
ദോഹ: ഖത്തര്‍ ആതിഥേയത്വമരുളുന്ന ഫിഫ ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ പ്രമുഖ ടീമുകൾക്ക് പരിക്ക് തിരിച്ചടിയാവുന്നു. പരിക്കേറ്റ രണ്ട് സൂപ്പർ താരങ്ങൾ ഖത്തറിൽ കളിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.
2018ലെ ചാമ്പ്യൻമാരായ ഫ്രാൻസ് ഖത്തറിൽ ലോകകപ്പ് നിലനിർത്താൻ എത്തുക സൂപ്പർതാരം എൻഗോളെ കാന്‍റെ ഇല്ലാതെയാണ്. ഫ്രാന്‍സിന്‍റെ എഞ്ചിന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് കാന്‍റെ. കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ കാന്‍റെ ലോകകപ്പിൽ കളിക്കില്ലെന്ന് ഉറപ്പായി. പ്രീമിയർ ലീഗിനിടെ പരിക്കേറ്റ ചെൽസി താരം കാലിലെ മസിലിനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. റഷ്യൻ ലോകകപ്പിൽ ഫ്രാൻസിനെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച കാന്‍റെയ്ക്ക് ചുരുങ്ങിയത് നാല് മാസത്തെ വിശ്രമം വേണ്ടിവരും. ഫ്രാൻസിന് വേണ്ടി 53 മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരമാണ് മുപ്പത്തിയൊന്നുകാരനായ കാന്‍റെ. പ്രീമിയർ ലീഗ് സീസണിൽ കാന്‍റെയ്ക്ക് രണ്ടുമത്സരങ്ങളിൽ മാത്രമേ കളിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.
കാന്‍റെയ്ക്കൊപ്പം യുവന്‍റസിന്‍റെ പോൾ പോഗ്ബയ്ക്കും ലോകകപ്പ് നഷ്ടമായേക്കുമെന്നാണ് സൂചന. കഴിഞ്ഞമാസം കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പോഗ്ബ ഇപ്പോഴും വിശ്രമത്തിലാണ്. പൂർണആരോഗ്യം ഉള്ളവരെ മാത്രമേ ഫ്രഞ്ച് ടീമിൽ ഉൾപ്പെടുത്തൂ എന്ന് കോച്ച് ദിദിയെ ദെഷാം വ്യക്തമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയ, ഡെൻമാർക്ക്, ടുണീഷ്യ, എന്നിവർക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഫ്രാൻസ് ലോകകപ്പിൽ കളിക്കുക. കഴിഞ്ഞ ദിവസം പോർച്ചുഗലിന്‍റെ ലിവർപൂൾ താരം ഡീഗോ ജോട്ടയും പരിക്കേറ്റ് ഫിഫ ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ 25കാരനായ ജോട്ടയെ സ്‌ട്രെക്‌ച്ചറിലാണ് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്.
ശസ്‌ത്രക്രിയ ആവശ്യമല്ലെങ്കിലും താരത്തിന് ദീര്‍ഘനാള്‍ വിശ്രമം വേണ്ടിവരുമെന്ന് ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് അറിയിച്ചിരുന്നു. ലിവര്‍പൂളിനായി 93 മത്സരങ്ങളില്‍ 34 ഗോളുകള്‍ ജോട്ട നേടിയിട്ടുണ്ട്.
ഫുട്ബോള്‍ ലോകകപ്പ്: ഫ്രാന്‍സിന്‍റെ 'എഞ്ചിന്‍' പണിമുടക്കി, ലോകകപ്പിനില്ല; പോര്‍ച്ചുഗലിനും പ്രഹരം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!