
മഡ്‌ഗാവ്: ഐഎസ്‌എൽ ഏഴാം സീസണ് ഇന്ന് തുടക്കം. കേരള ബ്ലാസ്റ്റേഴ്‌സ് ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനെ നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് കളിതുടങ്ങുക.
കപ്പടിക്കാനും കലിപ്പടക്കാനും കാത്തിരിക്കുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്‌എൽ, ഐലീഗ് ചാമ്പ്യമാർ ഒരുമിച്ചാണ് നാലാം കിരീടത്തിനായി എടികെ മോഹൻ ബഗാൻറെ വരവ്. ഐഎസ്എൽ ഏഴാം സീസണിൽ പന്തുരുളുമ്പോൾ ബ്ലാസ്റ്റേഴ്‌സും എടികെയും അടിമുടി മാറിക്കഴിഞ്ഞു. എല്ലാ സീസണിലും കോച്ചിനെയും താരങ്ങളെയും മാറ്റുന്ന പതിവ് തുടർന്നു ബ്ലാസ്റ്റേഴ്സ്. എന്നാല്‍ കൊൽക്കത്തൻ വമ്പൻമാരായ മോഹൻ ബഗാനുമായി ലയിച്ച് ഇരട്ടി കരുത്തുമായാണ് എടികെ ഇറങ്ങുന്നത്.
കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെ ഐ ലീഗ് ചാമ്പ്യൻമാരാക്കിയ കിബൂ വികൂനയുടെ തന്ത്രങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ആദ്യകിരീടം സ്വപ്നം കാണുന്നത്. എടികെയെ രണ്ടുതവണ ചാമ്പ്യൻമാരാക്കിയ അന്റോണിയോ ഹബാസിന്റെ ശിക്ഷണത്തിൽ കൊൽക്കത്തൻ സംഘം. മുൻസീസണുകളെ അപേക്ഷിച്ച് എല്ലാ പൊസിഷനിലേക്കും മികച്ച താരങ്ങളെ എത്തിച്ച ബ്ലാസ്റ്റേഴ്സിനെ നയിക്കുന്നത് സിംബാബ്‍വേ ഡിഫൻഡർ കോസ്റ്റ നമൊയ്നേസു.
ഇംഗ്ലീഷ് സ്‌ട്രൈക്കർ ഗാരി ഹൂപ്പർ, ജോർദാൻ മുറേ, ബകാരി കോനേ, ഫകുണ്ടോ പെരേര, വിസന്റെ ഗോൺസാലസ്, സഹൽ അബ്ദുൽ സമദ്, കെ പി രാഹുൽ, നിഷു കുമാർ, ജെസ്സെൽ കാർണെയ്‍റോ തുടങ്ങി കോച്ചിന്റെ മനസ്സറിഞ്ഞ് കളിക്കുന്നവരാണ് ബ്ലാസ്റ്റേഴ്സ് നിരയിലുള്ളത്. പകരക്കാരുടെ നിരയും സുസജ്ജം. ഗോൾവലയത്തിന് മുന്നിൽ ആരെത്തും എന്നതിൽമാത്രം അവ്യക്തത.
ബ്ലാസ്റ്റേഴ്സിന്റെ മുഖമായിരുന്ന സന്ദേശ് ജിംഗാനെ പ്രതിരോധത്തിന്റെ ചുമതലയേൽപ്പിച്ചാണ് ഇത്തവണ എടികെ മോഹൻ ബഗാന്റെ പടയൊരുക്കം. ഗോളടിവീരൻ റോയ് കൃഷ്ണയ്ക്കൊപ്പം മുന്നേറ്റനിരയിലെത്തുക ഡേവിഡ് വില്യംസ്. ബ്രാഡ് ഇൻമാം, ടിരി, അരിന്ദം ഭട്ടാചാര്യ, മൈക്കൽ സൂസൈരാജ്, പ്രണോയ് ഹാൾഡർ തുടങ്ങിയവർകൂടി ചേരുമ്പോൾ നിലവിലെ ചാമ്പ്യൻമാർ ഡബിൾ സ്‌ട്രോംഗ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!