Santosh Trophy : ജസിന് അഞ്ച് ഗോള്‍! 'ഏഴഴകോടെ' കേരളം സന്തോഷ് ട്രോഫി ഫൈനലില്‍

Published : Apr 28, 2022, 10:22 PM ISTUpdated : Apr 29, 2022, 12:15 AM IST
Santosh Trophy : ജസിന് അഞ്ച് ഗോള്‍! 'ഏഴഴകോടെ' കേരളം സന്തോഷ് ട്രോഫി ഫൈനലില്‍

Synopsis

ഗോളില്‍ മുങ്ങി പയ്യനാട് സ്റ്റേഡിയം, സൂപ്പർസബ് ജസിന് അഞ്ച് ഗോള്‍, ഏഴ് ഗോളടിച്ച് കേരളം കലാശപ്പോരിന് 

മഞ്ചേരി: പയ്യനാട്ടെ മാറക്കാനയില്‍ മെക്സിക്കന്‍ തിരമാല കണക്കേ അലതല്ലിയ ആരാധക്കൂട്ടം, സൂപ്പർസബ് ജസിന്‍റെ (Jesin) ഹാട്രിക്കടക്കം എതിരാളികളുടെ നെഞ്ച് പിളർത്ത അഞ്ച് ഗോള്‍, ഒടുവില്‍ കർണാടകയെ (Kerala vs Karnataka) ഗോള്‍മഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫിയില്‍ (Santosh Trophy 2022) 15-ാം ഫൈനലില്‍. അയല്‍ക്കാരെ 7-3ന് തകർത്താണ് കേരളം ഫൈനലിന് കാണികള്‍ക്ക് ക്ഷണക്കത്ത് കൈമാറിയത്. കേരളത്തിനായി സൂപ്പർസബ് ജസിന്‍ അഞ്ചും ഷിഖിലും അർജുന്‍ ജയരാജും ഓരോ ഗോളും വലയിലിട്ടു. ആദ്യപകുതിയില്‍ തന്നെ 4-1ന് കേരളം ലീഡ് നേടിയിരുന്നു. ആദ്യപകുതിയില്‍ 10 മിനുറ്റിനിടെയായിരുന്നു ജസിന്‍റെ ഹാട്രിക്. 

ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് കേരളം ഗോളടി മേളം ആരംഭിച്ചത്. കേരളത്തിനായി 30-ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ ജസിന്‍ അഞ്ച് ഗോള്‍ നേടി. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ആറ് ഗോള്‍ നേടിയ ജസിന്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തി. കര്‍ണാടകന്‍ പ്രതിരോധ താരം സിജുവിന്റെ ദേഹത്ത് തട്ടികയറിയ ഒരു ഗോളും കേരളത്തിന്റെ അക്കൗണ്ടിലുണ്ട്. മെയ് 2ന് മണിപ്പൂര്‍-വെസ്റ്റ് ബംഗാള്‍ പോരാട്ടത്തിലെ വിജയിയുമായി കേരളം ഏറ്റുമുട്ടും. 

ആദ്യ പകുതി

സെമി ഫൈനലിന്റെ എല്ലാ പോരാട്ടവീര്യവും കണ്ടതായിരുന്നു കേരള-കര്‍ണാടക മത്സരത്തില്‍ ആദ്യ പകുതി. കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ആദ്യ ഇലവനില്‍ സല്‍മാന് പകരക്കാരനായി നിജോ ഗില്‍ബേര്‍ട്ടിനെ ഉള്‍പ്പെടുത്തിയാണ് കേരളം ഇറങ്ങിയത്. ആദ്യ മിനുട്ടുകളില്‍ പതിയെ തുടങ്ങിയ കേരളം പിന്നീട് അറ്റാക്കിങിന്റെ രീതി മാറ്റി. നിരവധി അവസരങ്ങള്‍ കേരളത്തിന് ലഭിച്ചെങ്കിലും ഓഫ് സൈഡ് വില്ലനായി. 

25-ാം മിനുട്ടില്‍ തിങ്ങിനിറഞ്ഞ കേരള ആരാധകരെ നിശബ്ദരാക്കി കര്‍ണാടക ലീഡ് എടുത്തു. ഇടതു വിങ്ങില്‍ നിന്ന് സുലൈമലൈ നല്‍കിയ പാസില്‍ സുധീര്‍ കൊട്ടികലയുടെ വകയായിരുന്നു ഗോള്‍. ചാമ്പ്യന്‍ഷിപ്പില്‍ കൊട്ടികലയുടെ അഞ്ചാം ഗോള്‍. ഇതോടെ ഏറ്റവും അധികം ഗോള്‍ നേടിയവരുടെ പട്ടികയില്‍ കേരള ക്യാപ്റ്റന്‍ ജിജോ ജോസഫിനൊപ്പം എത്തി കർണാടക നായകന്‍. കേരളം ഗോള്‍വഴങ്ങിയതിന് ശേഷം 30-ാം മിനുട്ടില്‍ ജസിന്‍ പകരക്കാരനായി എത്തിയതോടെ കളിയുടെ മട്ടും ഭാവവും മാറി. 

