃശൂർ ആക്രമണത്തിന് മൂർച്ച കൂട്ടി. 59-ാം മിനിറ്റിൽ അഫ്സലിനെ സൽമാൻ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി സ്പാനിഷ് താരം സെർജിയോ ഗിൽ ലക്ഷ്യത്തിലെത്തിച്ചതോടെ തൃശൂർ ഒപ്പമെത്തി (1–1). എന്നാൽ നാലു മിനിറ്റിനകം കൊച്ചി ലീഡ് തിരിച്ചുപിടിച്ചു. സീസണിലെ ആറാം ഗോൾ നേടിയ രാഹുൽ രാജുവായിരുന്നു സ്കോറർ (2–1).
68-ാം മിനിറ്റിൽ തൃശൂർ തിരിച്ചടിച്ചു. അൻഷിദിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി സെർജിയോ ഗിൽ തന്നെ വലയിലെത്തിച്ചു. സ്കോർ വീണ്ടും തുല്യമായി (2–2). പിന്നാലെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു.
ആറാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ശനിയാഴ്ച (ഒക്ടോബർ 31) കണ്ണൂർ വാരിയേഴ്‌സ് എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സിയുമായി മത്സരിക്കും. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30ന്. ഇരു ടീമുകളും ആദ്യ പാദത്തിൽ മത്സരിച്ചപ്പോൾ ഷൂട്ടൗട്ടിൽ കൊമ്പൻസിനായിരുന്നു ജയം.
മത്സരം തത്സമയം കാണാൻ: സീ5 (ഇന്ത്യ), ഇത്തിസാലാത്ത് ടിവി (യുഎഇ), സ്റ്റാർസ്പ്ലേ (മിഡിൽ ഈസ്റ്റ് & വടക്കേ ആഫ്രിക്ക മേഖല)
ടിക്കറ്റുകൾക്ക് https://www.superleaguekerala.com/tickets സന്ദർശിക്കുക. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!