Latest Videos

രണ്ടാം പോരിന് നാളെ ബ്ലാസ്റ്റേഴ്‌സ്; ടീമില്‍ മാറ്റത്തിന് സാധ്യത

By Web TeamFirst Published Nov 25, 2020, 2:20 PM IST
Highlights

ഉദ്ഘാടന മത്സരത്തില്‍ ബകാറി കോനെ-കോസ്റ്റെ പ്രതിരോധ സഖ്യം മാത്രമാണ് മത്സരത്തില്‍ മഞ്ഞപ്പടയ്‌ക്ക് പ്രതീക്ഷ കാത്തത്.

മഡ്‌ഗോവ: ഐഎസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ രണ്ടാം മത്സരത്തിനിറങ്ങും. നോ‍ർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. ബ്ലാസ്റ്റേഴ്‌സ് ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനോട് ഒറ്റഗോളിന് തോറ്റുപ്പോള്‍ കരുത്തരായ മുംബൈ സിറ്റിയെ ഒരു ഗോളിന് തോൽപിച്ചാണ് ഹൈലാൻഡേഴ്‌സ് ഇറങ്ങുന്നത്. 

ആദ്യ മത്സരത്തിൽ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ മാറ്റം ഉണ്ടാവും. ബകാറി കോനെ-കോസ്റ്റെ പ്രതിരോധ സഖ്യം മാത്രമാണ് മത്സരത്തില്‍ മഞ്ഞപ്പടയുടെ പ്രതീക്ഷ കാത്തത്. ഈ സീസണില്‍ ടീമിലെത്തിയ നിഷുകുമാര്‍ പുറത്തിരുന്നത് ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രകടത്തെ ബാധിച്ചു. മധ്യനിരയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയാത്തതാണ് ബ്ലാസ്റ്റേഴ്‌സിന് തലവേദന സൃഷ്‌ടിക്കുന്നത്.  

നിഷു കുമാര്‍ എപ്പോള്‍ ഇറങ്ങും?

'എടികെയ്‌ക്ക് എതിരായ മത്സരത്തില്‍ കളിയുടെ നിയന്ത്രണം നമ്മുടെ കാല്‍കളിലായിരുന്നു എന്നാണ് വിശ്വാസം. എന്നാല്‍ സ്‌കോര്‍ ചെയ്തത് എടികെയാണ്. എല്ലാ ടീമുകള്‍ക്കും മികച്ച സ്‌ക്വാഡുള്ളതിനാല്‍ കടുത്ത മത്സരമാണ് ലീഗില്‍ നടക്കുന്നത്. എങ്കിലും നാളത്തെ മത്സരത്തില്‍ മാത്രമാണ് ശ്രദ്ധ പതിപ്പിക്കുന്നത്. ആദ്യ മത്സരത്തില്‍ ഇറങ്ങാതിരുന്ന കെ പി രാഹുലും നിഷു കുമാറും 100 ശതമാനം ഫിറ്റ്‌നസ് കണ്ടെത്തിയാല്‍ ഉള്‍പ്പെടുത്തും. നിഷു ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്' എന്നും കോച്ച് കിബു വികൂന പറഞ്ഞു. 

സഹല്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ; പിന്തുണച്ച് മുന്‍ കോച്ച് എല്‍കോ ഷാറ്റോറി

click me!