
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല സൗഹൃദ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണു. ആര്‍ ബി ലെയ്പ്‌സിഗിനെതിരായ മത്സരത്തിനിടെയാണ് സംഭവം. മത്സരത്തില്‍ ഗോള്‍ നേടി മിനിറ്റുകള്‍ക്കകമാണ് ഈ അപ്രതീക്ഷിത സംഭവമുണ്ടായത്. എന്നാല്‍ താരം നിലവില്‍ സുരക്ഷിതനാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ബയേണ്‍ മ്യൂണിക്ക് മാനേജ്‌മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ ഇരുപത്തിമൂന്നുകാരനായ മുസിയാല, 81-ാം മിനിറ്റില്‍ ടീമിനായി വലകുലുക്കിയിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണ് താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണത്. മത്സരശേഷം ബയേണ്‍ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ മാക്‌സ് എബര്‍ല്‍ മാധ്യമങ്ങളോട് സംസാരിക്കവെ ആശങ്കകള്‍ തള്ളിക്കളഞ്ഞു. 'ഏറ്റവും പ്രധാനം അവന്‍ സുഖമായിരിക്കുന്നു എന്നതാണ്. നിലവില്‍ മറ്റൊന്നും പറയാനില്ല.' അദ്ദേഹം വ്യക്തമാക്കി. ക്ലബ്ബിന്റെ സ്‌പോര്‍ട്‌സ് ബോര്‍ഡ് അംഗവും സമാനമായ രീതിയില്‍ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആവര്‍ത്തിച്ചു. എന്നാല്‍, താരം കുഴഞ്ഞുവീഴാനുണ്ടായ കൃത്യമായ കാരണം ക്ലബ്ബ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
🚨TRENDING: Bayern Munich's Jamal Musiala collapsed on the pitch and Ismael Saibari immediately stepped in. pic.twitter.com/btYIAXeBPd
— Polymarket Sports (@PolymarketSport) August 16, 2026
മൈതാനത്തിറങ്ങി ഏകദേശം 15 മിനിറ്റുകള്‍ക്ക് ശേഷമാണ് സംഭവം നടന്നത്. ഉടന്‍ തന്നെ ഇരു ടീമുകളുടെയും മെഡിക്കല്‍ സംഘം ഗ്രൗണ്ടിലെത്തി പ്രഥമിക പരിചരണം നല്‍കി. പിന്നീട് സ്വന്തം കാലില്‍ എഴുന്നേറ്റ താരം, അല്‍പം അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും സഹായമില്ലാതെ ടണലിലേക്ക് നടന്നുനീങ്ങി. തുടര്‍ന്ന് 88-ാം മിനിറ്റില്‍ അദ്ദേഹത്തെ ഗ്രൗണ്ടില്‍ നിന്ന് പിന്‍വലിച്ചു. അന്നേദിവസം മ്യൂണിക്കിലെ ഉയര്‍ന്ന താപനില കാരണം താരം പെട്ടെന്നുണ്ടായ തലകറക്കത്തിന് അടിപ്പെട്ടതാവാമെന്നാണ് ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എങ്കിലും ഇക്കാര്യത്തില്‍ ക്ലബ്ബിന്റെ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.
പരിക്കുകളുടെ ചരിത്രമാണ് ആരാധകരില്‍ വലിയ ആശങ്കയുണ്ടാക്കുന്നത്. കഴിഞ്ഞ വര്‍ഷം ക്ലബ്ബ് വേള്‍ഡ് കപ്പില്‍ പിഎസ്ജിക്കെതിരായ മത്സരത്തില്‍ കാല്‍മുട്ടിനുണ്ടായ ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് മാസങ്ങളോളം താരത്തിന് കളത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ തിരിച്ചെത്തിയ താരം ജര്‍മ്മനിയുടെ 2026 ലോകകപ്പ് സ്‌ക്വാഡിലും നിര്‍ണായക സാന്നിധ്യമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!