ജിസിഡിഎയുടെ വാദങ്ങള്‍ വാസ്തവ വിരുദ്ധമെന്ന് ബ്ലാസ്റ്റേഴ്‌സ്

By Web TeamFirst Published Nov 4, 2019, 10:19 PM IST
Highlights

കേരള ബ്ലാസ്റ്റേഴ്സിന് എതിരെ ജിസിഡിഎ നിരത്തുന്ന വാദഗതികള്‍ വാസ്തവ വിരുദ്ധമെന്ന് കെബിഎഫ്‌സി. നാലാം സീസണിന് ശേഷം സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ജിസിഡിഎ കണക്കാക്കിയ തുക 53ലക്ഷമാണ്.

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് എതിരെ ജിസിഡിഎ നിരത്തുന്ന വാദഗതികള്‍ വാസ്തവ വിരുദ്ധമെന്ന് കെബിഎഫ്‌സി. നാലാം സീസണിന് ശേഷം സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ജിസിഡിഎ കണക്കാക്കിയ തുക 53ലക്ഷമാണ്. ഇതില്‍ 24ലക്ഷം രൂപ ജിസിഡിഎക്ക് നല്‍കിയെന്നും അധികൃതര്‍ അവകാശപ്പെട്ടു. പിന്നീടുള്ള അറ്റകുറ്റപ്പണികള്‍ക്കായി ജിസിഡിഎ നല്‍കിയ എസ്റ്റിമേറ്റ് തുക യഥാര്‍ത്ഥ എസ്റ്റിമേറ്റ് തുകയെക്കാള്‍ കൂടുതലായതിനാല്‍ ക്ലബ് നേരിട്ട് ഇടപ്പെട്ട് സ്റ്റേഡിയം ഉപയോഗയോഗ്യമാക്കി. എന്നിട്ടും പണം നല്‍കാനുണ്ടെന്ന വാദഗതി ശരിയല്ലെന്ന് ബ്ലാസ്റ്റേഴ്‌സ്. 

അഞ്ചാം സീസണ് ശേഷം ജിസിഡിഎ അറ്റകുറ്റപ്പണിക്കുള്ള തുക കണക്കാക്കിയിരുന്നു. നാലാം സീസണ് ശേഷം അറ്റകുറ്റപ്പണികള്‍ക്ക് ജിസിഡിഎ ആവശ്യപ്പെട്ട തുകയും ചേര്‍ത്താണ് ആകെ തുക കണക്കാക്കിയത്. ഈ തുകയാണ് നല്‍കാനുണ്ടെന്ന് പറയുന്ന 48.89 ലക്ഷം. നാലാം സീസണിന് ശേഷം അറ്റകുറ്റപ്പണി നടത്തിയിട്ടും പണം നല്‍കാനുണ്ടെന്ന വാദമാണ് ജിസിഡിഎ ഉയര്‍ത്തുന്നത്. 

മാത്രമല്ല ഐഎസ്എല്ലിന്റെ ആറാം സീസണിലേക്കായി സ്റ്റേഡിയം ക്ലബ്ബിന് വിട്ടുനല്‍കേണ്ട ദിവസമായ ഒക്ടോബര്‍ 1ന് രണ്ട് ദിവസം മുന്‍പ് മാത്രമാണ് ജിസിഡിഎ ഡാമേജ് റിപ്പോര്‍ട്ട് നല്‍കിയത് എന്നതും ബ്ലാസ്റ്റേഴ്സ് ചൂണ്ടികാട്ടുന്നു. തുടര്‍ന്ന് ഇരിപ്പിടങ്ങള്‍, ശൗചാലയങ്ങള്‍,  ഇലക്ട്രിക്കല്‍ എന്നിവയിലെ കേടുപാടുകള്‍  ക്ലബ്ബ് അറ്റകുറ്റപണികള്‍ നടത്തി ഉപയോഗയോഗ്യമാക്കി. വെള്ളം, വൈദ്യുതി പാര്‍ക്കിംഗ് എന്നിവക്കായി ജിസിഡിഎ കണക്കാക്കിയ 11.79ലക്ഷം രൂപമാത്രമാണ് ക്ലബ്ബ് ജിസിഡിഎക്ക് നല്‍കാനുള്ളത്. അത് നല്‍കാന്‍ തയ്യാറാണെന്നും ക്ലബ് അധികൃതര്‍ അറിയിച്ചു.

click me!