ഹസ്‌തദാനമില്ല, പതാക കൈമാറ്റമില്ല, ഇസ്രയേലിന്റെ ദേശീയ ഗാനത്തെ അവഗണിച്ചു, അയര്‍ലന്‍ഡ്‌ ഫുട്‌ബോള്‍ ടീമിന്റെ പ്രതിഷേധം ആഗോള ചര്‍ച്ചയായി

Published : Sep 29, 2026, 06:17 PM IST
uefa nations league football ireland vs israel

Synopsis

ഇസ്രയേല്‍ താരങ്ങള്‍ക്ക്‌ ഹസ്‌തദാനം നിരസിച്ചും, കറുത്ത ആംബാന്‍ഡ്‌ ധരിച്ചും ഇസ്രയേല്‍ ദേശീയ ഗാനത്തോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചും മത്സരത്തിലുടനീളം അയര്‍ലന്‍ഡ്‌ കളിക്കാര്‍ ശക്തമായ പ്രതിഷേധമാണ്‌ അഴിച്ചുവിട്ടത്‌. പോരാത്തതിന്‌ എതിരില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ ഇസ്രയേലിനെ തകര്‍ത്തുവിടുകയും ചെയ്‌തു.

ഗാസയിലെ മനുഷ്യക്കുരുതി നടത്തിയ ഇസ്രയേലിനോടുള്ള പ്രതിഷേധം യുവേഫ നേഷന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ വേദിയില്‍ ആളിക്കത്തി. ഇസ്രയേല്‍ താരങ്ങള്‍ക്ക്‌ ഹസ്‌തദാനം നിരസിച്ചും, കറുത്ത ആംബാന്‍ഡ്‌ ധരിച്ചും ഇസ്രയേല്‍ ദേശീയ ഗാനത്തോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചും മത്സരത്തിലുടനീളം അയര്‍ലന്‍ഡ്‌ കളിക്കാര്‍ ശക്തമായ പ്രതിഷേധമാണ്‌ അഴിച്ചുവിട്ടത്‌. പോരാത്തതിന്‌ എതിരില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ ഇസ്രയേലിനെ തകര്‍ത്തുവിടുകയും ചെയ്‌തു. ഹംഗറിയിലെ ഡെബ്രെസെനില്‍ നടന്ന മത്സരത്തില്‍ അയര്‍ലന്‍ഡ്‌ താരങ്ങള്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ കായിക ലോകത്ത്‌ വലിയ ചര്‍ച്ചയായിരിക്കുകയാണ്‌.

ഇസ്രയേലിനെതിരായ മത്സരം ബഹിഷ്‌കരിക്കാനായിരുന്നു അയര്‍ലന്‍ഡ്‌ ടീമിന്റെ ആദ്യ വികാരം. ഐറിഷ്‌ റിസര്‍വ്‌ ഗോള്‍ കീപ്പര്‍ ഗാവിന്‍ ബാസുനു ടീമില്‍ നിന്നും സ്വയം പിന്‍മാറി തന്റെ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍, യുവേഫയുടെ കടുത്ത വിലക്കുകളും സാമ്പത്തിക പിഴകളും ഒഴിവാക്കാന്‍ അയര്‍ലന്‍ഡ്‌ ടീം മത്സരം പൂര്‍ണമായി ബഹിഷ്‌കരിക്കാതിരിക്കുകയായിരുന്നു. അതേസമയം, മത്സര വേദിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്‌തു.

കളി ആരംഭിക്കുന്നതിന്‌ മുമ്പുള്ള ഹസ്‌തദാന ചടങ്ങ്‌ അയര്‍ലന്‍ഡ്‌ താരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി. അയര്‍ലന്‍ഡ്‌ ക്യാപ്‌റ്റന്‍ ധാരാ ഒഷീ മാച്ച്‌ റഫറിമാര്‍ക്ക്‌ കൈകൊടുത്തെങ്കിലും ഇസ്രയേല്‍ ക്യാപ്‌റ്റന്‍ മാനര്‍ സോളമന്‌ കൈ കൊടുക്കാന്‍ തയ്യാറായില്ല. എതിര്‍ ടീം ക്യാപ്‌റ്റനുമായി സംസാരിക്കുമ്പോള്‍ രണ്ട്‌ കൈകളും പിറകിലേക്കായി പിടിച്ചു നില്‍ക്കുകയായിരുന്നു ധാരാ ഒഷീ ചെയ്‌തത്‌. കൂടാതെ, പരമ്പരാഗത ചടങ്ങായ ഇരുടീമുകളുടെ പതാക കൈമാറ്റവും ഒഴിവാക്കി.

