
ഭുബനേശ്വര്‍: സൂപ്പർ കപ്പ് ഫൈനൽ പോരാട്ടം ഇന്ന്. എഫ് സി ഗോവ ജംഷഡ്പൂർ എഫ്സിയെ നേരിടും. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വർക്ക്-3ലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. സെമി ഫൈനലിൽ മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ജംഷഡ്പൂർ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്.
ഐഎസ്എൽ ജേതാക്കളായ മോഹൻ ബഗാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ഗോവ ഫൈനലിലേക്ക് മുന്നേറിയത്. 2019ന് ശേഷം എഫ് സി ഗോവ രണ്ടാം സൂപ്പർ കപ്പ് കിരീടം ലക്ഷ്യമിടുമ്പോൾ കന്നി കിരീടം സ്വപ്നം കാണുകയാണ് ജംഷഡ്പൂർ. ഐഎസ്എൽ ലീഗിൽ ഗോവ രണ്ടാം സ്ഥാനത്തും ജംഷഡ്പൂർ അഞ്ചാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
ഫൈനൽ മത്സരത്തിന് ശേഷം ഗോവയുടെ പരിശീലക സ്ഥാനത്ത് നിന്ന് മനോല മാർക്വേസ് പടിയിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ഫുട്ബോള്‍ ടീമിന്‍റെ പൂര്‍ണ സമയ പരിശീലകനാകാനാണ് മാക്വേസ് ഗോവയുടെ പരിശീലക സ്ഥാനം ഒഴിയുന്നത്. സൂപ്പര്‍ കപ്പ് ജേതാക്കള്‍ക്ക് 2025-26 എഎഫ്‌സി ചാമ്പ്യൻസ് ലീഗ് പ്രാഥമിക റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടാനാവും. 2021നുശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് യോഗ്യതയാണ് ഗോവ സ്വപ്നം കാണുന്നത്. അതേസമയം മുമ്പ് രണ്ട് തവണയും സൂപ്പര്‍ കപ്പ് സെമിയില്‍ കാലിടറിയതിന്‍റെ നിരാശ കിരീടത്തോടെ തീര്‍ക്കുകയാണ് ജംഷെഡ്‌പൂരിന്‍റെ ലക്ഷ്യം. 2023ല്‍ എ എഫ് സി ചാമ്പ്യൻസ് ലീഗ് യോഗ്യക്കുള്ള പ്ലേ ഓഫില്‍ തോറ്റ് പുറത്തായതിന്‍റെ കടവും ജംഷെഡ്പൂരിന് തീര്‍ക്കാനുണ്ട്.
ഇരു ടീമുകളും തമ്മിലുള്ള നേർക്കുനേർ ബലാബലത്തിൽ എഫ്‌സി ഗോവയ്ക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. ഇതിന് മുൻപ് ഏറ്റുമുട്ടിയ 14 മത്സരങ്ങളിൽ എട്ടിലും ജയം ഗോവക്കൊപ്പമായിരുന്നു.സൂപ്പര്‍ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പരസ്പരം ഏറ്റുമുട്ടിയ ടീമുകള്‍ കൂടിയാണ് ഗോവയും ജംഷെഡ്പൂരും. മൂന്ന് തവണയാണ് ഇതിന് മുമ്പ് ഇരു ടീമുകളും സൂപ്പര്‍ കപ്പില്‍ മാറ്റുരച്ചത്. ഈ മൂന്ന് മത്സരങ്ങളില്‍ നിന്ന് 21 ഗോളുകള്‍ പിറന്നുവെന്നതും മറ്റൊരു സവിശേഷതയാണ്. 2018ലും 2019ലും ക്വാര്‍ട്ടറില്‍ ജംഷെഡ്പൂരിനെ ഗോവ 5-1നും 4-3നും തകര്‍ത്തപ്പോള്‍ 20203ല്ഡ ഗ്രൂപ്പ് ഘട്ടത്തില്‍ ജംഷെഡ്‌പൂര്‍ 5-3ന് തിരിച്ചടിച്ചു. ഇത്തവണ ഐഎസ്എല്ലില്‍ ജംഷെഡ്പൂര്‍ രണ്ട് തവണയും ഗോവയെ തകര്‍ത്തിരുന്നു. എവേ മത്സരത്തില്‍ 2-1നും ഹോം മത്സരത്തില്‍ 3-1നുമായിരുന്നു ജംഷെഡ്പൂരിന്‍റെ ജയം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!