
കൊല്‍ക്കത്ത: ഐ-ലീഗ്(I-League) ഫുട്ബോള്‍ പുനരാരംഭിക്കുന്നു. മാര്‍ച്ച് മൂന്നിന് ലീഗ് തുടങ്ങുമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍(AIFF) അറിയിച്ചു. കൊൽക്കത്തയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാകും മത്സരങ്ങള്‍. കര്‍ശനമായ ബയോ ബബിള്‍ ക്രമീകരിക്കും. ഈ മാസം 20 മുതല്‍ ബയോ ബബിള്‍ സജ്ജീകരിക്കണം. ബബിളിലെത്തി ഏഴ് ദിവസം ഐസോലേഷനില്‍ കഴിഞ്ഞ ശേഷം മൂന്ന് ആര്‍ടിപിസിആര്‍ പരിശോധനകള്‍ നെഗറ്റീവായെങ്കില്‍ മാത്രമേ കളിക്കാര്‍ക്ക് പരിശീലനം തുടങ്ങാനാകൂ.
13 ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന നിലയിലെ മത്സരക്രമത്തിൽ മാറ്റമില്ലെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി. കൊവിഡ് വ്യാപനം കാരണമാണ് ലീഗ് ജനുവരി മൂന്നിന് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചത്. ടീമുകളുടെ ബയോ ബബിളിൽ അൻപതിലേറെ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയായിരുന്നു ഇത്. മൂന്ന് ടീമുകളിലെ അഞ്ച് താരങ്ങൾക്കും ഒരു സപ്പോർട്ട് സ്റ്റാഫിനും കൊവിഡ് ബാധിച്ചതോടെ ആദ്യം നേരത്ത ജനുവരി ആറ് വരെ മത്സരങ്ങൾ നിർത്തിവച്ചിരുന്നു.
കേരളത്തില്‍ നിന്നുള്ള ഗോകുലം കേരള എഫ് സി ഉള്‍പ്പെടെ 13 ടീമുകളാണ് മൂന്ന് വേദികളിലായി നടക്കുന്ന ഇത്തവണത്തെ ഐ ലീഗില്‍ മാറ്റുരക്കുന്നത്. കൊല്‍ക്കത്തയിലെ മോഹന്‍ ബഗാന്‍ ഗ്രൗണ്ട്, കല്യാണി സ്റ്റേഡിയം, നൈഹാതി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.