ഖത്തര്‍ ഫു‍ട്ബോള്‍ ലോകകപ്പ് മിനി ഇന്ത്യ ടൂര്‍ണമെന്‍റാകും; ടിക്കറ്റ് വില്‍പനയില്‍ ഇന്ത്യന്‍ ആരാധകരുടെ പടയോട്ടം

By Jomit JoseFirst Published Sep 14, 2022, 7:09 PM IST
Highlights

റഷ്യന്‍ ലോകകപ്പിലെ പങ്കാളിത്തത്തിന്‍റെ റെക്കോര്‍ഡ് ഇന്ത്യന്‍ കാണികള്‍ ഖത്തറില്‍ മറികടക്കും എന്നുറപ്പായി

ഖത്തര്‍: അറേബ്യന്‍ മണ്ണ് ആദ്യമായി അതിഥേയത്വമരുളുന്ന ഫിഫ ലോകകപ്പിനുള്ള ടിക്കറ്റ് വില്‍പനയില്‍ ഇന്ത്യക്കാരുടെ പ്രവാഹം. രണ്ട് ഘട്ടങ്ങളിലായി ഇതുവരെ വിറ്റുപോയ 18 ലക്ഷം ടിക്കറ്റുകളില്‍ 23500 എണ്ണവും സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ളവരാണ്. നിലവില്‍ ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയ രാജ്യക്കാരുടെ പട്ടികയില്‍ ഇന്ത്യ ഏഴാമതാണ് എന്നും അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇതോടെ റഷ്യന്‍ ലോകകപ്പിലെ പങ്കാളിത്തത്തിന്‍റെ റെക്കോര്‍ഡ് ഇന്ത്യന്‍ കാണികള്‍ ഖത്തറില്‍ മറികടക്കും എന്നുറപ്പായി. 2018ല്‍ റഷ്യയില്‍ ഇന്ത്യയില്‍ നിന്ന് 18000ത്തോളം ആരാധകരാണ് ഫുട്ബോള്‍ മാമാങ്കം കാണാനെത്തിയത്. അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു അന്ന് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാത്ത രാജ്യങ്ങളില്‍ നിന്നുള്ള ആരാധകരുടെ എണ്ണത്തില്‍ ഇന്ത്യ. ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ടിക്കറ്റിനായി തന്നെ ആരാധകരുടെ പ്രവാഹമാണ് എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ടിക്കറ്റ് വില്‍പനയില്‍ ഇനിയും ഘട്ടങ്ങള്‍ നടക്കാനിരിക്കേ ടൂര്‍ണമെന്‍റിലെ ഇന്ത്യന്‍ ആരാധകരുടെ പങ്കാളിത്തം ഏറും. 

ടീമുകളും ആരാധകരും കൂട്ടലും കിഴിക്കലുകളും പോര്‍വിളികളുമായി ഫുട്ബോള്‍ ലോകകപ്പ് ആവേശം ലോകമെമ്പാടും ഉയരുകയാണ്. ആദ്യമായൊരു അറബ് രാജ്യം വേദിയാവുന്ന ഫിഫ ലോകകപ്പ് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറില്‍ നടക്കുക. എട്ട് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ലോകകപ്പില്‍ ആകെ 64 മത്സരങ്ങളാണ് ഉണ്ടാകുക. ഖത്തര്‍ ദേശീയ ദിനമായ ഡ‍ിസംബര്‍ 18ന് നടക്കുന്ന ലോകകപ്പ് ഫൈനല്‍ പോരാട്ടം കാണാനുള്ള ടിക്കറ്റിനായി മാത്രം മൂന്ന് ലക്ഷം അപേക്ഷകളാണ് ലഭിച്ചതെന്ന് ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു. 80000 പേര്‍ക്കിരിക്കാവുന്ന ലൂസെയില്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുക.

ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളും ഗ്രൂപ്പുകളും

ഗ്രൂപ്പ് എ

ഖത്തര്‍
നെതര്‍ലന്‍ഡ്‌സ്
സെനഗല്‍
ഇക്വഡോര്‍

ഗ്രൂപ്പ് ബി

ഇംഗ്ലണ്ട്
യുഎസ്എ
ഇറാന്‍
വെയ്ല്‍സ്

ഗ്രൂപ്പ് സി

അര്‍ജന്റീന
മെക്‌സിക്കോ
പോളണ്ട്
സൗദി അറേബ്യ

ഗ്രൂപ്പ് ഡി

ഫ്രാന്‍സ്
ഡെന്‍മാര്‍ക്ക്
ടുണീഷ്യ
ഓസ്‌ട്രേലിയ

ഗ്രൂപ്പ് ഇ

ജര്‍മ്മനി
സ്‌പെയ്ന്‍
ജപ്പാന്‍
കോസ്റ്ററിക്ക

ഗ്രൂപ്പ് എഫ്

ബെല്‍ജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ

ഗ്രൂപ്പ് ജി

ബ്രസീല്‍
സ്വിറ്റ്‌സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍

ഗ്രൂപ്പ് എച്ച്

പോര്‍ച്ചുഗല്‍
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന

ഖത്തര്‍ ലോകകപ്പ്: ഗ്രൂപ്പ് ഘട്ടത്തില്‍ ടിക്കറ്റിനായി കൂടുതല്‍ ആവശ്യക്കാര്‍ ബ്രസീലിന്‍റെ മത്സരങ്ങള്‍ക്ക്

click me!