ഐഎസ്എൽ ഒൻപതാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ വിജയത്തുടക്കമാണ് നേടിയത്

കൊച്ചി: ഐഎസ്എല്ലില്‍ കരുത്തരാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്നതിന്‍റെ സൂചനയാണ് ആദ്യ മത്സരത്തിലെ ജയമെന്ന് ഇന്ത്യന്‍ ഇതിഹാസം ഐ എം വിജയൻ. ഇവാൻ വുകാമനോവിച്ചിന്‍റെ തന്ത്രങ്ങൾക്ക് 100 മാർക്കെന്നും ഐ എം വിജയൻ ഈസ്റ്റ് ബംഗാളിനെതിരായ മത്സരശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കാത്തിരുന്ന തുടക്കം

ഐഎസ്എൽ ഒൻപതാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ വിജയത്തുടക്കമാണ് നേടിയത്. കൊച്ചിയിലെ മഞ്ഞക്കടലിരമ്പത്തെ സാക്ഷിയാക്കി ബ്ലാസ്റ്റേഴ്‌‌സ് ഒന്നിനെതിരെ മൂന്ന് ഗോളിന് ഈസ്റ്റ് ബംഗാളിനെ തോൽപിക്കുകയായിരുന്നു. എഴുപത്തിരണ്ടാം മിനിറ്റിൽ ഹർമൻജോത് ഖബ്രയുടെ ഉഗ്രൻ പാസിൽ അഡ്രിയൻ ലൂണയുടെ കിടിലൻ ഫിനിഷിംഗിലൂടെ ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തില്‍ മുന്നിലെത്തി. പിന്നാലെ പകരക്കാരനായിറങ്ങി മിനുറ്റുകള്‍ക്കുള്ളില്‍ കലൂർ സ്റ്റേഡിയം കീഴടക്കിയ ഇവാൻ കലിയൂഷ്‌നി 82, 89 മിനിറ്റുകളിൽ വല ചലിപ്പിച്ചു. ഇതിനിടെ 88-ാം മിനുറ്റില്‍ അലക്‌സ് ലിമയുടെ ഗോളിലൊതുങ്ങി ഈസ്റ്റ് ബംഗാളിന്‍റെ മറുപടി. ശാരീരിക മികവ് കൃത്യമായി ഉപയോഗിക്കുന്ന ഇവാൻ കലിയൂഷ്നി ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാവുമെന്നുറപ്പിച്ച മത്സരം കൂടിയാണ് കൊച്ചിയില്‍ പൂര്‍ത്തിയായത്. 

തിങ്ങിനിറഞ്ഞ് ഗാലറി

നിറംമങ്ങിയ ആദ്യപകുതിയെ മൂന്ന് ഗോളിന്‍റെ തിളക്കത്തിൽ നിഷ്പ്രഭമാക്കിയ കൊമ്പൻമാ‍ർക്ക് ഐഎസ്എല്‍ ചരിത്രത്തിൽ നാലാം ജയത്തുടക്കമാണിത്. ഈമാസം പതിനാറിന് എടികെ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ അടുത്ത എതിരാളികൾ. ആദ്യ മത്സരത്തിലെ ജയത്തിന്‍റെ ആവശത്തിലാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. അടുത്ത കളികളിലും മികച്ച പ്രകടനം ആവർത്തിക്കുമെന്ന് കെ പി രാഹുൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊവിഡ് ഇടവേളയ്ക്ക് ശേഷം കലൂരിലേക്ക് മത്സരം മടങ്ങിയെത്തിയപ്പോള്‍ തിങ്ങിനിറഞ്ഞ ഗാലറി താരങ്ങള്‍ക്ക് ആവേശമായി. ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം നേടാനായതിന്‍റെ സന്തോഷം ആരാധകരും മറച്ചുവെക്കുന്നില്ല. 

'ജൂലിയേറ്റ ഇത് നിനക്കുവേണ്ടി'...ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയശേഷം മകളുടെ ഓര്‍മയില്‍ വിതുമ്പി ലൂണ