
ഫറ്റോര്‍ദ: ഐഎസ്എല്ലില്‍(ISL 2021-22) പരാജയ പരമ്പര തുടര്‍ന്ന് ഈസ്റ്റ് ബംഗാള്‍(SC East Bengal). നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ(NorthEast United) എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്‍റെ തോല്‍വി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്. മലയാളി താരം വി പി സുഹൈറും(VP Suhair) പാട്രിക് ഫ്ലോട്ട്മാനുമാണ് (Patrick Flottman)നോര്‍ത്ത് ഈസ്റ്റിനായി വലകുലുക്കിയത്. ജയത്തോടെ നോര്‍ത്ത് ഏഴ് കളികളില്‍ ഏഴ് പോയന്‍റുമായി കേരളാ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഏഴ് കളികളില്‍ മൂന്ന് പോയന്‍റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്ത് തുടരുന്നു.
തുടക്കത്തില്‍ ഈസ്റ്റ് ബംഗാളായിരുന്നു ആക്രമിച്ചു കളിച്ചത്. പന്തടക്കത്തിലും പാസിംഗിലും ഈസ്റ്റ് ബംഗാള്‍ മുന്നിട്ടു നിന്നു. ആദ്യ നിമിഷങ്ങളില്‍ ആസൂത്രിത ആക്രമണങ്ങളൊന്നും നടത്താന്‍ നോര്‍ത്ത് ഈസ്റ്റിനായില്ല. പതുക്കെ നോര്‍ത്ത് ഈസ്റ്റ് കളം പിടിച്ചുവെങ്കിലും കളി ആദ്യ ഇരുപത് മിനിറ്റും മധ്യനിരയില്‍ ഒതുങ്ങി നിന്നു. ആദ്യ 20 മിനിറ്റിന് ശേഷം ഇരു ടീമുകള്‍ക്കും അവസരം ലഭിച്ചെങ്കിലും മുന്നേറ്റ നിരക്ക് അതൊന്നും മുതലാക്കാനായില്ല.
ആദ്യ പകുതിയില്‍ ഇരു ടീമുകളും അവസരങ്ങള്‍ തുലക്കാന്‍ മത്സരിച്ചപ്പോള്‍ ഗോള്‍രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിലും കാര്യമായ ആക്രമണത്തിനൊന്നും ഇരു ടീമുകളും മുതിര്‍ന്നില്ല. എന്നാല്‍ 62-ാം മിനിറ്റില്‍ സമനിലപൂട്ട് പൊളിച്ച് മലയാളി താരം വി പി സുഹൈര്‍ നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു.
ആദ്യ ഗോളിന്‍റെ ആവേശത്തില്‍ നോര്‍ത്ത് ഈസ്റ്റ് ആക്രമണം കനപ്പിച്ചതോടെ ഈസ്റ്റ് ബംഗാള്‍ പ്രതിരോധം ആടിയുലഞ്ഞു, അധികം വൈകാതെ അതിന് ഫലവും ലഭിച്ചു. 68-ാം മിനിറ്റില്‍ ഹെഡ്ഡര്‍ ഗോളിലൂടെ ഫ്ലോട്ട്മാന്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
കളിയുടെ ഇഞ്ചുറി ടൈമില്‍ ഖാസ കമാറയുമായി കൈയാങ്കളിക്ക് മുതിര്‍ന്ന ആന്‍റോണിയോ പെര്‍സോവിച്ച് ചുവപ്പു കാര്‍ഡ് കണ്ടതോടെ 10 പേരുമായാണ് ഈസ്റ്റ് ബംഗാള്‍ മത്സരം പൂര്‍ത്തിയാക്കിയത്. നേരത്തെ കിക്കോഫിന് തൊട്ടു മുമ്പ് പരിക്കുമൂലം ക്യാപ്റ്റന്‍ ഹെര്‍നാന്‍ സന്‍റാനയെ നോര്‍ത്ത് ഈസ്റ്റിന് നഷ്ടമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!