മലപ്പുറത്തിന്റെ വലയില്‍ കാലിക്കറ്റിന്റെ സിക്‌സര്‍, ആദ്യ പകുതിയിലെ അവസാന അഞ്ച്‌ മിനുട്ട്‌ അവിസ്‌മരണീയം

Published : Nov 01, 2026, 11:46 PM IST
SLK MATCH : CALICUT FC VS MALAPPURAM FC

Synopsis

കേരളപ്പിറവി ദിനം കാലിക്കറ്റ്‌ എഫ്‌ സി തൂക്കി! സൂപ്പര്‍ ലീഗ്‌ കേരളയില്‍ ഗോള്‍മഴ കണ്ട മത്സരത്തില്‍ മലപ്പുറം എഫ്‌ സിയെ അവരുടെ തട്ടകത്തില്‍ കാലിക്കറ്റ്‌ എഫ്‌ സി തകര്‍ത്തത്‌ 6-2ന്‌. 14 പോയന്റുമായി കാലിക്കറ്റ്‌ ഒന്നാമതാണ്.

മഞ്ചേരി: കേരളപ്പിറവി ദിനം കാലിക്കറ്റ്‌ എഫ്‌ സി തൂക്കി! സൂപ്പര്‍ ലീഗ്‌ കേരളയില്‍ ഗോള്‍മഴ കണ്ട മത്സരത്തില്‍ മലപ്പുറം എഫ്‌ സിയെ അവരുടെ തട്ടകത്തില്‍ കാലിക്കറ്റ്‌ എഫ്‌ സി തകര്‍ത്തത്‌ 6-2ന്‌. ഫെഡറിക്കോ ബുവാസോ, ലിയോ ഡേവിഡ് എന്നിവർ രണ്ട് ഗോൾ വീതവും അലക്സിസ് സോസ, കാൽവിൻ തോമസ് എന്നിവർ ഓരോ ഗോളുമടിച്ചു. മലപ്പുറത്തിന്റെ ആശ്വാസ ഗോളുകൾ ക്യാപ്റ്റൻ അമദു സുക്കൂന, ഹാദിച്ച് എന്നിവര്‍ നേടി.

ആറ് റൗണ്ട് മത്സരം പൂർത്തിയാവുമ്പോൾ 14 പോയന്റുമായി കാലിക്കറ്റ്‌, വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരളയുടെ പട്ടികയിൽ ഒന്നാമതാണ്. എട്ട് പോയന്റുമായി മലപ്പുറം മൂന്നാമത്. കാലിക്കറ്റിന്റെ ടച്ചോടെ തുടങ്ങിയ മത്സരത്തില്‍ വലിയ ട്വിസ്‌റ്റ്‌ സംഭവിച്ചത്‌ ആദ്യ പകുതിയിലെ അവസാന അഞ്ച്‌ മിനുട്ടിലാണ്‌. മലപ്പുറത്തിന്റെ വലയില്‍ മിന്നല്‍ വേഗത്തിലാണ്‌ മൂന്ന്‌ ഗോളുകള്‍ കാലിക്കറ്റ്‌ അടിച്ചു കയറ്റിയത്‌. 40-ാം മിനിറ്റിൽ കാൽവിൻ തോമസ് ഓടിപ്പിടിച്ച പന്ത് ഗോളാക്കി മാറ്റി(1-0). രണ്ട് മിനിറ്റിന് ശേഷം അലക്സിസ് സോസ കോർണറിൽ നിന്ന് രണ്ടാം ഗോൾ നേടി (2-0). 45-ാം മിനിറ്റിൽ ലിയോ ഡേവിഡ് മലപ്പുറം പോസ്റ്റിൽ മൂന്നാം ഗോളും നിക്ഷേപിച്ചു (3-0).

