
ഫറ്റോഡ: ഐഎസ്എല്ലിൽ (ISL 2021-22) ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം. സീസണിൽ ഇതുവരെ ഒരു ജയം പോലുമില്ലാത്ത ഈസ്റ്റ് ബംഗാൾ (SC East Bengal) നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ (NorthEast United) നേരിടും. ആറ് മത്സരങ്ങളില്‍ നോർത്ത് ഈസ്റ്റിന് നാലും ഈസ്റ്റ് ബംഗാളിന് മൂന്നും പോയിന്‍റാണ് ഉള്ളത്. രാത്രി 7.30ന് ഗോവയിലാണ് മത്സരം.
കട്ടയ്ക്ക് മുട്ടി ബെംഗളൂരുവും ബഗാനും
ഐഎസ്എല്ലില്‍ ഇന്നലെ നടന്ന ബെംഗളൂരു എഫ്‌സി-എടികെ മോഹന്‍ ബഗാന്‍ ഗ്ലാമർ പോര് സമനിലയിൽ അവസാനിച്ചു. ബഗാനും ബെംഗളൂരുവും മൂന്ന് ഗോൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. ഗോളെണ്ണത്തിൽ, പന്തടക്കത്തിൽ, പാസുകളിൽ, ഷോട്ടുകള്‍ ഉതിർക്കുന്നതില്‍ ഒപ്പത്തിനൊപ്പമെന്ന് അക്ഷരാർത്ഥത്തിൽ വിളിക്കാവുന്ന പോരാട്ടമാണ് സമനിലയോടെ പിരിഞ്ഞത്.
കിക്കോഫായി 13-ാം മിനുറ്റില്‍ സുബാഷിഷ് ബോസിലൂടെ എടികെ മോഹൻ ബഗാനാണ് ഗോൾ വർഷത്തിന് തുടക്കമിട്ടത്. ആഹ്ളാദം തീരും മുൻപെ 18-ാം മിനുറ്റില്‍ ക്ലീറ്റന്‍ സില്‍വയുടെ പെനാല്‍റ്റിയിലൂടെ ബെംഗളൂരുവിന്‍റെ മറുപടിയെത്തി. 26-ാം മിനുറ്റിൽ ഡാനിഷ് ഭട്ടിലൂടെ ബെംഗളൂരു ലീഡ് നേടിയപ്പോൾ ഹ്യൂഗോ ബൗമസിലൂടെ കൊൽക്കത്ത 38-ാം മിനുറ്റില്‍ ഒപ്പമെത്തി.
50-ാം മത്സരത്തിനിറങ്ങിയ ഫിജിയൻ താരം റോയ് കൃഷ്‌ണ രണ്ടാംപകുതിയിൽ(58) കിട്ടിയ പെനാൽറ്റി വലയിലെത്തിച്ചു. എന്നാല്‍ തുടരെ നാലാം തോൽവിയിൽ നിന്ന് ബെംഗളൂരുവിന് രക്ഷകനായി 72-ാം മിനുറ്റില്‍ പ്രിൻസ് ഇബാര പെനാല്‍റ്റിയിലൂടെ അവതരിച്ചു. സീസണിൽ ഇതുവരെ കണ്ട ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായി ബെംഗളൂരു-ബഗാൻ പോരാട്ടം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!