
പോര്‍ട്ടോ പ്രിന്‍സ്: അരനൂറ്റാണ്ടിനുശേഷം ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത നേടി ഹെയ്തി. ആഭ്യന്തര കലാപവും പട്ടിണിയും മൂലം പൊറുതിമുട്ടുന്ന, ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹെയ്തി ജനതയുടെ ആഭിമാനം ഉയര്‍ത്തുന്നതാണ് ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ ചരിത്രനേട്ടം. ആഭ്യന്തര കലാപം രൂക്ഷമായ ഹെയ്തിയില്‍ സ്വന്തം രാജ്യത്ത് കളിക്കാന്‍ പോലുമാകാതെയാണ് ടീമിന്‍റെ വിസ്മയനേട്ടമെന്നതാണ് സവിശേഷത. രാജ്യത്തുനിന്ന് 500 മൈല്‍ അകലെയുള്ള ക്യുറസോ ദ്വീപില്‍ നടന്ന പോരാട്ടത്തില്‍ നിക്കാരഗ്വോയെ എതിരില്ലാത്ത രണ്ട് ഗോളിനു തോല്‍പിച്ചാണ് ഹെയ്തി 1974നുശേഷം ആദ്യമായി ഫുട്ബോള്‍ ലോകകപ്പിന് യോഗ്യത നേടിയത്.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ റുമാനിയയെ എതിരില്ലാത്ത ഒരു ഗോളിനും ഹെയ്തി കീഴടക്കിയിരുന്നു. നിക്കാരഗ്വേക്കെതിരായ ജയത്തോടെ കോണ്‍കാകാഫ് മേഖലയില്‍ നിന്ന് ക്യുറസോയ്ക്കും പനാമക്കുമൊപ്പമാണ് അടുത്തവര്‍ഷം അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിന് ഹെയ്തിയും യോഗ്യത ഉറപ്പാക്കിയത്. 1974ല്‍ കളിച്ച ആദ്യ ലോകകപ്പില്‍ ഇറ്റലി, അര്‍ജന്‍റീന, പോളണ്ട് ടീമുകളോട് തോറ്റ് ആദ്യ റൗണ്ടില്‍ ടീം പുറത്തായിരുന്നു.
2010ലുണ്ടായ അതിശക്തമായ ഭൂചലനം മൂലം തകര്‍ന്നടിഞ്ഞ രാജ്യത്ത് 2023നുശേഷം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാരുമില്ല. കലാപകലുഷിതമായ രാജ്യത്തേക്ക് വിദേശ വിമാനസര്‍വിസുകളെല്ലാം നിര്‍ത്തിവെച്ചതോടെ പരിശീലകന്‍ കോച്ച് സെബാസ്റ്റ്യൻ മിഗ്നെക്ക് രാജ്യത്ത് എത്താന്‍ പോലും കഴിഞ്ഞിരുന്നില്ല. എങ്കിലും യൂറോപ്യന്‍ ലീഗീലും ഫ്രഞ്ച് ലീഗിലുമെല്ലാം കളിച്ച ഹെയ്തിയന്‍ വംശജരായ മികച്ച കളിക്കാരെ ഒരുമിപ്പിച്ചാണ് മിഗ്നെ ടീമിനെ ഒരുക്കിയത്. കഴിഞ്ഞ ഫുട്ബോള്‍ ലോകകപ്പില്‍ കാമറൂണ്‍ ടീമിന്‍റെ സഹപരിശീലകനായിരുന്നു മിഗ്നെ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!