കാനറികള്‍ ലോകകപ്പ് ഒരുക്കം തുടങ്ങി; റിച്ചാര്‍ലിസണ് ഇരട്ട ഗോള്‍, ഘാനയെ തകര്‍ത്ത് ബ്രസീല്‍

By Jomit JoseFirst Published Sep 24, 2022, 7:14 AM IST
Highlights

സെന്‍ട്രല്‍ സ്ട്രൈക്കറായി റിച്ചാര്‍ലിസണെ അണിനിരത്തി 4-3-3 ഫോര്‍മേഷനിലാണ് ബ്രസീല്‍ ഇറങ്ങിയത്

പാരീസ്: സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ ബ്രസീലിന് ജയം. ബ്രസീല്‍ ഏകപക്ഷീയമായ മൂന്ന് ഗോളിന് ഘാനയെ തോല്‍പിച്ചു. ടോട്ടനം സ്ട്രൈക്കര്‍ റിച്ചാര്‍ലിസണ്‍ ഇരട്ട ഗോള്‍ നേടി. മാര്‍ക്കീഞ്ഞോസാണ് മറ്റൊരു സ്‌കോറര്‍.ഇരട്ട അസിസ്റ്റുമായി സൂപ്പര്‍താരം നെയ്‌മറും മത്സരത്തില്‍ തിളങ്ങി. ആദ്യ പകുതിയിലായിരുന്നു ബ്രസീലിന്‍റെ മൂന്ന് ഗോളുകളും. 

സെന്‍ട്രല്‍ സ്ട്രൈക്കറായി റിച്ചാര്‍ലിസണെ അണിനിരത്തി 4-3-3 ഫോര്‍മേഷനിലാണ് ബ്രസീല്‍ ഇറങ്ങിയത്. റിച്ചാര്‍ലിസണ് കരുത്തായി ഇടത് വിങ്ങില്‍ വിനീഷ്യസ് ജൂനിയറും വലത് വിങ്ങില്‍ റഫീഞ്ഞയും ഇറങ്ങി. ലൂക്കാസ് പക്വേറ്റ, കാസിമിറോ, നെയ്‌മ‍ര്‍ എന്നിവരായിരുന്നു മധ്യനിരയില്‍. മിലിറ്റാവോ, തിയാഗോ സില്‍വ, മാര്‍ക്കീഞ്ഞോസ്, അലക്‌സ് ടെല്ലസ് എന്നിവര്‍ പ്രതിരോധത്തിലും അണിനിരന്നു. അലിസണായിരുന്നു ഗോള്‍ ബാറിന് കീഴെ കാവല്‍ക്കാരന്‍. 

മത്സരത്തില്‍ ഘാനയ്ക്ക് ഒരവസരം പോലും നല്‍കാതെയായിരുന്നു ബ്രസീലിന്‍റെ ഗോള്‍ വേട്ട. കിക്കോഫായി 9-ാം മിനുറ്റില്‍ തന്നെ ഘാനയെ ഞെട്ടിച്ച് ബ്രസീല്‍ മുന്നിലെത്തി. റഫീഞ്ഞയുടെ അസിസ്റ്റില്‍ മാര്‍ക്കീഞ്ഞോസായിരുന്നു സ്‌കോറര്‍. 28-ാം മിനുറ്റില്‍ നെയ്‌മറിന്‍റെ അസിസ്റ്റില്‍ റിച്ചാര്‍ലിസണ്‍ സുന്ദരന്‍ ഫിനിഷിംഗിലൂടെ വല ചലിപ്പിച്ചു. ആദ്യപകുതി പൂര്‍ത്തിയാകും മുമ്പ് 40-ാം മിനുറ്റില്‍ റിച്ചാര്‍ലിസണ്‍ ബ്രസീലിന്‍റെ ലീഡ് മൂന്നായി ഉയര്‍ത്തി. നെയ്‌മര്‍ തന്നെയാണ് ഇക്കുറിയും ഗോളിലേക്ക് വഴിതുറന്നത്. 

മത്സരത്തില്‍ ഘാനയ്ക്ക് ഒരേയൊരു ഷോട്ടാണ് ടാര്‍ഗറ്റിലേക്ക് ഉതിര്‍ക്കാനായത്. അതേസമയം ബ്രസീല്‍ 9 ഷോട്ടുകള്‍ പായിച്ചു. ബോള്‍ പൊസിഷനിലും ബ്രസീലിനായിരുന്നു മുന്‍തൂക്കം. 64 ശതമാനം സമയവും പന്ത് ബ്രസീലിയന്‍ താരങ്ങളുടെ കാലുകളില്‍ തന്നെയായിരുന്നു. ചൊവ്വാഴ്‌ച ടുണീഷ്യക്കെതിരെയാണ് ബ്രസീലിന്‍റെ അവസാന സന്നാഹമത്സരം. ഖത്തര്‍ ലോകകപ്പിന് മുമ്പ് കൃത്യമായ സ്‌ക്വാഡിനെ കണ്ടുപിടിക്കാന്‍ പരിശീലകന്‍ ടിറ്റെയ്‌ക്ക് നിര്‍ണായകമാണ് ടുണീഷ്യക്കെതിരായ മത്സരവും. 

പട നയിച്ച് രോഹിത്, ഫിനിഷ് ചെയ്ത് കാര്‍ത്തിക്; ജീവന്‍മരണപ്പോരില്‍ ഓസീസിനെ വീഴ്ത്തി ഇന്ത്യ പരമ്പരയില്‍ ഒപ്പം

click me!