
മാഡ്രിഡ്: സ്പാനിഷ് ലീഗ് കിരീട പോരിൽ ബാഴ്സലോണയ്ക്ക് ഇന്ന് നിർണായക മത്സരം. ബാഴ്സയുടെ എവേ മത്സരത്തിൽ റയല്‍ വയ്യാഡോളിഡാണ് എതിരാളികൾ.ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. 33 മത്സരങ്ങളിൽ നിന്ന് 76 പോയന്‍റുമായാണ് കറ്റാലൻസ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 72 പോയന്‍റുമായി റയൽ മാഡ്രിഡ് തൊട്ടുപിന്നിലുണ്ട്.
ഈ സീസണിൽ അഞ്ച് മത്സരങ്ങളിൽ മാത്രമാണ് ബാഴ്സ തോൽവി വഴങ്ങിയത്. റയലിനെ തോൽപ്പിച്ച് കോപ്പ ഡെൽ റേ കിരീടം നേടിയതിന്‍റെ ആത്മവിശ്വാത്തിലാണ് ഹാൻസി ഫ്ലിക്കും സംഘവും. എന്നാൽ കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യപാദ സെമിയിൽ ബാഴ്സ ഇന്റർമിലാനോട് സമനില വഴങ്ങി. പരിക്കേറ്റ പ്രധാന പ്രതിരോധ താരം ജൂൾസ് കുണ്ടെയ്ക്ക് ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാനാകാത്തത് ക്ലബിന് തിരിച്ചടിയാണ്. ഇതിനിടെ ലെവൻഡോസ്ക്കി ഇന്ന് ടീമിൽ തിരിച്ചെത്തിയേക്കും.
അതേസമയം, ലാ മാസിയിലെ പുതിയ സെന്‍സേഷനായ 19കാരന്‍ ഡാനി റോഡ്രിഗസിന് ബാഴ്സ ഇന്ന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യൂത്ത് ടീമിനായി കളിച്ച 10 മത്സരങ്ങളില്‍ റോഡ്രിഗസ് ഇതുവരെ മൂന്ന് ഗോളുകളെ നേടിയുള്ളുവെങ്കിലും നിരവധി അസിസ്റ്റുകളുമായി കളം നിറഞ്ഞിരുന്നു. ഇരു വിംഗിലും ഒരു പോലെ കളിപ്പിക്കാമെന്നതും റോഡ്രിഗസിന്‍റെ സാധ്യത കൂട്ടുന്നു. ഇന്‍റര്‍ മിലാനെതിരായ നിര്‍ണായക ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കാനുള്ളതുകൊണ്ട് ബെഞ്ചിലുള്ള നിരവധി പേര്‍ക്ക് ഇന്ന് ഹാന്‍സി ഫ്ലിക്ക് അവസരം നല്‍കിയേക്കുമെന്നാണ് സൂചന.
ലാലിഗയിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ അത്ലറ്റികോ മാഡ്രിഡിനും ഇന്ന് മത്സരമുണ്ട്. ഇന്ത്യൻ സമയം വൈകിട്ട് 5.30ന് നടക്കുന്ന മത്സരത്തിൽ അലാവസാണ് എതിരാളികൾ. 33 മത്സരങ്ങളിൽ നിന്ന് 66 പോയന്‍റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് അത്ലറ്റികോ മാഡ്രിഡ്. കിരീട പ്രതീക്ഷ അവസാനിച്ചെങ്കിലും രണ്ടാം സ്ഥാനം ലക്ഷ്യമിടുകയാണ് അത്ലറ്റികോ.