ലോകകപ്പ് യോഗ്യതയില്‍ അഫ്ഗാനെതിരെ ഇന്ത്യക്ക് സമനില; ഇനി ഏഷ്യന്‍ കപ്പ് യോഗ്യത

By Web TeamFirst Published Jun 15, 2021, 9:43 PM IST
Highlights

ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. ഇന്ത്യയെ ഫലപ്രദമായി പ്രതിരോധിച്ചുനിര്‍ത്താന്‍ അവര്‍ക്കായി. 9-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ ഷോട്ട് അഫ്ഗാന്‍ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി.

ദോഹ: ലോകകപ്പ് യോഗ്യതയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് സമനില. അഫ്ഗാനിസ്ഥാനാണ് ഇന്ത്യയെ സമനിലയില്‍ പിടിച്ചുകെട്ടിയത്. ഇതോടെ ഏഷ്യന്‍ കപ്പ് കളിക്കാന്‍ ഇന്ത്യ യോഗ്യത മത്സരങ്ങള്‍ കളിക്കേണ്ടതായിവന്നു. സെല്‍ഫ് ഗോളിലാണ് ഇന്ത്യ മുന്നിലെത്തിയത്. ഹൊസീന്‍ സമാനിയാണ് അഫ്ഗാന്റെ സമനില ഗോള്‍ നേടിയത്. 

ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. ഇന്ത്യയെ ഫലപ്രദമായി പ്രതിരോധിച്ചുനിര്‍ത്താന്‍ അവര്‍ക്കായി. 9-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ ഷോട്ട് അഫ്ഗാന്‍ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. 75-ാം മിനിറ്റില്‍ ഇന്ത്യ ലീഡ് നേടി. മലയാളി താരം ആഷിഖ് കുരുണിയന്‍ നല്‍കിയ ക്രോസ് കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ച അഫ്ഗാന്‍ ഗോള്‍ കീപ്പര്‍ ഓവെയ്‌സ് അസീസിക്ക് പിഴച്ചു. കയ്യില്‍ നിന്ന് ഊര്‍ന്നിറങ്ങിയ പന്ത് ഗോള്‍വര കടന്നു. എന്നാല്‍ ഏഴാം മിനിറ്റുകള്‍ക്ക് ശേഷം അഫ്ഗാന്‍ സമനില പിടിച്ചു. സമാനിയുടെ ഷോട്ട് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന് രക്ഷപ്പെടുത്താനായില്ല. ഇന്ത്യ അവസാനവട്ട ശ്രമം നടത്തിയെങ്കിലും ഗോള്‍ അകന്നുനിന്നു.

ഗ്രൂപ്പ് ഇയില്‍ പോയിന്റ് പട്ടികയില്‍ ഖത്താര്‍, ഒമാന്‍ എന്നിവര്‍ക്ക പിറകില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. എട്ട് മത്സരങ്ങളില്‍ ഏഴ് പോയിന്റുകള്‍ മാത്രം. നാലാാം സ്ഥാനത്തുള്ള അഫ്ഗാന് ആറ് പോയിന്റുണ്ട്. രണ്ട് പോയിന്റ് മാത്രമുള്ള ബംഗ്ലാദേശ് അവസാന സ്ഥാനത്താണ്.
 

click me!