ദേശീയ ഗാനത്തിന് മൗനം പിന്നാലെ അമേരിക്കയോട് തോല്‍വി; ഇറാന്‍ താരങ്ങളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയെന്ന് സൂചന

By Web TeamFirst Published Nov 30, 2022, 2:50 PM IST
Highlights

ഇറാന്‍ താരങ്ങള്‍ക്ക് പിഴയും ജയില്‍ ശിക്ഷയും അടക്കം കാത്തിരിക്കുന്നുവെന്നാണ് വിവരങ്ങള്‍. എന്നാല്‍ അത് അമേരിക്കയോട് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായതിന് മാത്രമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

കനത്ത വെല്ലുവിളി മറികടന്ന് ഒരു ഗോള്‍ ജയവുമായി അമേരിക്ക രണ്ടാം സ്ഥാനക്കാരായി ബി ഗ്രൂപ്പില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തുമ്പോള്‍ ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്തേക്കുള്ള വഴിയാണ് ഇറാന് തെളിഞ്ഞത്. എന്നാല്‍ തിരികെ സ്വന്തം രാജ്യത്തേക്ക് എത്തുന്ന ഇറാന്‍ ഫുട്ബോള്‍ ടീം അംഗങ്ങളെ കാത്തിരിക്കുന്നത് അത്ര നല്ല സൂചനകള്‍ അല്ല.  ഇറാന്‍ താരങ്ങള്‍ക്ക് പിഴയും ജയില്‍ ശിക്ഷയും അടക്കം കാത്തിരിക്കുന്നുവെന്നാണ് വിവരങ്ങള്‍. എന്നാല്‍ അത് അമേരിക്കയോട് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായതിന് മാത്രമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

മറിച്ച് ഇംഗ്ലണ്ടുമായുള്ള ആദ്യ മത്സരത്തില്‍ ദേശീയ ഗാനം ആലപിച്ച സമയത്ത് മൗനം അവലംബിച്ച് പ്രതിഷേധിച്ചതിനാണ് ഇറാന്‍ താരങ്ങളെ കാത്ത് കടുത്ത നടപടികള്‍ കാത്തിരിക്കുന്നത്. ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിക്കാതിരുന്നതിന് പിന്നാലെ പൊലീസ് കസ്റ്റഡിയില്‍ മരിച്ച 22 കാരി മഹ്സ അമിനിയോടുള്ള അനുഭാവ സൂചകമായും രാജ്യത്ത് നടക്കുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായാണ് ഇറാന്‍ താരങ്ങള്‍ ദേശീയ ഗാനത്തിനിടെ മൌനം അവലംബിച്ചത്. സെപ്തംബറില്‍ മഹ്സ അമിനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന്‍റെ തെരുവുകളില്‍ പ്രതിഷേധം പുകയുകയാണ്. നിരവധിപ്പേരാണ് ഇറാന്‍ നടന്ന പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച നടന്ന അമേരിക്കയ്ക്കെതിരായ മത്സരത്തില്‍ താരങ്ങള്‍ ദേശീയ ഗാനം ആലപിച്ചിരുന്നു എങ്കിലും ആദ്യ മത്സരത്തിലെ മൌനത്തിന് താരങ്ങള്‍ സ്വരാജ്യത്ത് എത്തുമ്പോള്‍ കനത്ത വില നല്‍കേണ്ടി വരുമെന്നാണ് വിഗദ്ധരുടെ വിലയിരുത്തല്‍. 

ഇറാന്‍റെ പ്രഖ്യാപിത ശത്രുരാജ്യമായ അമേരിക്കയ്ക്കെതിരെ വിജയിച്ചിരുന്നെങ്കില്‍ അത് താരങ്ങള്‍ക്കെതിരായ നടപടിയില്‍ അയവ് വരുത്തിയേനെയെന്നുമാണ് അന്ത്ര്‍ ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന സൂചനകള്‍. അമേരിക്കയെ ഏറ്റവും വലിയ ചെകുത്താനെന്നാണ് ഇറാന്‍റെ പരമാധികാരി നേരത്തെ വിശേഷിപ്പിച്ചിരുന്നത്. സിഎന്‍എന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇറാന്‍ ഫുട്ബോള്‍ താരങ്ങളുടെ കുടുംബത്തിന് ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിന് മുന്‍പ് സര്‍ക്കാരില്‍ നിന്ന് ഭീഷണി നേരിട്ടിരുന്നു. രാജ്യത്തെ അപമാനിക്കുന്ന രീതിയിലെ പെരുമാറ്റത്തിന് ശക്തമായ നടപടി കുടുംബാംഗങ്ങള്‍ അടക്കം നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. അതേസമയം അമേരിക്കയ്ക്കെതിരായ ഇറാന്‍റെ പരാജയം ഹിജാബ് വിരുദ്ധ പ്രതിഷേധക്കാര്‍ വലിയ രീതിയിലാണ് ആഘോഷിച്ചത്. പടക്കം പൊട്ടിച്ചും തെരുവുകളില്‍ നൃത്തം ചവിട്ടിയും വാഹനങ്ങളുടെ ഹോണുകള്‍ മുഴക്കിയുമാണ് ഇറാനികള്‍ സ്വന്തം രാജ്യത്തിന്‍റെ തോല്‍വിയെ വരവേറ്റത്. 

നേരത്തെ ഇറാനിലെ വനിതാ റോക്ക് ക്ലൈംബറായ എല്‍ന റെക്കാവി മത്സരത്തിനിടെ ശിരോവസ്ത്രം ധരിക്കാത്തതിന് വീട്ടുതടങ്കലിലാണെന്നാണ് ന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 33 കാരിയായ താരത്തെ ശിരോവസ്ത്രം ധരിക്കാത്തതിന് നിര്‍ബന്ധ പൂര്‍വ്വം ക്ഷമാപണവും നടത്തിച്ചിരുന്നു.  

 

click me!