35-ാം മിനുട്ടില്‍ സൂപ്പര്‍ സബ് ജസിന്‍ കേരളത്തിനായി സമനില പിടിച്ചു. ബോക്‌സിന് അകത്തേക്ക് നല്‍കിയ പാസില്‍ അതിമനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു. 40-ാം മിനുട്ടില്‍ ജസിനിലൂടെ കേരളം ലീഡ് എടുത്തു. കര്‍ണാടകന്‍ മധ്യനിരതാരങ്ങള്‍ വരുത്തിയ പിഴവില്‍ ഓടി കയറി പന്ത് തട്ടിയെടുത്ത ജസിന്‍ കര്‍ണാടകന്‍ പ്രതിരോധ താരങ്ങളെയും ഗോള്‍കീപ്പറെയും കാഴ്ചകാരനാക്കി ഗോളാക്കി മാറ്റുകയായിരുന്നു. 44-ാം മിനുട്ടില്‍ ജസിന്‍ ഹാട്രിക്ക് നേടി. ഇടതു വിങ്ങില്‍ നിന്ന് കേരളാ താരം നിജോ ഗില്‍ബേര്‍ട്ട് അടിച്ച ബോള്‍ കര്‍ണാടകന്‍ കീപ്പര്‍ കെവിന്‍ തട്ടിയെങ്കിലും ഗോള്‍കീപ്പറുടെ തൊട്ടുമുന്നില്‍ നിലയുറപ്പിച്ചിരുന്ന ജസിന്‍ അനായാസം ഗോളാക്കി മാറ്റി. 

മത്സരം അധിക സമയത്തേക്ക് നീങ്ങിയ സമയത്ത് കേരളം ലീഡ് മൂന്നാക്കി ഉയര്‍ത്തി. വലതു വിങ്ങിലൂടെ കര്‍ണാടകന്‍ ബോക്‌സിലേക്ക് ഇരച്ചു കയറിയ നിജോ ഗില്‍ബേര്‍ട്ട് നല്‍കിയ പാസ് ഗോള്‍കീപ്പര്‍ തട്ടിയെങ്കിലും തുടര്‍ന്ന് കിട്ടിയ അവസരം ഷിഖില്‍ ഗോളാക്കിമാറ്റുകയായിരുന്നു. 

രണ്ടാം പകുതി

54-ാം മിനുട്ടില്‍ കര്‍ണാടക ഒരു ഗോള്‍ തിരിച്ചടിച്ചു. ഏകദേശം 30 വാര അകലെ നിന്ന് കര്‍ണാടകന്‍ വിങ്ങര്‍ കമലേഷ് എടുത്ത ഷോട്ട് കേരള കീപ്പര്‍ മിഥുനെ കാഴ്ചക്കാരനാക്കി സെകന്‍ഡ് പോസ്റ്റിലേക്ക് താഴ്ന്ന് ഇറങ്ങി. ചാമ്പ്യന്‍ഷിപ്പിലെ മികച്ച ഗോള്‍. ഗോള്‍ വഴങ്ങിയതിന് ശേഷം രണ്ട് മിനുട്ടിനുള്ളില്‍ കേരളത്തിന്റെ അടുത്ത ഗോള്‍ പിറന്നു. മധ്യനിരയില്‍ നിന്ന് കര്‍ണാടകന്‍ ബോക്‌സിലേക്ക് സോളോ റണ്ണിലൂടെ മുന്നേറിയ ജസിന്‍ ഗോള്‍കീപ്പറെ കാഴ്ചകാരനാക്കി ഗോളാക്കി മാറ്റുകയായിരുന്നു. സെമിയില്‍ ജസിന്റെ നാലാം ഗോള്‍. അതോടെ ഏറ്റവും അധികം ഗോള്‍ നേടിയവരുടെ പട്ടികയില്‍ കേരളാ ക്യാപ്റ്റന്‍ ജിജോ ജോസഫിനും കര്‍ണാടകന്‍ താരം സുധീര്‍ കൊട്ടികലക്കുമൊപ്പം എത്തി. 

62-ാം മിനുട്ടില്‍ കേരളത്തിന്റെ ആറാം ഗോള്‍ പിറന്നു. വലതുവിങ്ങില്‍ നിന്ന് അര്‍ജുന്‍ നല്‍കിയ ക്രോസ് കര്‍ണാടകന്‍ പ്രതിരോധ താരം സിജുവിന്റെ ദേഹത്ത് തട്ടി ഗോളായി മാറുകയായിരുന്നു. 71-ാം മിനുട്ടില്‍ കര്‍ണാടക മൂന്നാം ഗോള്‍ നേടി. ബോക്‌സിന് പുറത്തുനിന്ന് സുലൈമലൈ എടുത്ത ഉഗ്രന്‍ ഷോട്ട് കേരള കീപ്പര്‍ മിഥുനെ കാഴ്ചക്കാരനാക്കി ഗോളായി മാറി. രണ്ട് മിനുട്ടിന് ശേഷം 74-ാം മിനുട്ടില്‍ ജസിന്റെ അഞ്ചാം ഗോള്‍ വലയിലേക്ക് വീണു. നൗഫല്‍ ബോക്‌സിലേക്ക് നല്‍കിയ പാസ് അനായാസം ജസിന്‍ ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെയാണ് ജസിന്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്.

Santosh Trophy : പയ്യനാട് ഗോള്‍മഴ, സൂപ്പർസബ് ജസിന് ഹാട്രിക്! കർണാടകയ്‍ക്കെതിരെ ആദ്യപകുതി റാഞ്ചി കേരളം

PREV
click me!

Recommended Stories

കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ
സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം