
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിന് മുന്നോടിയായി സ്പാനിഷ് സെന്റര്‍ ബാക്ക് ജുവാന്‍ റോഡ്രിഗസ് മാര്‍ട്ടിനെസിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. സ്‌പെയിനിലെ പ്രൈമേര ഫെഡറേഷനിലെ സി ഡി ലുഗോയ്ക്ക് വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് 30-കാരനായ ഈ പ്രതിരോധതാരം ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത്. പ്രതിരോധത്തിലെ തന്റെ ആധിപത്യം, പന്തിലുള്ള മികച്ച നിയന്ത്രണം എന്നിവയാല്‍ ശ്രദ്ധേയനാണ് ജുവാന്‍. ഇത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിരയ്ക്ക് ഒരു മുതല്‍ക്കൂട്ടാകും. സ്‌പെയിനിലെ സെഡെയ്‌റ സ്വദേശിയായ ജുവാന്‍ തന്റെ നേതൃപാടവം, ടാക്റ്റിക്കല്‍ അച്ചടക്കം, സമ്മര്‍ദ്ദഘട്ടങ്ങളില്‍ പോലും ശാന്തമായ പന്തടക്കം എന്നിവയാല്‍ ഏറെ പ്രശംസ നേടിയ താരമാണ്.
റേസിങ് ഫെറോളിന്റെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്നുവന്ന ജുവാന്‍ പിന്നീട് സ്‌പോര്‍ട്ടിങ് ഗിജോണ്‍, ജിംനാസ്റ്റിക് ഡി ടരാഗോണ, സാന്‍ ഫെര്‍ണാണ്ടോ സി.ഡി., എസ്.ഡി. അമോറെബിയേറ്റ, അല്‍ജെസിറാസ് സി.എഫ്, ഏറ്റവും ഒടുവില്‍ സി.ഡി. ലുഗോ എന്നിവയുള്‍പ്പെടെ നിരവധി സ്പാനിഷ് ക്ലബ്ബുകള്‍ക്കായി കളിച്ചു. തന്റെ പ്രൊഫഷണല്‍ കരിയറില്‍ 200-ല്‍ അധികം മത്സരങ്ങള്‍ കളിച്ച ഇദ്ദേഹം, സ്‌പെയിനിലെ ലീഗുകളിലുടനീളം സ്ഥിരതയുള്ളതും വിശ്വസനീയവുമായ പ്രതിരോധതാരമായി ആണ് അറിയപ്പെടുന്നത്. കഴിഞ്ഞ സീസണില്‍ സി.ഡി. ലുഗോയ്ക്ക് വേണ്ടി 36 മത്സരങ്ങളില്‍ കളിച്ച ജുവാന്‍, പ്രതിരോധത്തിലെ നേതൃത്വ മികവ്, ആകാശപ്പോരുകളിലെ ആധിപത്യം, സെറ്റ്-പീസുകളില്‍ നിന്ന് ഗോള്‍ നേടാനും എന്നിവ കൊണ്ട് ലീഗിലെ മികച്ച പ്രതിരോധക്കാരില്‍ ഒരാളായി അംഗീകരിക്കപ്പെട്ടു.
ബ്ലാസ്റ്റേഴ്‌സില്‍ വന്നതുമായി ബന്ധപ്പെട്ട് താരം പറഞ്ഞതിങ്ങനെ... ''കേരള ബ്ലാസ്റ്റേഴ്‌സുമായി ഈ പുതിയ അദ്ധ്യായം തുടങ്ങുന്നതില്‍ ഞാന്‍ ആവേശത്തിലാണ്. കേരളത്തിലെ ഫുട്‌ബോള്‍ സംസ്‌കാരത്തെക്കുറിച്ച് ഞാന്‍ ഒരുപാട് കേട്ടു, ടീമിന് വേണ്ടി എന്റെ എല്ലാം നല്‍കാനും ഈ സീസണില്‍ ടീമിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കാനും ഞാന്‍ പരിശ്രമിക്കും.'' താരം പ്രതികരിച്ചു.
ജുവാനെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ക്ലബ്ബ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് കൂട്ടിചേര്‍ത്തു. ''ഒരു ഡിഫറന്‍ഡറിന് വേണ്ട മനോഭാവവും കഴിവും ഒപ്പം സ്‌പെയിനിലെ ലീഗുകളിലെ വിപുലമായ അനുഭവസമ്പത്തുമുള്ള കളിക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃപാടവവും ശാന്തതയും ഞങ്ങളുടെ പ്രതിരോധനിരക്ക് ഒരു വിലപ്പെട്ട കൂട്ടിച്ചേര്‍ക്കലായിരിക്കും.'' സ്‌കിന്‍കിസ് വ്യക്തമാക്കി.