ISL : ഒഗ്ബെച്ചെ ഗോളില്‍ ബെഗലൂരുവിനെ വീഴ്ത്തി ഹൈദരാബാദ് മുന്നോട്ട്

By Web TeamFirst Published Dec 8, 2021, 10:09 PM IST
Highlights

31-ാം മിനിറ്റില്‍ ലീഡ‍ുയര്‍ത്താന്‍ ഹൈദരാബാദിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം മുതലാക്കാന്‍ ജാവിയേര്‍ സിവേറിയോക്ക് കഴിഞ്ഞില്ല.

മഡ്ഗാവ്: ഐഎസ്എല്ലില്‍(ISL 2021-2022) ബെംഗലൂരു എഫ്‌സിയെ(Bengaluru FC) വീഴ്ത്തി ഹൈദരാബാദ് എഫ് സി(Hyderabad FC) രണ്ടാം ജയവുമായി പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഹൈദരാബാദിന്‍റെ ജയം. ഏഴാം മിനിറ്റില്‍ ബര്‍തോലോമ്യു ഒഗ്ബെച്ചെയാണ്(Bartholomew Ogbeche) ഹൈദരാബാദിന്‍റെ വിജയഗോള്‍ നേടിയത്.

തുടക്കം മുതല്‍ പന്തടക്കത്തിലും പാസിംഗിലും മുന്നിട്ടു നിന്ന ഹൈദരാബാദിനായിരുന്നു ആദ്യ പകുതിയില്‍ ആധിപത്യം. ആദ്യ മിനിറ്റുകളില്‍ തന്നെ ബെംഗലൂരു പ്രതിരോധത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയ ഹൈദരാബാദിന് വൈകാതെ ഫലം ലഭിച്ചു. ഏഴാം മിനിറ്റില്‍ ആകാശ് മിശ്ര ഒരുക്കിക്കൊടുത്ത അവസരം പിഴുകളേതുമില്ലാതെ വലയിലാക്കി ഒഗ്ബെച്ചെ ഹൈദരാബാദിനെ മുന്നിലെത്തിച്ചു.

31-ാം മിനിറ്റില്‍ ലീഡ‍ുയര്‍ത്താന്‍ ഹൈദരാബാദിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം മുതലാക്കാന്‍ ജാവിയേര്‍ സിവേറിയോക്ക് കഴിഞ്ഞില്ല. സമനില ഗോളിനായി ബെംഗലൂരു കിണഞ്ഞു ശ്രമിച്ചെങ്കിലും ഹൈദരാബാദ് പ്രതിരോധം വഴങ്ങിയില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലെ ആഷിഖ് കുരുണിയന്‍റെ മുന്നേറ്റത്തിനൊടുവില്‍ സമനില ഗോള്‍ കണ്ടെത്താന്‍ ബെംഗലൂരുവിന് അവസരം ലഭിച്ചെങ്കിലും ക്ലൈറ്റന്‍ സില്‍വയുടെ ഷോട്ട് ഹൈദരാബാദ് ഗോള്‍ കീപ്പര്‍ കട്ടിമാണി തട്ടിയകറ്റി അപകടം ഒഴിവാക്കി.

ആഷിഖിലൂടെ തുടര്‍ന്നും ബെംഗലൂരു ഹൈദരാബാദ് പ്രതിരോധത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. മുന്നേറ്റ നിരയില്‍ ക്ലൈറ്റണ്‍ സില്‍വയും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും നിറം മങ്ങിയത് ബെഗലൂരവിന്‍റെ പ്രതീക്ഷകളെ തകിടം മറിച്ചു. ജയത്തോടെ ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തോല്‍വിയോടെ ബെംഗലൂരു ഒമ്പതാം സ്ഥാനത്തേക്ക് വീണു.

click me!