
മഡ്‌ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ (ISL 2021-22) 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters FC) നാളെ ഇറങ്ങും. സീസണിലെ പന്ത്രണ്ടാം മത്സരത്തിൽ ബെംഗളൂരു എഫ്‌സിയാണ് (Bengaluru FC) എതിരാളികള്‍. 15 ദിവസത്തെ ഇടവേളയ്ക്കുശേഷം പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് (Ivan Vukomanovic) മൈതാനത്ത് എത്തിയതിന്‍റെ ആശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് (KBFC) ക്യാംപ്. കോച്ചിന്‍റെ ചിത്രം ബ്ലാസ്റ്റേഴ്സ് ഇന്നലെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12ന് പരിശീലകനും ഹര്‍മന്‍ജോത് ഖാബ്രയും വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്ന് ആരെല്ലാം നാളത്തെ മത്സരത്തിന് സജ്ജരായി ഉണ്ടാകുമെന്ന് കോച്ചിന്‍റെ വാര്‍ത്താസമ്മേളനത്തോടെ അറിയാം. മുംബൈ സിറ്റിക്കും എടികെ മോഹന്‍ ബഗാനും എതിരായ ബ്ലാസ്റ്റേഴ്‌സിന്‍റെ മത്സരങ്ങള്‍ കൊവിഡ് ബാധ കാരണം മാറ്റിവച്ചിരുന്നു. 11 കളിയിൽ 20 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദ് എഫ്‌സി 23 പോയിന്‍റുമായി ഒന്നും ജംഷഡ്‌പൂര്‍ എഫ്‌സി 22 പോയിന്‍റോടെ രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനും വിദേശതാരങ്ങള്‍ അടക്കമുള്ളവര്‍ക്കും കൊവിഡ് ബാധിച്ചതോടെ നിരീക്ഷണത്തിലായിരുന്നു ടീം. കൊവിഡ് ഭീഷണിയൊഴിഞ്ഞ് കഴിഞ്ഞ ദിവസം ക്ലബ് പരിശീലനം പുനരാരംഭിച്ചിരുന്നു. ഐഎസ്എല്ലില്‍ ഇന്ന് കൊൽക്കത്ത ഡെര്‍ബിയാണ്. എടികെ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും രാത്രി ഏഴരയ്ക്ക് ഗോവയില്‍ നേര്‍ക്കുനേര്‍ വരും. 10 കളിയിൽ 16 പോയിന്‍റുമായി എടികെ എട്ടാമതും 13 കളിയിൽ 9 പോയിന്‍റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്തുമാണ്.
ISL 2021-22 : ഐഎസ്എല്ലില്‍ കൊൽക്കത്ത ഡെര്‍ബി; ഉയരാന്‍ എടികെ മോഹന്‍ ബഗാന്‍