
മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിൽ(LaLiga) റയൽ മാഡ്രിഡിനും(Real Madrid) ബാഴ്സലോണയ്ക്കും(Barcelona FC) സമനില. റയൽ മാഡ്രിഡിനെ ഒരു ഗോളടിച്ച് കാഡിസാണ് സമനിലയിൽ തളച്ചത്. ആദ്യപകുതിയിലായിരുന്നു രണ്ടുഗോളും. ബാഴ്സലോണയും ഗെറ്റാഫെയും ഗോളടിക്കാതെയാണ് സമനിലയിൽ പിരിഞ്ഞത്. ലാലീഗയിൽ റയൽ നേരത്തേ തന്നെ കിരീടം നേടിയിരുന്നു.
അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി കിരീടപ്രതീക്ഷ നിലനിർത്തി. വെസ്റ്റ് ഹാമിനെതിരെ രണ്ട് ഗോളിന് പിന്നിലായിട്ടും സിറ്റി സമനില സ്വന്തമാക്കി. അവസാന മത്സരത്തിൽ ആസ്റ്റൻ വില്ലയെ തോൽപിച്ചാൽ സിറ്റിക്ക് കിരീടം നിലനിർത്താം.
വ്ളാഡിമിർ കൌഫാളിൻറെ സെൽഫ് ഗോളാണ് സിറ്റിയെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. ഒപ്പം കിരീടത്തിലേക്ക് അടുപ്പിച്ചതും. 2012ന് ശേഷം ആദ്യമായാണ് രണ്ടുഗോളിന് പിന്നിലായശേഷം സിറ്റി സമനിലയോടെ രക്ഷപ്പെടുന്നത്. ആദ്യപകുതിയിൽ ബോവൻറെ ഇരട്ടഗോളുകൾ സിറ്റിയെ ഞെട്ടിച്ചു. 24, 45 മിനിറ്റുകളിലായിരുന്നു കിരീടപ്പോരിൽ തൊട്ടുപിന്നിലുള്ള ലിവർപൂളിന് പ്രതീക്ഷ നൽകിയ വെസ്റ്റ് ഹാമിൻറെ ഗോളുകൾ. രണ്ടാംപാതിയുടെ തുടക്കത്തിൽ ജാക് ഗ്രീലിഷിലൂടെ സിറ്റിയുടെ ആദ്യമറുപടിയെത്തി. സെൽഫ് ഗോളിലൂടെ ഒപ്പമെത്തിയ സിറ്റിക്ക് ജയിക്കാനുള്ള സുവർണാവസരം കിട്ടിയെങ്കിലും റിയാദ് മെഹറസിന് പിഴച്ചു.
ആസ്റ്റൻ വില്ലയ്ക്കെതിരായ ഒറ്റ മത്സരം ശേഷിക്കേ സിറ്റി 90 പോയിൻറുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ട് കളി ബാക്കിയുള്ള ലിവർപൂൾ 86 പോയിൻറുമായി രണ്ടാംസ്ഥാനത്തും. നാളെ സതാംപ്ടണേയും ഞായറാഴ്ച വോൾവ്സിനെയും തോൽപിക്കുകയും സിറ്റി ഞായറാഴ്ച ആസ്റ്റൻ വില്ലയോട് സമനില വഴങ്ങുകയോ തോൽക്കുകയോ ചെയ്താൽ മാത്രമേ ലിവർപൂളിന് കിരീടത്തിൽ എത്താനാവൂ. ലിവർപൂളിൻറെ മത്സരഫലമെന്തായാലും ആസ്റ്റൻവില്ലയെ തോൽപിച്ചാൽ സിറ്റി പ്രീമിയർ ലീഗ് കിരീടം നിലനിർത്തും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!