രാജാവായി ലിയോണല്‍ മെസി, ഇരട്ട ഗോള്‍; ഹോണ്ടുറാസിനെ ചാരമാക്കി അര്‍ജന്‍റീന

By Jomit JoseFirst Published Sep 24, 2022, 7:38 AM IST
Highlights

കൂടുതല്‍ ആക്രമിച്ച് കളിച്ചതിന്‍റെ ഗുണം 16-ാം മിനുറ്റില്‍ തന്നെ അര്‍ജന്‍റീനയ്ക്ക് കിട്ടിയിരുന്നു

ഫ്ലോറിഡ: വീണ്ടുമൊരിക്കല്‍ക്കൂടി ലിയോണല്‍ മെസി മൈതാനത്തിന്‍റെ നിയന്ത്രണം തന്‍റെ കാല്‍ക്കലാക്കിയപ്പോള്‍ അര്‍ജന്‍റീനയ്ക്ക് തകര്‍പ്പന്‍ ജയം. സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് അര്‍ജന്‍റീന തോല്‍പിച്ചു. ആദ്യപകുതിയിലും രണ്ടാംപകുതിയിലുമായായിരുന്നു മെസിയുടെ ഗോളുകള്‍. ലൗറ്റാരോ മാര്‍ട്ടിനസാണ് മറ്റൊരു ഗോള്‍ സ്കോറര്‍. ഹോണ്ടുറാസിനാവട്ടെ അര്‍ജന്‍റീനയ്ക്കെതിരെ മറുപടിയുണ്ടായിരുന്നില്ല. 

ലിയോണല്‍ മെസി, ലൗറ്റാരോ മാര്‍ട്ടിനസ്, പപു ഗോമസ് എന്നിവരെ ആക്രമണത്തിന് നിയോഗിച്ച് 4-3-3 ശൈലിയിലാണ് അര്‍ജന്‍റീന കളത്തിലെത്തിയത്. കൂടുതല്‍ ആക്രമിച്ച് കളിച്ചതിന്‍റെ ഗുണം 16-ാം മിനുറ്റില്‍ തന്നെ അര്‍ജന്‍റീനയ്ക്ക് കിട്ടി. പപു ഗോമസിന്‍റെ അസിസ്റ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസായിരുന്നു വല ചലിപ്പിച്ചത്. ആദ്യപകുതിയുടെ ഇഞ്ചുറിസമയത്ത്(45+2) ലഭിച്ച പെനാല്‍റ്റി അവസരം വിനിയോഗിച്ച് ലിയോണല്‍ മെസി ലീഡ് രണ്ടാക്കി ഉയര്‍ത്തി. രണ്ടാം പകുതിയില്‍ 69-ാം മിനുറ്റില്‍ മെസി ഗോള്‍പട്ടികയും അര്‍ജന്‍റീനയുടെ ജയവും പൂര്‍ത്തിയാക്കി. ഇതോടെ പരാജയമില്ലാതെ അര്‍ജന്‍റീന 34 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. മത്സരത്തില്‍ 68 ശതമാനം ബോള്‍ പൊസിഷന്‍ അര്‍ജന്‍റീനയ്‌ക്കുണ്ടായിരുന്നു. ബുധനാഴ്ച അവസാന സന്നാഹമത്സരത്തിൽ അർജന്‍റീന ജമൈക്കയുമായി ഏറ്റുമുട്ടും.

ഇന്നത്തെ മറ്റൊരു സൗഹൃദ മത്സരത്തില്‍ ബ്രസീലും മൂന്ന് ഗോളിന്‍റെ വിജയം നേടി. ബ്രസീല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഘാനയെ തോല്‍പിക്കുകയായിരുന്നു. എണ്ണംപറഞ്ഞ ഫിനിഷിംഗുകളുമായി റിച്ചാര്‍ലിസണ്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ മാര്‍ക്കീഞ്ഞോസാണ് മറ്റൊരു ഗോളുടമ. ആദ്യ പകുതിയിലായിരുന്നു ബ്രസീലിന്‍റെ മൂന്ന് ഗോളുകളും. ഇരട്ട അസിസ്റ്റുകളുമായി സൂപ്പര്‍താരം നെയ്‌മറാണ് ബ്രസീലിന്‍റെ വിജയം അനായാസമാക്കിയത്. മത്സരത്തില്‍ ഘാനയ്ക്ക് ഒരേയൊരു ഷോട്ടാണ് ടാര്‍ഗറ്റിലേക്ക് ഉതിര്‍ക്കാനായത്. അതേസമയം ബ്രസീല്‍ 9 ഷോട്ടുകള്‍ പായിച്ചും 64 ശതമാനം ബോള്‍ പൊസിഷനുമായി മേധാവിത്വം പുലര്‍ത്തി. 

കാനറികള്‍ ലോകകപ്പ് ഒരുക്കം തുടങ്ങി; റിച്ചാര്‍ലിസണ് ഇരട്ട ഗോള്‍, ഘാനയെ തകര്‍ത്ത് ബ്രസീല്‍

click me!