
സാന്‍റിയാഗോ ബെര്‍ണബ്യൂ: ലാലിഗയില്‍ കിരീടത്തിനായി ബാഴ്‌സലോണ കാത്തിരിക്കണം. സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ ഇന്ന് നടന്ന മത്സരത്തില്‍ മയോര്‍ക്കയെ റയല്‍ മാഡ്രിഡ് ഇഞ്ചുറിടൈം ഗോളില്‍ തോല്‍പിച്ചതോടെയാണിത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് സ്വന്തം തട്ടകത്തില്‍ റയലിന്‍റെ വിജയം. മത്സരം 1-1 സമനിലയില്‍ അവസാനിക്കും എന്ന് തോന്നിയിരിക്കേ 90+5-ാം മിനിറ്റില്‍ ഹക്കോബോ റാമോണ്‍ ആണ് റയലിനായി വിജയഗോള്‍ നേടിയത്. പരിക്ക് കാരണം പ്രമുഖ താരങ്ങള്‍ പലരും ഇല്ലാതെയാണ് മത്സരത്തിന് റയല്‍ ഇറങ്ങിയത്.
പരിക്കന്‍മാരുടെ റയല്‍
ബാഴ്‌സലോണയോട് എല്‍ ക്ലാസിക്കോയിലേറ്റ മുറിവ് മാറ്റാനാണ് റയല്‍ മാഡ്രിഡ് സാന്‍റിയോഗോ ബെര്‍ണബ്യൂവില്‍ ഇന്നിറങ്ങിയത്. വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും അടക്കം പ്രമുഖ താരങ്ങള്‍ പലരും ഇല്ലാതെ മയോര്‍ക്കയെ റയല്‍ മാഡ്രിഡ് നേരിട്ടു. തിബോ ക്വാര്‍ട്വ, ഫ്രാന്‍ ഗാര്‍സ്യ, ഹക്കോബോ റാമോണ്‍, റൗള്‍ അസെന്‍സ്യോ, ഫെഡറിക്കോ വാല്‍വര്‍ദെ, ഡാനി സെബല്ലോസ്, ലൂക്കാ മോഡ്രിച്ച്, ജൂഡ് ബെല്ലിംഗ്‌ഹാം, ആന്ദ്രേ ഗൂളര്‍, കിലിയന്‍ എംബാപ്പെ എന്നിവരായിരുന്നു റയലിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നത്. ബഞ്ചിലാവട്ടെ ഒരൊറ്റ സീനിയര്‍ താരം മാത്രമാണുണ്ടായിരുന്നത്.
എംബാപ്പെയ്ക്ക് 40-ാം ഗോള്‍
കിക്കോഫായി 11-ാം മിനിറ്റില്‍ മയ്യോര്‍ക്ക റയലിനെ ഞെട്ടിച്ചു. മാര്‍ട്ടിന്‍ വലിയന്‍റിന്‍റെ വകയായിരുന്നു ഗോള്‍. രണ്ടാംപകുതിയുടെ 68-ാം മിനിറ്റിലാണ് റയല്‍ കിലിയന്‍ എംബാപ്പെയിലൂടെ ഇതിന് മറുപടി നല്‍കുന്നത്. മോഡ്രിച്ചിന്‍റെ അസിസ്റ്റില്‍ നിന്നായിരുന്നു എംബാപ്പെയുടെ ഫിനിഷിംഗ്. റയലിനൊപ്പം കന്നി സീസണില്‍ 40 ഗോള്‍ തികയ്ക്കാന്‍ ഇതോടെ കിലിയന്‍ എംബാപ്പെയ്ക്കായി.
റാമോണ്‍ ഗോള്‍; ബാഴ്‌സ കാത്തിരിക്കണം
ഇതിന് ശേഷം വിജയഗോളിനായി റയല്‍ മാഡ്രിഡ് താരങ്ങള്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും മയോര്‍ക്ക ഗോളി ലിയോ റോമന്‍ വില്ലനായി. ഒടുവില്‍ ഇഞ്ചുറിടൈമിന്‍റെ അഞ്ചാം മിനിറ്റില്‍ പ്രതിരോധ താരം ഹക്കോബോ റാമോണ്‍ റയലിന് 2-1ന്‍റെ ജയം സ്വന്തം മൈതാനത്ത് ഉറപ്പിച്ചു. മത്സരത്തില്‍ 13 ഓണ്‍-ടാര്‍ഗറ്റ് ഷോട്ടുകള്‍ റയലിനുണ്ടായിരുന്നെങ്കിലും റോമന്‍റെ മികവ് മത്സരത്തില്‍ ശ്രദ്ധേയമായി. മയോര്‍ക്കയ്ക്കെതിരായ ജയത്തോടെ ലാലിഗ കിരീടപ്പോരാട്ടം ഒരു ദിവസത്തേക്കെങ്കിലും നീട്ടിവെക്കാന്‍ റയല്‍ മാഡ്രിഡിനായി. 36 മത്സരങ്ങളില്‍ 78 പോയിന്‍റുള്ള റയല്‍ മാഡ്രിഡ് രണ്ടാംസ്ഥാനത്ത് തുടരുന്നു. അതേസമയം ഒരു മത്സരം കുറവ് കളിച്ച ബാഴ്‌സ 82 പോയിന്‍റുമായി തലപ്പത്ത് നില്‍ക്കുന്നു. നാളെ രാത്രി എസ്‌പാന്‍യോളിനെ തോല്‍പിച്ചാല്‍ ബാഴ്‌സലോണ ലാലിഗയില്‍ കിരീടമുറപ്പിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!