
മഞ്ചേരി: കേരള ഗോള്‍ കീപ്പര്‍ വി മിഥുന് (V Midhhun) രണ്ടാം സന്തോഷ് ട്രോഫി (Santosh Trophy) കിരീടമാണിത്. 2018ല്‍ രാഹുല്‍ വി രാജിന്റെ നേതൃത്വത്തില്‍ കേരളം കിരീടം നേടുമ്പോള്‍ മിഥുനായിരുന്നു ക്രോസ് ബാറിന് കീഴില്‍. അന്ന് പെനാല്‍റ്റ് തടുത്തിട്ടാണ് മിഥുന്‍ കേരളത്തെ കിരീടത്തിലേക്ക് നയിച്ചത്. അന്നും പശ്ചിമ ബംഗാളായിരുന്നു കേരളത്തിന്റെ (Kerala Football) എതിരാളി. സതീവന്‍ ബാലന്‍ പരിശീലകനും. ഇത്തവണ പെനാല്‍റ്റി തടുത്തിടാന്‍ ആയില്ലെങ്കിലും മത്സരത്തില്‍ ചില നിര്‍ണായക രക്ഷപ്പെടുത്തലുകള്‍ താരം നടത്തി.
എന്നാല്‍ ഇനിയൊരു സന്തോഷ് ട്രോഫിക്ക് താനുണ്ടാവില്ലെന്നാണ് മിഥുന്‍ പറയുന്നത്. അതിന് മുമ്പ് മിഥുന്‍ ഏഷ്യനെറ്റ് ന്യൂസുമായി സംസാരിച്ചു. കപ്പടിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് കളിച്ചതെന്ന് മിഥുന്‍ പറഞ്ഞു. ''വളരെയധികം ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം 2018ലും ഇതേ ടീമിനോട് പെനാല്‍റ്റി ജയിച്ചാണ് നമ്മള്‍ കിരീടം നേടിയത്.
എല്ലാവര്‍ക്കും നന്ദി. നമ്മുടെ നാട്ടില്‍ വച്ച് കപ്പടിക്കുന്നതിന് ഇരട്ടി മധുരമുണ്ട്. 2018ലെ കപ്പ് നേട്ടത്തേക്കാളും വലിയ നേട്ടമാണിതെന്ന് തോന്നുന്നു. കാണികളുടെ പിന്തുണ വലുതായിരുന്നു. കേരളം ഗോള്‍ മടക്കിയ ശേഷം ആ വൈബ് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഏഴ് വര്‍ഷമായി കളിക്കുന്നു. ഈ വര്‍ഷത്തോടെ കേരളത്തിന് വേണ്ടി കളിക്കുന്നത് നിര്‍ത്തും.'' മിഥുന്‍ പറഞ്ഞു.
കാണികള്‍ക്ക് മുന്നില്‍ കപ്പടിക്കുകയെന്നത് വലിയൊരു ആഗ്രഹമായിരുന്നുവെന്നും വരും സീസണുകളില്‍ ബാങ്കിന് വേണ്ടി കളി തുടരുമെന്നും മിഥുന്‍ കൂട്ടിചേര്‍ത്തു.
നേരത്തെ, മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് കേരളത്തിന്റെ നായകന്‍ ജിജോ ജോസഫായിരുന്നു. സന്തോഷ് ട്രോഫിയിലെ അവസാന മത്സരമാണ് ജിജോ കളിച്ചത്. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ശ്രദ്ധിക്കാനാണ് സന്തോഷ് ട്രോഫി മതിയാക്കുന്നതെന്ന് ജിജോ മത്സരശേഷം പറഞ്ഞു. ജിജോയുടെ വാക്കുകള്‍... ''എത്രത്തോളം വലിയതാണ് കിരീടനേട്ടമാണെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പ്രത്യേക പരിശീലനം നടത്തിയിരുന്നു. ഒരു മുന്‍കരുതല്‍ എന്നുള്ള നിലയിലായിരുന്നു അത്. സ്ഥിരം പരിശീലനത്തിന് ശേഷം പെനാല്‍റ്റിയെടുത്ത് പരിശീലിക്കുകമായിരുന്നു. കിക്ക് നഷ്ടമാക്കിയാല്‍ ശരിയാവുന്നത് വരെ അത് ചെയ്‌തോണ്ടിരിക്കും.'' ജിജോ പറഞ്ഞു.
ഭാവിയെ കുറിച്ചും ജിജോ സംസാരിച്ചു. ''പ്രൊഫഷണല്‍ ക്ലബുകള്‍ ഓഫറുമായി പിന്നാലെയുണ്ട്. പ്രൊഫഷണല്‍ ക്ലബുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ബാങ്കുമായി സംസാരിച്ചിട്ട് ബാക്കിയുള്ള കാര്യങ്ങള്‍ ചെയ്യും.'' ജിജോ പറഞ്ഞുനിര്‍ത്തി.
പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടാം കിക്കെടുത്ത ബംഗാളിന്റെ സജലിനാണ് പിഴച്ചത്. സജലിന്റെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ കേരളത്തിന്റെ കിക്കുകള്‍ എല്ലാം ഗോളായി. സഞ്ജു, ബിബിന്‍, ക്യാപ്റ്റന്‍ ജിജോ ജോസഫ്, ജേസണ്‍, ജെസിന്‍ എന്നിവരാണ് ഷൂട്ടൗട്ടില്‍ കേരളത്തിനായി സ്‌കോര്‍ ചെയ്തത്.