ഇസ്രയേല്‍ സൈനിക നടപടികളില്‍ ഗാസയില്‍ കൊല ചെയ്യപ്പെട്ടവരോടുള്ള ആദരസൂചകമായ ഐറിഷ്‌ താരങ്ങള്‍ കറുത്ത ആംബാന്‍ഡ്‌ ധരിച്ചാണ്‌ കളത്തിലിറങ്ങിയത്‌. ദേശീയ ഗാന വേളയിലും പ്രതിഷേധം അലയടിച്ചു. ഇസ്രയേലിന്റെ ദേശീയ ഗാനം ആലപിച്ച സമയത്ത്‌ അയര്‍ലന്‍ഡ്‌ താരങ്ങള്‍ തലതാഴ്‌ത്തിപ്പിടിച്ച്‌ തങ്ങളുടെ വിയോജിപ്പ്‌ പരസ്യമായി പ്രകടിപ്പിച്ചു. പാവപ്പെട്ട മനുഷ്യരെ കൊന്നൊടുക്കുന്നത്‌ മാപ്പര്‍ഹിക്കാത്ത കുറ്റമാണ്‌ എന്ന്‌ പറഞ്ഞു കൊണ്ടായിരുന്നു ഇസ്രയേലുമായുള്ള മത്സരത്തിനുള്ള ടീമില്‍ നിന്ന്‌ റിസര്‍വ്‌ ഗോള്‍ കീപ്പറായ ഗവിന്‍ ബസുനോ സ്വയം പിന്‍മാറിയത്‌.

അയര്‍ലന്‍ഡിന്‌ പുറമെ, തുര്‍ക്കി, സ്‌കോട്‌ലന്‍ഡ്‌, സ്ലോവേനിയ, നോര്‍വെ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേലില്‍ പോയി കളിക്കാന്‍ വിസമ്മതിക്കുകയോ, ഇസ്രയേലിനെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന്‌ പൂര്‍ണമായി വിലക്കണമെന്നും ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ കാരണങ്ങളാലും ഇസ്രയേലിന്റെ രാഷ്ട്രീയ നിലപാടുകളോടുമുള്ള വിയോജിപ്പും കാരണം ഇസ്രയേല്‍ ടീമിന്‌ ആതിഥേയത്വം വഹിക്കാന്‍ ബെല്‍ജിയം എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന്‌ ആ മത്സരം ഹംഗറിയിലേക്ക്‌ മാറ്റേണ്ടി വന്നു.

ഇസ്രയേലിനെ ഫിഫയില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യാനും അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന്‌ പുറത്താക്കാനും പന്ത്രണ്ടിലേറെ പശ്ചിമേഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ ഔദ്യോഗിക കത്തയച്ചിരുന്നു. ഇസ്രയേലിനെതിരെ ശക്തമായി പ്രതിഷേധിക്കുന്ന ഫുട്‌ബോള്‍ ആരാധക സംഘം സെല്‍റ്റിക്‌ എഫ്‌ സിയുടേതാണ്‌. യുവേഫയുടെ വിലക്കുകള്‍ വകവെക്കാതെ സ്‌കോട്ടിഷ്‌ ക്ലബ്ബിന്റെ ആരാധക സംഘമായ ഗ്രീന്‍ ബ്രിഗേഡ്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ മത്സരങ്ങളില്‍ ഫലസ്‌തീന്‌ ഐക്യദാര്‍ഢ്യം അറിയിച്ച്‌ പതാകകള്‍ ഉയര്‍ത്താറുണ്ട്‌.

ഇസ്രയേലിന്‌ ചുവപ്പ്‌ കാര്‍ഡ്‌ കാണിക്കൂ എന്നെഴുതിയ കൂറ്റന്‍ ബാനറുകള്‍ ഗ്രീന്‍ ബ്രിഗേഡ്‌ സ്ഥാപിക്കുകയും ചെയ്‌തു. ആരാധകരെ നിലയ്‌ക്കു നിര്‍ത്താത്തിന്‌ സെല്‍റ്റിക്‌ എഫ്‌ സിക്ക്‌ യുവേഫ വലിയ തുക പിഴ ചുമത്തുക പതിവാണ്‌. ഗ്രീന്‍ ബ്രിഗേഡ്‌ വിട്ടുകൊടുക്കില്ല, ആ പിഴത്തുക പിരിച്ചെടുത്ത്‌ ക്ലബ്ബിനും ഫലസ്‌തീന്‍ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്കായും വീതിച്ചു നല്‍കും.

