വിനോദ നികുതി അടയ്ക്കണമെന്ന് കൊച്ചി കോർപ്പറേഷൻ, ബ്ലാസ്റ്റേഴ്സിന് നോട്ടീസ്; കോടതിയലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്സ്

By Web TeamFirst Published Oct 20, 2022, 7:46 PM IST
Highlights

ഐഎസ്എൽ അടക്കമുള്ള ഫുട്ബോൾ മത്സരങ്ങളെ ജിഎസ്ടി നിലവിൽ വന്നപ്പോൾ വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കിയതാണെന്ന് മാനേജ്മെന്റ്. വിനോദ നികുതി ഈടാക്കുന്നത് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും ബ്ലാസ്റ്റേഴ്സ്

കൊച്ചി: കലൂർ ജവഹർലാൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ മത്സരങ്ങൾക്ക് വിനോദ നികുതി അടയ്ക്കണം എന്നാവശ്യപ്പെട്ടുള്ള കൊച്ചി കോർപ്പറേഷന്റെ നോട്ടീസിനെതിരെ കേരള ബ്ലാസ്റ്റേഴ്സ്. വിനോദ നികുതി ഈടാക്കുന്നത് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് കോർപ്പറേഷനെതിരെ കേരള ബ്ലാസ്റ്റേഴ്സ് രംഗത്തെത്തിയത്. കോടതിയുടെ സ്റ്റേ നിലനിൽക്കേ, നോട്ടീസ് നൽകിയത് കോടതിയലക്ഷ്യമാണെന്നും ബ്ലാസ്റ്റേഴ്സ് ആരോപിച്ചു. ഐഎസ്എൽ അടക്കമുള്ള ഫുട്ബോൾ മത്സരങ്ങളെ ജിഎസ്ടി നിലവിൽ വന്നപ്പോൾ വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കിയതാണ്. ഈ സാഹചര്യത്തിൽ നോട്ടീസ് പിൻവലിക്കണമെന്നും ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടു. അതേസമയം നോട്ടീസ് നൽകിയ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോർപ്പറേഷൻ. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൌണ്ടാണ് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം. ഈ സീസണിൽ രണ്ട് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ കളിച്ചത്. ആദ്യ മത്സരം ജയിച്ചു. രണ്ടാമത്തേതിൽ തോറ്റു. നിറഞ്ഞ കാണികൾക്ക് മുന്നിലായിരുന്നു രണ്ട് മത്സരങ്ങളും.

നേരത്തെ, ബ്ലാസ്റ്റേഴ്സിന്റെ ടീം ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ടീം ബസിൽ നടത്തിയ പരിശോധനകളെ തുടർന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. അഞ്ച് നിയമലംഘനങ്ങളാണ് ബസിൽ കണ്ടെത്തിയത്.  ബസ്സിന്റെ ടയറുകൾ അപകടാവസ്ഥയിൽ ആയിരുന്നുവെന്നതായിരുന്നു ഒന്ന്. റിയർ വ്യൂ മിറർ തകർന്ന നിലയിലായിരുന്നു. ഫസ്റ്റ് എയ്ഡ് ബോക്സിൽ മരുന്നുകളുണ്ടായിരുന്നില്ല.  വണ്ടിയുടെ ടയര്‍ പൊട്ടി ട്യൂബ് കാണുന്ന നിലയിലായിരുന്നെന്നും ബോണറ്റ് തകര്‍ന്നിട്ടുണ്ടെന്നും എംവിഡി പരിശോധനയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അപകടകരമായ നിലയിൽ സ്റ്റിക്കര്‍ പതിച്ചതും ഫിറ്റ്നസ് റദ്ദാക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടി. 

click me!