
കൊല്‍ക്കത്ത: ഐ ലീഗില്‍(I-League) കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായി ഗോകുലം കേരള എഫ് സി(Gokulam Kerala FC). ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ മുഹമ്മദന്‍സ് സ്പോര്‍ട്ടിംഗിനെ(Mohammedan Sporting) ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഗോകുലത്തിന്‍റെ കിരീടനേട്ടം. ദേശീയ ചാമ്പ്യന്‍ഷിപ്പ് ഐ ലീഗ് ആയി രൂപം മാറിയശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടവും ഗോകുലത്തിന് സ്വന്തമായി.
മുഹമ്മദന്‍സിനെതിരായ അവസാന മത്സരത്തില്‍ സമനില നേടിയാലും കിരീടം കൈപ്പിടിയിലെത്തുമായിരുന്ന ഗോകുലം വിജയത്തോടെ തന്നെ കിരീടനേട്ടം ആഘോഷിച്ചു. ലീഗില്‍ 18 മത്സരങ്ങളില്‍ 43 പോയന്‍റുമായാണ് ഗോകുലം ജേതാക്കളായത്. 18 മത്സരങ്ങളില്‍ 37 പോയന്‍റുള്ള മുഹമ്മദന്‍സ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയാലായിരുന്നു മുഴുവന്‍ ഗോളുകളും. 49-ാം മിനിറ്റില്‍ റിഷാദിലൂടെ ഗോകുലം മുന്നിലെത്തി. എന്നാല്‍ ഏഴ് മിനിറ്റിനകം മുഹമ്മദന്‍സിനായി മാര്‍ക്കസ് ജോസഫ് എടുത്ത ഫ്രീ കീക്ക് അസ്ഹറിന്‍റെ കാലില്‍ തട്ടി ഗോകുലത്തിന്‍റെ വലയില്‍ കയറി.
മുഹമ്മദന്‍സിന്‍റെ സമനില ഗോളിന് അഞ്ച് മിനിറ്റിന്‍റെ ആയുസെ ഉണ്ടായിരുന്നുള്ളു. 61-ാം മിനിറ്റില്‍ ഒറ്റക്ക് മുന്നേറിയ എമില്‍ ബെന്നി തൊടുത്ത ഷോട്ട് മുഹമ്മദന്‍സിന്‍റെ വലതുളച്ചു. സമനില ഗോളിനായി മുഹമ്മദന്‍സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോകുലത്തിന്‍റെ പ്രതിരോധം കുലുങ്ങിയില്ല.
സീസണിലെ ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ശ്രീനിധി എഫ് സിക്കെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതാണ് ഗോകുലത്തിന് കിരീടം ഉറപ്പിക്കാന്‍ മുഹമ്മദന്‍സിനെതിരായ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവന്നത്.