
കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സും മഞ്ഞപ്പട ആരാധകരും കാത്തിരുന്ന രാത്രിയായിരുന്നു ഇന്നലെ. രണ്ട് വര്‍ഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് ബ്ലാസ്റ്റേഴ്‌സിന്‍റെ മത്സരം തിരിച്ചെത്തിയ ദിവസം. പഴയകാലം ഓര്‍മ്മിപ്പിച്ച് മഞ്ഞപ്പട ആരാധകര്‍ ഇരച്ചെത്തിയപ്പോള്‍ കലൂര്‍ അക്ഷരാര്‍ഥത്തില്‍ മഞ്ഞക്കടലായി. ബ്ലാസ്റ്റേഴ്‌സും ആരാധകരും കൊതിച്ച ജയം ഒന്‍പതാം സീസണിലെ ആദ്യ മത്സരത്തില്‍ ലഭിക്കുകയും ചെയ്തു. ടീമിനും ആരാധകര്‍ക്കും ആഘോഷിക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്തെങ്കിലും വേണോ.
ഒന്നിനെതിരെ മൂന്ന് ഗോളിന് വിജയിച്ച മത്സരത്തിന് ശേഷം ആരാധകര്‍ക്ക് മുന്നില്‍ വൈക്കിംഗ് ക്ലാപ്പോടെയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാൻ വുകാമനോവിച്ചും താരങ്ങളും മടങ്ങിയത്. കലൂര്‍ സ്റ്റേഡിയത്തില്‍ മുമ്പും ആവേശ വൈക്കിംഗ് ക്ലാപ്പ് അരങ്ങേറിയിട്ടുണ്ട്.
കൊച്ചിയിലെ മഞ്ഞക്കടലിരമ്പത്തെ സാക്ഷിയാക്കി ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ മൂന്ന് ഗോളിന് കൊല്‍ക്കത്തന്‍ ടീമായ ഈസ്റ്റ് ബംഗാളിനെ തോൽപിക്കുകയായിരുന്നു. എഴുപത്തിരണ്ടാം മിനിറ്റിൽ ഹർമൻജോത് ഖബ്രയുടെ ഉഗ്രൻ പാസിൽ അഡ്രിയൻ ലൂണയുടെ കിടിലൻ ഫിനിഷിംഗിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയപ്പോള്‍ സൂപ്പര്‍ സബ്ബായെത്തി ഇരട്ട ഗോളുമായി ഇവാൻ കലിയൂഷ്‌നിയാണ് ബ്ലാസ്റ്റേഴ്‌സിന് ജയമൊരുക്കിയത്. 82, 89 മിനിറ്റുകളിലായിരുന്നു കലിയൂഷ്‌നിയുടെ ഗോളുകള്‍. 88-ാം മിനുറ്റില്‍ അലക്‌സ് ലിമയുടെ ഷോട്ടിലൊതുങ്ങി ഈസ്റ്റ് ബംഗാളിന്‍റെ മറുപടി ഗോള്‍.
ഐഎസ്എല്‍ ചരിത്രത്തിൽ നാലാം ജയത്തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. ഈമാസം പതിനാറിന് മറ്റൊരു കൊല്‍ക്കത്തന്‍ ക്ലബായ എടികെ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ അടുത്ത എതിരാളികൾ. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിലെ ജയത്തിന്‍റെ ആവശത്തിലാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. അടുത്ത കളികളിലും മികച്ച പ്രകടനം ആവർത്തിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സിന്‍റെ മലയാളി താരം കൂടിയായ കെ പി രാഹുൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആശാന്‍ വേറെ ലെവല്‍; വുകാമനോവിച്ചിന്‍റെ തന്ത്രങ്ങൾക്ക് 100 മാർക്കെന്ന് ഐ എം വിജയൻ