ഇറാന് ഫിഫയുടെ മുന്നറിയിപ്പ്; അംഗത്വം റദ്ദാക്കാന്‍ സാധ്യത

By Web TeamFirst Published Nov 18, 2019, 10:31 PM IST
Highlights

ഇറാനില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ കൂടുതല്‍ വനിതാ കാണികളെ  പ്രവേശിപ്പിച്ചില്ലെങ്കില്‍ ഇറാന്റെ ഫിഫ അംഗത്വം റദ്ദാക്കുമെന്നാണ് പ്രസിഡന്റ് ജിയോവാനി ഇന്‍ഫാന്റിനോ അറിയിച്ചിരിക്കുന്നത്.

ടെഹ്‌റാന്‍: ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫയുടെ മുന്നറിയിപ്പ്. ഇറാനില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ കൂടുതല്‍ വനിതാ കാണികളെ പ്രവേശിപ്പിച്ചില്ലെങ്കില്‍ ഇറാന്റെ ഫിഫ അംഗത്വം റദ്ദാക്കുമെന്നാണ് പ്രസിഡന്റ് ജിയോവാനി ഇന്‍ഫാന്റിനോ അറിയിച്ചിരിക്കുന്നത്. ഈ വിഷയം കൂടാതെ മറ്റുപല കാരണങ്ങളും വിലക്കിന് കാരണമായേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. 

കഴിഞ്ഞ ഒക്ടോബറില്‍ കംബോഡിയക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തില്‍ വനിതകള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. ഫിഫയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. അന്ന് 4000 വനിതകളാണ് മത്സരം കാണാനെത്തിയത്. എന്നിട്ടും സ്റ്റേഡിയത്തില്‍ സീറ്റുകള്‍ ഒഴിവുണ്ടായിരുന്നു. വരും മത്സരങ്ങളില്‍ ഇനിയും സംഭവിച്ചാല്‍ അംഗത്വം റദ്ദാക്കുമെന്നാണ് ഫിഫ അറിയിച്ചിരിക്കുന്നത്.

വനിതള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ടോ എന്ന് അന്വേഷിക്കാനായി ഇന്‍ഫാന്റിനോ നേരിട്ട് ഒരു ഇറാനിയില്‍ നഗരത്തിലെത്തും. കൂടാതെ സ്‌റ്റേഡിയങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യും. എന്നാല്‍ ഏത് നഗരമാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കംബോഡിയക്കെതിരായ മത്സരത്തിന് വനിതകളെത്തിയപ്പോള്‍ അത് ചരിത്രമായിരുന്നു. 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലേക്ക് വനിതകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. മത്സരത്തില്‍ കംബോഡിയക്കെതിരെ ഇറാന്‍ എതിരില്ലാത്ത 14 ഗോളുകള്‍ക്ക് വിജയിച്ചു.ഗാലറിയില്‍ പ്രത്യേകം തിരിച്ച സ്ഥലത്തായിരുന്നു സ്ത്രീകളുടെ ഇരിപ്പിടം. 

കളി കാണാന്‍ വിലക്കുള്ളതിനാല്‍ വേഷംമാറി കളി കാണാനെത്തിയ സഹര്‍ ഖുദൈരി എന്ന നീല ജഴ്സിക്കാരിയെ പൊലീസ് പിടികൂടിയത് കഴിഞ്ഞ മാസമാണ്. വിചാരണയ്ക്കായി കോടതിയിലെത്തിച്ച സഹര്‍ അവിടെ വെച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പ്രശ്‌നത്തില്‍ ഫിഫ ഇടപെട്ടതോടെയാണ് സ്ത്രീകളുടെ നിയന്ത്രണം എടുത്തുകളയാന്‍ ഇറാനിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

click me!