ലോകകപ്പിൽ സാക്കിർ നായിക് വിവാദം: ഖത്തറിനെ ആശങ്ക അറിയിച്ചിരുന്നെന്ന് ഇന്ത്യ

By Web TeamFirst Published Nov 24, 2022, 8:08 PM IST
Highlights

ലോകകപ്പ് ചടങ്ങിലേക്ക് സാക്കിർ നായിക്കിനെ ഖത്തർ ക്ഷണിച്ചില്ലെന്ന നിലപാടിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രസ്താവന.

ദില്ലി: വിവാദ മതപണ്ഡിതനും പിടികിട്ടാപ്പുള്ളിയുമായ സാക്കിർ നായിക്കിനെ ഖത്തർ ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങിലേക്ക്  ഖത്തർ ഭരണകൂടം ക്ഷണിച്ചെന്ന വാർത്തക്ക് പ്രതികരണവുമായി ഇന്ത്യ. സാക്കിർ നായിക്കിനെ ക്ഷണിച്ച സംഭവത്തിൽ ഖത്തർ ഭരണകൂടത്തെ ആശങ്കയറിയിച്ചിരുന്നെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അരവിന്ദം ബാ​ഗ്ചി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാക്കിർ നായിക്കിനെ ക്ഷണിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഖത്തർ അധികൃതർ വ്യക്തമാക്കിയിരുന്നു. സാക്കിർ നായിക് ഇന്ത്യ തേടുന്ന കുറ്റവാളിയാണെന്ന് ഖത്തറിനെ ബോധ്യപ്പെടുത്തിയെന്ന് ഇന്ത്യ വ്യക്തമാക്കി. വിഷയം ഖത്തറിന് മുന്നിൽ ഉയർത്തുമെന്ന് നേരത്തെ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞിരുന്നു.

ലോകകപ്പ് ചടങ്ങിലേക്ക് സാക്കിർ നായിക്കിനെ ഖത്തർ ക്ഷണിച്ചില്ലെന്ന നിലപാടിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രസ്താവന. ഇന്ത്യയുമായുള്ള ഖത്തറിന്റെ ബന്ധം തകർക്കാൻ ആഗ്രഹിക്കുന്ന മറ്റു രാജ്യങ്ങളാണ് സാക്കിർ നായിക്കിനെ ചുറ്റിപ്പറ്റിയുള്ള മുഴുവൻ വിവാദങ്ങളും സൃഷ്ടിച്ചതെന്ന് ഖത്തർ സർക്കാർ ഇന്ത്യൻ അധികൃതർക്ക് ഉറപ്പ് നൽകിയതായി റിപ്പോർട്ട് ചെയ്തിരുന്നു. സാക്കിർ നായിക്കിനെ ഉദ്ഘാടന ചടങ്ങ് കാണാൻ ഖത്തർ  ക്ഷണിച്ചാൽ, ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ നിന്ന് ഇന്ത്യ വിട്ടുനിന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഫിഫ ലോകകപ്പ്: ഉദ്ഘാടനച്ചടങ്ങിലേക്ക് സാക്കിര്‍ നായിക്കിനെ ക്ഷണിച്ചിട്ടില്ലെന്ന് ഖത്തര്‍

നിലവിൽ മലേഷ്യയിലാണ് സാക്കിർ നായിക്. 2016 ലാണ് ഇയാൾ ഇന്ത്യ വിട്ടത്. നായിക്കിനെ വിട്ടുകിട്ടാൻ ഇന്ത്യ മലേഷ്യയോട് ആവശ്യപ്പെട്ടിരുന്നു.  മറ്റ് മതങ്ങൾക്കെതിരായ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ യുകെയിലും കാനഡയിലും നായിക്കിന് വിലക്കുണ്ട്. മലേഷ്യയിലും നിരോധിക്കപ്പെട്ട 16 ഇസ്ലാമിക പണ്ഡിതന്മാരിൽ ഒരാളാണ് നായിക്. ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദ്വേഷ പ്രസംഗം തുടങ്ങിയ കുറ്റങ്ങളാണ് സാക്കിർ നായിക് നേരിടുന്നത്. നായ്ക് സ്ഥാപിച്ച ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ (ഐആർഎഫ്) നിയമവിരുദ്ധ സംഘടനയായി ഈ വർഷം മാർച്ചിൽ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പ്രഖ്യാപിച്ചിരുന്നു. 

click me!