
കൊച്ചി: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ 70-ാം പിറന്നാള്‍ ആഘോഷമാക്കുകയാണ് സിനിമാലോകം. സിനിമ ലോകത്തുനിന്നുള്ള പലരും അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകഴിഞ്ഞു. കായിക ലോകത്തുനിന്നും അദ്ദേഹത്തിന് ആശംസകളെത്തിയിരിക്കുകയാണ്. ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയനാണ് അദ്ദേഹത്തിന് തന്റെ ആശംസകള്‍ അറിയിച്ചത്.
ഫുട്‌ബോളിനൊപ്പം സിനിമയിലും സജീവമാണ് വിജയന്‍. മമ്മൂട്ടിക്കൊപ്പം അഭിനയിക്കകയും ചെയ്തു. അഭിനയിക്കുന്ന സമയത്ത് അദ്ദേഹം എത്രത്തോളം ആത്മവിശ്വാസം നല്‍കിയിരുന്നു എന്നതിനെ കുറിച്ചാണ് വിജയന്‍ പറയുന്നത്. വിജയന്റെ വാക്കുകള്‍... ''മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടിയത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. പുതിയൊരാളെ വളരെയധികം പ്രചോദിപ്പിക്കുന്ന വ്യക്തിത്വമാണ് മ്മൂക്കയുടേത്. ഉദാഹരണത്തിന്, പന്തുകളിക്കുമ്പോള്‍ നമ്മുടെ ടീമില്‍ ഒരു പുതിയതാരം കളിക്കുകയാണ്. നമ്മള്‍ പ്രചോദനം നല്‍കുമ്പോള്‍ അവരുടെ ആത്മവിശ്വാസം ആത്മവിശ്വാസം ഉയരാറുണ്ട്. അതുപോലെ മമ്മൂക്കയോടൊപ്പം അഭിനയിക്കുമ്പോള്‍ അദ്ദേഹവും അങ്ങനെയായിരുന്നു. ഞാന്‍ സിനിമ ഫീല്‍ഡുമായി അടുത്ത ബന്ധമുള്ള ആളൊന്നുമല്ല. അതുകൊണ്ടുതന്നെ അദ്ദേഹം എനിക്ക് ആത്മവിശ്വാസം നല്‍കികൊണ്ടിരുന്നു.
ദ ഗ്രേറ്റ് ഫാദറില്‍ മമ്മൂക്കയെ വാഹനത്തില്‍ തട്ടികൊണ്ടുപോകുന്ന രംഗമുണ്ടായിരുന്നു. മമ്മൂക്ക വണ്ടിയിലിരിക്കുമ്പോള്‍ മുന്നിലും സൈഡിലും ക്യാമറയുണ്ടായിരുന്നു. സര്‍വീസ് റോഡിലൂടെ 70 കിലോ മീറ്റര്‍ സ്പീഡില്‍ ഓടിക്കണമെന്ന് സംവിധായകന്‍ പറഞ്ഞു. ഓടിക്കുമ്പോള്‍ എനിക്ക് പേടിയുണ്ടായിരുന്നു. മമ്മൂക്ക കേറുമ്പോള്‍ തന്നെ എന്നോട് പറഞ്ഞു, ഇത് ഓടിക്കാന്‍ വളരെ ബുദ്ധിമുട്ടാണല്ലോയെന്ന്. ആദ്യ ചോദ്യം എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.'' വിജയന്‍ പറഞ്ഞു.
പിറന്നാള്‍ ആശംസകള്‍ പറഞ്ഞാണ് വിജയന്‍ അവസാനിപ്പിച്ചത്. ''എന്തായാലും മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍. ഇനിയും ഒരുപാട് പിറന്നാള്‍ ഉണ്ടാവട്ടെയെന്ന് ഞങ്ങള്‍, എല്ലാ ആരാധകരും പ്രാര്‍ത്ഥിക്കുന്നു.'' ഇതിഹാസതാരം ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!