ISL 2021-22 : ലീഡ് ഉയര്‍ത്താന്‍ മുംബൈ സിറ്റി, നില മെച്ചപ്പെടുത്താന്‍ ഒഡിഷ; പോരാട്ടം രാത്രി

By Web TeamFirst Published Jan 3, 2022, 9:55 AM IST
Highlights

എട്ട് കളിയിൽ 5 ജയം അടക്കം 16 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് മുംബൈ സിറ്റി

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലില്‍ (ISL 2021-22) ലീഡ് ഉയര്‍ത്താന്‍ മുംബൈ സിറ്റി (Mumbai City Fc) ഇന്നിറങ്ങും. സീസണിലെ ഒന്‍പതാം മത്സരത്തിൽ ഒഡിഷ എഫ്‌സിയാണ് (Odisha Fc) നിലവിലെ ചാമ്പ്യന്മാരുടെ എതിരാളികള്‍. എട്ട് കളിയിൽ 5 ജയം അടക്കം 16 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് മുംബൈ സിറ്റി. എട്ട് കളിയിൽ 10 പോയിന്‍റുള്ള ഒഡീഷ ഏഴാം സ്ഥാനത്താണ്. ഗോവയില്‍ രാത്രി 7.30നാണ് മത്സരം.

ബ്ലാസ്റ്റേഴ്‌സിന് സമനില

ഐഎസ്എല്ലില്‍ ഇന്നലെത്തെ ആദ്യ മത്സരത്തില്‍ ഗോവയ്ക്കെതിരെ ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് 2-2ന് സമനില വഴങ്ങി. ഇരുപതാം മിനിറ്റില്‍ രണ്ട് ഗോള്‍ ലീഡ് നേടിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് പതറിയത്. ഒമ്പത് കളിയിൽ 14 പോയിന്‍റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പത്താം മിനിറ്റില്‍  അഡ്രിയാന്‍ ലൂണയുടെ കോര്‍ണറില്‍ കൃത്യമായി തലവച്ച് ജീക്സൺ സിംഗ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. 20-ാം മിനിറ്റില്‍ സീസണിലെ മികച്ച ഗോളുകളിലൊന്നുമായി ലൂണ ലീഡ് വര്‍ധിപ്പിച്ചു.

തൊട്ടുപിന്നാലെ 24-ാം മിനുറ്റില്‍ ഹോര്‍ഗെ ഓര്‍ട്ടിസിലൂടെ മത്സരത്തിലേക്ക് ഗോവ തിരിച്ചെത്തി. സഹല്‍ രണ്ടാമതും അവസരം പാഴാക്കിയതിന്‍റെ നിരാശ മാറും മുന്‍പേ ഗോവ ഒപ്പമെത്തി. 38-ാം മിനിറ്റില്‍ എഡു ബെഡിയയുടെ ഒളിംപിക് ഗോള്‍ ഗോവയെ തുല്യരാക്കി.

ചെന്നൈയിന്‍ വിജയവഴിയില്‍

ഐഎസ്എല്ലിൽ ചെന്നൈയിന്‍ എഫ്‌സിക്ക് സീസണിലെ നാലാം ജയം. ജംഷഡ്‌പൂര്‍ എഫ്‌സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് ചെന്നൈയിന്‍ തോൽപ്പിച്ചു. 31-ാം മിനിറ്റിൽ ലൂക്കാസ് ജീകിവിക്‌സ് ആണ് നിര്‍ണായക ഗോള്‍ നേടിയത്. ഒമ്പത് കളിയിൽ 14 പോയിന്‍റുള്ള ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്താണ്. 13 പോയിന്‍റുള്ള ജംഷഡ്‌പൂര്‍ ആറാം സ്ഥാനത്താണ്. സീസണില്‍ രണ്ടാം തോൽവി ആണ് ജംഷഡ്‌പൂര്‍ വഴങ്ങിയത്. 

Real Madrid lose : പുതുവര്‍ഷത്തില്‍ റയലിനെ അട്ടിമറിച്ച് ഗെറ്റാഫെ; ബാഴ്‌സയ്‌ക്കും അത്‌ലറ്റിക്കോയ്‌ക്കും ജയം

click me!