'സിആറെ, നെയ്മറെ കട്ടൗട്ട് ഒക്കെ വച്ചൂന്ന് കേട്ട്', മെസിയുടെ ചോദ്യം താഴെ വരെ കേള്‍ക്കുമോ; അത്യുന്നതങ്ങളിൽ മിശിഹ

Published : Nov 13, 2022, 08:13 AM IST
'സിആറെ, നെയ്മറെ കട്ടൗട്ട് ഒക്കെ വച്ചൂന്ന് കേട്ട്', മെസിയുടെ ചോദ്യം താഴെ വരെ കേള്‍ക്കുമോ; അത്യുന്നതങ്ങളിൽ മിശിഹ

Synopsis

രാജാവായാലും സുൽത്താനായാലും മിശിഹയ്ക്ക് മുകളിൽ  ആരും വാഴില്ല എന്ന് പ്രഖ്യാപിച്ചാണ് അര്‍ജന്‍റീന ആരാധകര്‍ അവരുടെ ഏറ്റവും പ്രിയപ്പെട്ട താരത്തിന്‍റെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ചിട്ടുള്ളത്.

കോഴിക്കോട്: താമരശ്ശേരി പരപ്പൻപൊയിലെ കട്ടൗട്ട് യുദ്ധത്തിൽ നെയ്മറിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഡ്രിബിള്‍ ചെയ്ത് ഗോളടിച്ച് ലിയോണൽ മെസി. 70 അടി ഉയരത്തിൽ മിശിഹയുടെ കട്ടൗട്ട് സ്ഥാപിച്ചാണ് ആരാധകരുടെ കൗണ്ടർ അറ്റാക്ക്. ഇതോടെ 55 അടി ഉയരത്തിലുള്ള നെയ്മറുടെയും 45 അടി ഉയരത്തിലുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കട്ടൗട്ടുകൾക്ക് ഏറെ മുകളിലായി മെസി.

രാജാവായാലും സുൽത്താനായാലും മിശിഹയ്ക്ക് മുകളിൽ  ആരും വാഴില്ല എന്ന് പ്രഖ്യാപിച്ചാണ് അര്‍ജന്‍റീന ആരാധകര്‍ അവരുടെ ഏറ്റവും പ്രിയപ്പെട്ട താരത്തിന്‍റെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ചിട്ടുള്ളത്. കോഴിക്കോട് -കൊല്ലഗൽ ദേശീയപാതയോരത്ത് പരപ്പൻ പൊയിൽ അങ്ങാടിയിൽ ഗവ. സ്കൂളിന് മുമ്പില്‍ ഇന്നലെ വൈകുന്നേരം ആഘോഷത്തിൽ ആറാടിയാണ് മെസിയുടെ 70 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചത്.

വാദ്യമേളങ്ങളുടെയും ഡിജെ മ്യൂസിക്കിന്‍റെയും വെടികെട്ടിന്‍റെയും അകമ്പടിയോടെ നൂറോളം അർജന്‍റീന ആരാധകര്‍ ഒത്തുകൂടി ക്രെയിനിന്‍റെ സഹായത്തോടെയാണ് മെസിയുടെ ഭീമൻ കട്ടൗട്ട് ഉയർത്തിയത്. മൂന്ന് ലക്ഷം രൂപ ചെലവലിലാണ് കട്ടൗട്ട് സ്ഥാപിച്ചത്. പരപ്പൻപൊയിലെ അര്‍ജന്‍റീന ഫാൻസ് അംഗങ്ങളായ മിദ്ലാജ്, ഷഫീഖ്, അയൂബ് തുടങ്ങിയവർ നേതൃത്വം നൽകി. ഖത്തർ ലോകകപ്പിൽ മെസിയുടെ നേതൃത്വത്തിലുള്ള നീലപട ഇത്തവണ കപ്പുയർത്തുമെന്ന കാര്യത്തിൽ ആരും സംശയിക്കേണ്ടെന്ന് പരപ്പൻപൊയിലെ ആരാധകര്‍ ഉറപ്പിച്ചിരിക്കുകയാണ്.  

പരപ്പൻപൊയിലെ 45 അടിയുള്ള ക്രിസ്റ്റ്യാനോയുടെയും 30 അടിയുള്ള മെസിയുടെയും കട്ടൗട്ടുകൾക്ക് മേലെ 55 അടിയില്‍ നെയ്മറിന്‍റെ കട്ടൗട്ട് നേരത്തെ ഉയര്‍ന്നിരുന്നു. ഇതിന് ആര് മറുപടി നല്‍കും എന്നത് തന്നെയായിരുന്നു നാട്ടിലെ പ്രധാന ചര്‍ച്ച. ഒട്ടം വൈകിക്കാതെ തന്നെ നല്ല ഉശിരന്‍ മറുപടി തന്നെയാണ് അര്‍ജന്‍റീന ഫാന്‍സ് നല്‍കിയിരിക്കുന്നത്. ഇതിന് മുകളില്‍ ഇനി എന്ത് ചെയ്യാനാകുമെന്ന് ഇതിനകം ബ്രസീല്‍, പോര്‍ച്ചുഗല്‍ ആരാധകര്‍ ആലോചിച്ച് തുടങ്ങി കാണുമെന്നുള്ളത് ഉറപ്പാണ്.

കേരളത്തിലെ അര്‍ജന്‍റീനന്‍ ആരാധകര്‍ക്ക് അഭിമാന നിമിഷം; മലയാളം പോസ്റ്റര്‍ പങ്കുവെച്ച് എമിലിയോനോ മാര്‍ട്ടിനെസ്

PREV
Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്