
ഒടുവിൽ ആ പ്രതീക്ഷകളും അവസാനിച്ചു. ലോകകപ്പിൽ നിന്നും നോക്കൗട്ട് കാണാതെ ഇറാൻ പുറത്ത്. ഗ്രൂപ്പ് ജി യിൽ ഓസ്ട്രിയ- അൾജീരിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് ഇറാന് തിരിച്ചടിയായത്. മികച്ച എട്ട്, മൂന്നാം സ്ഥാനക്കാർക്കായുള്ള പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്നു ഇറാൻ ഉണ്ടായിരുന്നത്. ഇന്നത്തെ മത്സരം അൾജീരിയ തോൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇറാന് കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന അൾജീരിയ- ഓസ്ട്രിയ പോരാട്ടം വേദനമാത്രമാണ് സമ്മാനിച്ചത്.
ഗ്രൂപ്പ് ജി യിൽ ബെൽജിയത്തോടും, ഈജിപ്തിനോടും, ന്യൂസിലാൻഡിനോടും സമനിലയാണ് ഇറാൻ വഴങ്ങിയത്. ആദ്യ മത്സരത്തിൽ ന്യൂസിലന്റിനെതിരെ രണ്ട് ഗോളുകളുടെ സമനിലായിരുന്നു ഇറാൻ വഴങ്ങിയത്. രണ്ടാം മത്സരത്തിൽ വമ്പന്മാരായ ബെൽജിയത്തോട് ഗോൾ രഹിത സമനില. മൂന്നാം മത്സരത്തിൽ ഈജിപ്തിനോട് ഒരു ഗോളിന്റെ സമനില. ഈ മത്സരത്തിൽ അവസാനനിമിഷം നേടിയ ഗോൾ വാർ ചെക്കിലൂടെ ഓഫ് സൈദ് വിധിച്ചതും ഇറാന് തിരിച്ചടിയായി. കേവലം ഒരു ഗോളിന്റെ അകലം മാത്രമായിരുന്നു ഇറാന് നോക്കൗട്ടിലേക്കുണ്ടായിരുന്നത്. എന്നാൽ സമനില വഴങ്ങിയതോടെ ഇന്ന് നടന്ന അൾജീരിയ- ഓസ്ട്രിയ മത്സര ഫലത്തെ ആശ്രയിച്ചിരിക്കും ഇറാന്റെ നോക്കൗട്ട് പ്രവേശനം എന്ന സ്ഥിതിവന്നു. അൾജീരിയ തോൽക്കാൻ കാത്തിരുന്ന ഇറാൻ ആരാധകർക്ക് നാടകീയമായ ഓസ്ട്രിയ- അൾജീരിയ മത്സരമാണ് കാണേണ്ടി വന്നത്. 3-3 എന്ന ഗോൾ നിലയിൽ സമനിലയിലാണ് ഓസ്ട്രിയയും അൾജീരിയയും പിരിഞ്ഞത്.
അതേസമയം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മറ്റൊരു ദേശീയ ടീമും നേരിടാത്ത പ്രതിസന്ധികളുമായാണ് ഇറാൻ ഇത്തവണ ലോകകപ്പിനെത്തിയത്. വിസനിയന്ത്രണമടക്കം നിരവധി ബുദ്ധിമുട്ടുകളാണ് യുഎസിലേക്കെത്തിയ ഇറാൻ ടീം നേരിട്ടത്. വിവിധ വേദികളിൽ നാടകക്കുന്ന മത്സരങ്ങൾക്കെത്താൻ യാത്ര വിലക്ക് കാരണം ഇറാൻ ടീം വളരെയേറെ ബുദ്ധിമുട്ടുന്ന കാഴ്ചയും ടൂർണമെന്റ് തുടങ്ങിയതിന് ശേഷം ലോകം കണ്ടതാണ്. എന്നാൽ ഇത്രയേറെ നയതന്ത്ര പ്രതിസന്ധികൾക്കിടയിലും മികച്ച പ്രകടനമാണ് ഗ്രൂപ്പ് സ്റ്റേജിൽ ഇറാൻ കാഴ്‌ചവച്ചത്.
ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കാൻ മത്സരത്തിന് വെറും 24 മണിക്കൂർ മുൻപ് മാത്രമാണ് യു.എസിൽ പ്രവേശിക്കാൻ ഇറാന് അനുമതി ഉണ്ടായിരുന്നത്. ഇത് കളിക്കാരുടെ വിശ്രമത്തെയും പ്രകടനത്തെയും വല്ലാതെ ബാധിച്ചതായി ഇറാൻ കോച്ച് അമീർ ഗാലെനോയിയും നായകൻ അലിറേസ ജഹാൻബക്ഷും പരസ്യമായി തുറന്നുപറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!