
മാഡ്രിഡ്: സ്‌പാനിഷ് ലീഗിൽ ഇന്ന് എൽ ക്ലാസികോ പോരാട്ടം. റയൽ മാഡ്രിഡ് ചിരവൈരികളായ ബാഴ്‌സലോണയെ നേരിടും. റയലിന്‍റെ തട്ടകമായ സാന്‍റിയാഗോ ബെര്‍ണബ്യൂവിൽ രാത്രി 7.45നാണ് മത്സരം.
എട്ട് കളികളില്‍ ഏഴ് വീതം ജയവും ഓരോ സമനിലയുമായി ലാ ലിഗയിൽ ഒപ്പത്തിനൊപ്പമാണ് ബാഴ്‌സലോണയും റയൽ മാഡ്രിഡും. ഗോൾ ശരാശരിയിൽ ബാഴ്‌സക്ക് നേരിയ മുൻതൂക്കമുണ്ട്. ചരിത്രത്തിലെ 250-ാം എൽക്ലാസികോ പോരാട്ടത്തിൽ ലീഗിൽ ഒന്നാമതെത്താൻ കൂടിയാണ് ബാഴ്‌സയും റയലും പോരടിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ തിരിച്ചടിയെങ്കിലും ലീഗിൽ മിന്നും ഫോമിലാണ് സാവിയുടെ ബാഴ്സ. ലെവൻഡോവ്സ്‌കി നയിക്കുന്ന മുന്നേറ്റനിരയിൽ ഉസ്മാൻ ഡെംബേലെ, റാഫീന്യ, അൻസു ഫാറ്റി തുടങ്ങി പ്രഹരശേഷിയുള്ള ഒരുപിടി താരങ്ങളുണ്ട്. മധ്യനിര അടക്കിവാഴാൻ പെഡ്രിയും ഗാവിയുമുള്ളപ്പോള്‍ ബാഴ്‌സ സുരക്ഷിതം. പ്രതിരോധത്തിലാണ് ആശങ്കകളുള്ളത്. അരാഹോയും ക്രിസ്റ്റ്യൻസനും പരിക്കേറ്റ് പുറത്തായത് തിരിച്ചടിയാണ്. ജൂൾസ് കൂണ്ടെ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.
കരീം ബെൻസേമ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍ ത്രയത്തിലാണ് റയലിന്‍റെ പ്രതീക്ഷ. മോഡ്രിച്ച് നയിക്കുന്ന മിഡ്‌ഫീൽഡും സജ്ജം. ഗോൾവല കാക്കാൻ തിബട്ട് കുര്‍ട്ടോയിസ് ഇല്ലാത്തതാണ് ആശങ്ക. സാവി മാനേജറായുള്ള രണ്ട് എൽക്ലാസികോയിലും ബാഴ്‌സക്കായിരുന്നു ജയം. അത് തുടരാൻ കറ്റാലൻ പട ഇറങ്ങുമ്പോൾ ബെര്‍ണബ്യൂവിൽ മാനംകാക്കനാണ് കാര്‍ലോസ് ആഞ്ചലോട്ടിയുടെ സംഘത്തിന്‍റെ ഇറക്കം.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും വമ്പന്‍ പോരാട്ടങ്ങളുള്ള ദിനമാണിന്ന്. ആന്‍ഫീല്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ ലിവര്‍പൂൾ കരുത്തായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. രാത്രി 9 മണിക്കാണ് മത്സരം. ചെൽസി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകൾക്കും ഇന്ന് മത്സരമുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ എതിരാളികൾ ന്യൂകാസിൽ യുണൈറ്റഡാണ്. മറ്റൊരു മത്സരത്തില്‍ ചെൽസി, ആസ്റ്റണ്‍ വില്ലയെ നേരിടും. വൈകിട്ട് ആറരയ്ക്കാണ് ഈ രണ്ട് മത്സരങ്ങളും ആരംഭിക്കുക.
പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ സണ്‍ഡേ; ലിവര്‍പൂൾ-മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ യുദ്ധം ഇന്ന്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!