2023 ഒക്ടോബറില്‍ ആരംഭിച്ച യുദ്ധത്തില്‍ ഗാസയ്‌ക്ക്‌ സംഭവിച്ച നാശനഷ്ടങ്ങള്‍ അതിഭീകരമാണ്‌. എഴുപത്തയ്യായിരത്തോളം ഫലസ്‌തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌. പകുതിയിലേറെയും സ്‌ത്രീകളും കുട്ടികളുമാണ്‌. രണ്ട്‌ ലക്ഷത്തോളം പേര്‍ ഗുരുതരമായി പരിക്കേറ്റ്‌ കഴിയുന്നു, പലരും ചികിത്സ പോലും സാധ്യമല്ലാത്ത ഇടങ്ങളില്‍ മരണത്തോട്‌ മല്ലിടുകയാണ്‌. യുദ്ധത്തിന്റെ നൈതികത പോലുമില്ലാതെ ആരോഗ്യകേന്ദ്രങ്ങളും സ്‌കൂളുകളും പൂര്‍ണമായും തകര്‍പ്പെട്ടു.

വീടുകളില്‍ നിന്ന്‌ കൂട്ടപ്പലായനമാണ്‌. അഭയാര്‍ഥി കേന്ദ്രങ്ങളില്‍ മരുന്നും ഭക്ഷണവും പോലും എത്തുന്നില്ല. പകര്‍ച്ചവ്യാധികള്‍ പടരുന്നു. ഈ സാഹചര്യത്തില്‍ ഫുട്‌ബോള്‍ ലോകത്ത്‌ നിന്ന്‌ വലിയ പ്രതിഷേധങ്ങള്‍ ഇനിയും ഉയരും. പ്രമുഖ ഫുട്‌ബോള്‍ താരങ്ങളായ കരീം ബെന്‍സിമ, റിയാദ്‌ മഹ്‌റെസ്‌, ഹക്കിം സിയെച്‌, ബാഴ്‌സയുടെ യുവതാരം ലാമില്‍ യമാല്‍ എന്നിവര്‍ ഫലസ്‌തീന്‍ ജനതയ്‌ക്ക്‌ ഐക്യദാര്‍ഢ്യം അറിയിച്ചവരാണ്‌. വരുമാനത്തിന്റെ ഒരു വിഹിതം ഗാസയെ സഹായിക്കാന്‍ മാറ്റിവെക്കുന്നുവെന്നതും ശ്രദ്ധേയം.

റഷ്യ-ഉക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ ഫുട്‌ബോള്‍ ടീമിനെ ഫിഫയും യുവേഫയും കളിയില്‍ നിന്ന്‌ പൂര്‍ണമായി വിലക്കിയിരുന്നു. എന്നാല്‍, ഗാസയില്‍ വംശഹത്യക്ക്‌ നേതൃത്വം നല്‍കുന്ന ഇസ്രായേലിനെ ഫിഫയും യുവേഫയും ഇനിയും ശിക്ഷിച്ചിട്ടില്ല. ഇസ്രയേലിന്‌ ചുവപ്പ്‌ കാര്‍ഡ്‌ കാണിക്കൂ എന്ന കൂറ്റന്‍ ബാനറുകള്‍ മത്സവേദികളില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയത്തിലും ശക്തമായി ഉയരുന്നുണ്ട്‌...

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ വല കുലുക്കി ബ്രസീലിന്‌ ജയമൊരുക്കിയ വിനീഷ്യസിനെ അറിയുമോ? ഇന്ത്യയില്‍ ടോപ്‌ സ്‌കോററായ ചരിത്രവും റയല്‍ മാഡ്രിഡ്‌ താരത്തിനുണ്ട്‌
യുവേഫ നേഷൻസ് ലീഗ്: ഒലീസെ 'മാജിക്'; ബെൽജിയത്തെ വീഴ്ത്തി ഫ്രാൻസ്, തുർക്കിയെ തുരത്തി ഇറ്റലിയുടെ തിരിച്ചുവരവ്