ആദ്യ മിനുട്ടില്‍ തന്നെ മലപ്പുറത്തിന്റെ ആക്രമണം കണ്ടു. ഇടതുവിങ്ങിലൂടെ നടത്തിയ വേഗതയേറിയ നീക്കത്തില്‍ ബിലാലിന്റെ പാസ് സ്വീകരിച്ച മെഹ്‌ദി ബോക്‌സിൽ നിന്ന് ഗോൾ ലക്ഷ്യമാക്കി തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. 20-ാം മിനിറ്റിൽ കൈയ്യാങ്കളിയിലും വാക്ക് തർക്കത്തിലും ഏർപ്പെട്ട മലപ്പുറത്തിന്റ അബ്ദുൽ ഹക്കു, ഡാനിയൽ ലാലാംപൂയ കാലിക്കറ്റിന്റെ അലക്സിസ് സോസ എന്നിവർ മഞ്ഞക്കാർഡ് കണ്ടു. 31-ാം മിനിറ്റിൽ കാലിക്കറ്റ്‌ ക്യാപ്റ്റൻ മനോജ്‌ പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് അജിൻ. 37-ാംമിനിറ്റിൽ എൽഫോർസിയുടെ ത്രൂബോൾ സ്വീകരിച്ച് മുന്നേറി ഡാനിയൽ ലാലാംപൂയ പായിച്ച ഷോട്ട് കാലിക്കറ്റ്‌ പ്രതിരോധം കോർണർ വഴങ്ങി രക്ഷിച്ചു.

രണ്ടാം പകുതി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ കാലിക്കറ്റിന്റെ നാലാം ഗോൾ വന്നു. ബോക്സിന് പുറത്തു നിന്നുള്ള ഫെഡറിക്കോ ബുവാസോയുടെ കരുത്തുറ്റ ഷോട്ട് മലപ്പുറം ഗോളി ധീരജ് സിംഗിന് ഒരവസരവും നൽകിയില്ല (4-0). തൊട്ടടുത്ത മിനിറ്റിൽ മലപ്പുറം ക്യാപ്റ്റൻ അമദു സുക്കൂന റീബൗണ്ട് ബോളിൽ ഒരു ഗോൾ മടക്കി (4-1). പിന്നാലെ ഫ്രഞ്ച് താരം പരിക്കേറ്റ് കളം വിട്ടു. 73-ാം മിനിറ്റിൽ കാലിക്കറ്റിന്റെ അഞ്ചാം ഗോൾ. ഇടതുവിങിൽ നിന്ന് ലിയോ ഡേവിഡിന്റെ കാലിൽ നിന്ന് പോയ കർവിങ് ഷോട്ട് മലപ്പുറത്തിന്റെ പോസ്റ്റിൽ കയറി (5-1). 79-ാം മിനിറ്റിൽ മനോഹരമായ പ്ലയിസിങ് ഗോളിലൂടെ ഫെഡറിക്കോ ബുവാസോ സ്കോർ (6-1) ആക്കി. ഇഞ്ചുറി സമയത്ത് മലപ്പുറം ഹാദിച്ചിലൂടെ ഒരു ഗോൾ കൂടി തിരിച്ചടിച്ചു (6-2).

ഏഴാം റൗണ്ടിലെ ആദ്യ മത്സരത്തിൽ വെള്ളിയാഴ്ച (നവംബർ 6) മലപ്പുറം എഫ്സി, ഫോഴ്‌സ കൊച്ചി എഫ്സിയുമായി മത്സരിക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30ന്. ഇരു ടീമുകളും ആദ്യ പാദത്തിൽ മത്സരിച്ചപ്പോൾ ഒരു ഗോളിന് കൊച്ചിക്കായിരുന്നു വിജയം.

മത്സരം തത്സമയം കാണാൻ: സീ5 (ഇന്ത്യ), ഇത്തിസാലാത്ത് ടിവി (യുഎഇ), സ്റ്റാർസ്പ്ലേ (മിഡിൽ ഈസ്റ്റ് & വടക്കേ ആഫ്രിക്ക മേഖല)

ടിക്കറ്റുകൾക്ക് https://www.superleaguekerala.com/tickets സന്ദർശിക്കുക. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗില്‍ വിജയത്തുടക്കമിടാന്‍ ഗോകുലം കേരള എഫ്‌ സി, ടിക്കറ്റ്‌ വരുമാനം കുട്ടികളുടെ ചികിത്സക്ക്‌
രണ്ട്‌ കിക്കുകള്‍ തടഞ്ഞ്‌ ഗോളി ദേബ്‌ജിത്ത്‌, തൃശൂരിനെ ഷൂട്ടൗട്ടില്‍ വീഴ്‌ത്തി ഫോഴ്‌സ കൊച്ചി ഒന്നാം സ്ഥാനത്ത്‌