മുംബൈയെ മുട്ടുകുത്തിച്ച് കൊല്‍ക്കത്ത ഒന്നാമത്

By Web TeamFirst Published Jan 4, 2020, 10:06 PM IST
Highlights

29ാം മിനിറ്റില്‍ ഹാല്‍ദറിലൂടെ ഒടുവില്‍ കൊല്‍ക്കത്ത മുന്നിലെത്തി. എന്നാല്‍ ഗോളാഘോഷത്തിനിടെ ഹാല്‍ദറിന് പരിക്കേറ്റതോടെ കൊല്‍ക്കത്ത കോച്ചിന് ഹാല്‍ദറെ പിന്‍വലിക്കേണ്ടിവന്നു.

മുംബൈ: ഐഎസ്എല്ലില്‍ കഴിഞ്ഞ ആറ് മത്സരങ്ങളിലെ മുംബൈയുടെ അപരാജിത കുതിപിന് കടിഞ്ഞാണിട്ട് അത്‌ലറ്റിക്കൊ കൊല്‍ക്കത്ത. എതിരില്ലാത്ത രണ്ട് ഗോളിനാണ് കൊല്‍ക്കത്ത മുംബൈയെ ഹോം ഗ്രൗണ്ടില്‍ മുട്ടുകുത്തിച്ചത്. 29-ാം മിനിറ്റില്‍ പ്രോനെ ഹാല്‍ദറും 43-ാം മിനിറ്റില്‍ മൈക്കല്‍ സൂസൈരാജുമാണ് കൊല്‍ക്കത്തയുടെ ഗോളുകള്‍ നേടിയത്.

ജയത്തോടെ 21 പോയന്റുമായി കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തി. 21 പോയന്റുള്ള ഗോവ രണ്ടാം സ്ഥാനത്തുണ്ട്. തോറ്റെങ്കിലും പ്ലേ ഓഫ് പ്രതീക്ഷ കൈവിടാത്ത മുംബൈ16 പോയന്റുമായി നാലാമതാണ്. തുടക്കത്തിലെ ഇരു ടീമുകളും ആക്രമണ ഫുട്ബോള്‍ കെട്ടഴിച്ചതോടെ മുംബൈ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിംഗിനും കൊല്‍ക്കത്ത ഗോള്‍ കീപ്പര്‍ അരിന്ദം ഭട്ടചാര്യക്കും ബാറിന് കീഴില്‍ വിശ്രമമില്ലാതായി.

മൂന്നാം മിനിറ്റില്‍ തന്നെ ജയേഷ് റാണെയുടം ലോംഗ് റേഞ്ചര്‍ അമരീന്ദറിനെ പരീക്ഷിച്ചു. പിന്നാലെ ഡീഗോ കാര്‍ലോസിന്റെ ഗോള്‍ ശ്രമം  അരിന്ദം ഭട്ടചാര്യ കഷ്ടപ്പെട്ട് കൈക്കുള്ളിലാക്കി. 29ാം മിനിറ്റില്‍ ഹാല്‍ദറിലൂടെ ഒടുവില്‍ കൊല്‍ക്കത്ത മുന്നിലെത്തി. എന്നാല്‍ ഗോളാഘോഷത്തിനിടെ ഹാല്‍ദറിന് പരിക്കേറ്റതോടെ കൊല്‍ക്കത്ത കോച്ചിന് ഹാല്‍ദറെ പിന്‍വലിക്കേണ്ടിവന്നു. പകരം വന്ന സൂസൈരാജ് 43-ാം മിനിറ്റില്‍ ഗോളടിച്ച് പകരക്കാരന്റെ റോള്‍ ഗംഭീരമാക്കി. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനുള്ള മുംബൈ ശ്രമങ്ങള്‍ ലക്ഷ്യം കണ്ടില്ല.

click me!