
കൊച്ചി: ആരാധകർക്ക‌് കേരള ബ്ലാസ‌്റ്റേഴ‌്സിന്റെ പുതുവർഷ സമ്മാനം. കൊച്ചിയിൽ ഹൈദരാബാദ‌് എഫ‌്സിയെ ഒന്നിനെതിരെ അഞ്ച‌് ഗോളുകൾക്ക‌് മഞ്ഞപ്പട തകർത്തു. ക്യാപ‌്റ്റൻ ബർതലോമിയോ ഒഗ‌്ബച്ചെ ഇരട്ട ഗോളടിച്ചു. റാഫേൽ മെസി ബൗളി, പ്രതിരോധക്കാരൻ വ്ലാട‌്കോ ഡ്രോബറോവ‌്, സെയ‌്ത്യാസെൻ സിംഗ‌് എന്നിവരും ബ്ലാസ‌്റ്റേഴ‌്സിനായി വല കുലുക്കി. ഹൈദരബാദിനായി ബോബോയാണ‌് ആശ്വാസ ഗോളടിച്ചത‌്.
ജയത്തോടെ ബ്ലാസ‌്റ്റേഴ‌്സിന‌് 11 കളിയിൽ 11 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക‌് മുന്നേറുകയും ചെയ‌്തു. ജനുവരി 12ന‌് കൊൽക്കത്തയിൽ എടികെയുമായാണ‌് ബ്ലാസ‌്റ്റേഴ‌്സിന്റെ അടുത്ത കളി. മെസി ബൗളിയും ഒഗ‌്ബെച്ചെയും തുടക്കത്തിൽ തന്നെ ഹൈദരാബാദ‌് ഗോൾ മേഖലയിലെത്തി. ഒഗ‌്ബെച്ചെയുടെ കനത്ത അടി പുറത്തേക്ക‌് പോയി. പത്താം മിനിറ്റിൽ ബ്ലാസ‌്റ്റേഴ‌്സിന‌് കോർണർ കിട്ടിയെങ്കിലും ഹൈദരാബാദ‌് പ്രതിരോധം തട്ടിയകറ്റി.
പതിനാലാം മിനിറ്റിൽ ഹൈദരാബാദ‌് മുന്നിലെത്തി. മാഴ‌്സെലീന്യോയുടെ നീക്കത്തിൽ ബോബോ ഗോളടിച്ചു. തിരിച്ചടിക്കുള്ള ശ്രമങ്ങളായിരുന്നു ബ്ലാസ‌്റ്റേഴ‌്സ‌് പിന്നീട‌് നടത്തിയത‌്. സെയ‌്ത്യാസന്റെ ലോങ‌് ക്രോസ‌് ഹൈദരാബാദ‌് ഗോൾമുഖത്ത‌് പറന്നെത്തി. ഒഗ‌്ബെച്ചെ തലവച്ചെങ്കിലും പന്ത‌് പുറത്തുപോയി. 22-ാം മിനിറ്റിൽ വലതുമൂലയിൽനിന്ന‌് സെയ‌്ത്യാസെൻ പായിച്ച മികച്ച ക്രോസ‌് ഹൈദരാബാദ‌് ബോക‌്സിലേക്ക‌് കൃത്യമായി എത്തി. എന്നാൽ മുന്നിലേക്ക‌് പാഞ്ഞടുത്ത ഹൈദരാബാദ‌് ഗോൾ കീപ്പർ കട്ടിമണി അത‌് വിദഗ‌്ദമായി കയ്യിലൊതുക്കി. 29-ാം മിനിട്ടിൽ ഹൈദരാബാദിന‌് തിരിച്ചടി കിട്ടി. അവരുടെ ഡിഫൻഡർ റാഫേൽ ലോപെസ‌് പരിക്കേറ്റ‌് മടങ്ങി. പകരം ജൈൽസ‌് ബാർണെസ‌് എത്തി.
മുപ്പത്തിമൂന്നാം മിനിറ്റിൽ ആരാധകർ കാത്തിരുന്ന നിമിഷം പിറന്നു. ക്യാപ‌്റ്റൻ ഒഗ‌്ബെച്ചെയുടെ ഒന്നാന്തരം നീക്കം കൊച്ചി സ‌്റ്റേഡിയത്തിലെ കാണികൾക്ക‌് വിരുന്നൊരുക്കി. സുയ‌് വർലൂൺ ആയിരുന്നു ഒരുക്കിയത‌്. ഹൈദരാബാദ‌് പ്രതിരോധത്തെ പിളർത്തി സുയ‌് വർലൂണിന്റെ ത്രൂബോൾ. ഹൈദരാബാദ‌് ഗോൾ കീപ്പർ കട്ടിമണി പന്ത‌് അടിച്ചൊഴിവാക്കാൻ മുന്നിലേക്ക‌് ഓടി. ഒഗ‌്ബെച്ചെ കട്ടിമണിയെ വെട്ടിച്ച‌് ബോക‌്സിന്റെ ഇടതുഭാഗത്ത‌് നിന്ന‌് ഷോട്ട‌് പായിച്ചു.
ആറ‌് മിനിറ്റിനുള്ളിൽ ബ്ലാസ‌്റ്റേഴ‌്സ‌് വീണ്ടും കുതിച്ചു. വലതുഭാഗത്ത‌്നിന്ന‌് ആദ്യം കർണെയ‌്റോയുടെ നീക്കം. ജീക‌്സണിലേക്ക‌്. നിങ്ങിലേക്ക‌് ജീക‌്സൺ പാസ‌് നൽകി. നിങ‌് സെയ‌്ത്യാസെനിലേക്ക‌്. ഒന്നാന്തരം ക്രോസ‌് ഈ മധ്യനിരക്കാരൻ ബോക‌്സിലേക്ക‌് പായിച്ചു. ഡ്രോബറോവിന്റെ ഹെഡർ പോസ‌്റ്റിൽ തട്ടി വലയിൽ.
മൂന്നാമത്തെ ഗോളിനും അധികം കാത്തിരിക്കേണ്ടിവന്നില്ല. ഹാളീചരൺ നർസാറിയുമായുള്ള നീക്കത്തിനൊടുവിൽ മെസി ബൗളി വല കുലുക്കി. ആദ്യപകുതി ആഘോഷത്തോടെ ബ്ലാസ‌്റ്റേഴ‌്സ‌് അവസാനിപ്പിച്ചു.
82-ാം മിനിറ്റിൽ മെസി ബൗളിക്ക‌് പകരം സഹൽ അബ‌്ദുൾ സമദ‌് എത്തിയപ്പോൾ സ‌്റ്റേഡിയത്തിൽ ആരവം ഉയർന്നു. മനോഹര നീക്കങ്ങൾകൊണ്ട‌് സഹൽ ആരാധകരുടെ മനം കവർന്നു. അവസാന നിമിഷങ്ങളിലും ബ്ലാസ്റ്റേഴ‌്സ‌് ഗോളിന‌് അടുത്തെത്തി. ഹൈദരാബാദ‌് കൂടുതൽ ഗോൾ വഴങ്ങാതെ പിടിച്ചുനിൽക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!