വിജയക്കുതിപ്പിന് ബാഴ്‌സയും റയലും; ലാ ലിഗയില്‍ ശ്രദ്ധേയ ദിനം

By Web TeamFirst Published Feb 5, 2023, 2:17 PM IST
Highlights

ലാ ലിഗയിൽ ഇന്നലെ നടന്ന മത്സരത്തില്‍ ഗെറ്റഫയോട് അത്‍ലറ്റിക്കോ മാഡ്രിഡ് സമനില വഴങ്ങിയിരുന്നു

മയോർക്ക: സ്‌പാനിഷ് ലീഗിൽ ജയം തുടരാൻ ബാഴ്‌സലോണയും റയൽ മാഡ്രിഡും ഇന്നിറങ്ങും. വൈകീട്ട് ആറരയ്ക്ക് തുടങ്ങുന്ന എവേ മത്സരത്തിൽ റയലിന് മയോർക്കയാണ് എതിരാളികൾ. ബാഴ്‌സലോണ സെവിയ്യയെ നേരിടും. രാത്രി ഒന്നരയ്ക്കാണ് മത്സരം. ലീഗിൽ 50 പോയിന്‍റുമായി ബാഴ്‌സ ഒന്നാമതും 45 പോയിന്‍റുള്ള റയൽ രണ്ടാം സ്ഥാനത്തുമാണ്. 39 പോയിന്‍റുമായി റയല്‍ സോസിഡാഡ് മൂന്നും 35 പോയിന്‍റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് നാലും സ്ഥാനത്ത് നില്‍ക്കുന്നു. 

ലാ ലിഗയിൽ ഇന്നലെ നടന്ന മത്സരത്തില്‍ ഗെറ്റഫയോട് അത്‍ലറ്റിക്കോ മാഡ്രിഡ് സമനില വഴങ്ങിയിരുന്നു. ഇരു ടീമും ഓരോ ഗോൾ നേടി. ഏഞ്ചൽ കൊറേയയുടെ ഗോളിൽ മുന്നിലെത്തിയ ശേഷമാണ് അത്‍ലറ്റിക്കോ സമനില വഴങ്ങിയത്. 

അതേസമയം ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ടോട്ടനത്തെ നേരിടും. ലീഗിൽ സിറ്റി രണ്ടും ടോട്ടനം ആറും സ്ഥാനത്താണ്. ടോട്ടനത്തെ തോൽപിച്ചാൽ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലുമായുള്ള വ്യത്യാസം രണ്ടു പോയിന്‍റായി കുറയ്ക്കാൻ സിറ്റിക്ക് കഴിയും. ആഴ്‌സണലിന് 50ഉം സിറ്റിക്ക് 45ഉം ടോട്ടനം 36ഉം പോയിന്‍റ് വീതമാണുള്ളത്. രാത്രി പത്തിന് ടോട്ടനത്തിന്റെ മൈതാനത്താണ് മത്സരം. മറ്റൊരു മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് വൈകിട്ട് ഏഴരയ്ക്ക് ലീഡ്സ് യുണൈറ്റഡിനെ നേരിടും. 

ഇന്നലെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവഴിയിൽ തിരിച്ചെത്തിയിരുന്നു. ഇരുപത്തിയൊന്നാം റൗണ്ടിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചു. ഇരുപകുതികളിലായി ബ്രൂണോ ഫെർണാണ്ടസും മാർക്കസ് റാഷ്ഫോർഡുമാണ് യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്. ഏഴാം മിനിറ്റിലായിരുന്നു ബ്രൂണോ ഫെർണാണ്ടസിന്‍റെ ഗോൾ. റാഷ്ഫോർഡ് അറുപത്തിരണ്ടാം മിനിറ്റിലും ലക്ഷ്യം കണ്ടു. എഴുപത്തിയാറാം മിനിറ്റിൽ ജെഫ്രിയാണ് ക്രിസ്റ്റൽ പാലസിനായി സ്കോർ ചെയ്തത്. രണ്ടാം പകുതിയിൽ ഉന്തുംതള്ളിനുമൊടുവില്‍ കാസിമിറോ ചുവപ്പുകാർഡ് കണ്ട് പുറത്തായത് യുണൈറ്റഡിന് തിരിച്ചടിയായി.

ട്രഫോര്‍ഡ് യുദ്ധക്കളം, കാസിമിറോയ്ക്ക് ചുവപ്പ്; എന്നിട്ടും വിജയത്തേരില്‍ യുണൈറ്റഡ്; ലിവര്‍ പോയി ലിവര്‍പൂള്‍

click me!