
മാഡ്രിഡ്: ഫുട്ബോൾ ലോകത്തെ വീണ്ടും അമ്പരപ്പിച്ച് അർജന്‍റീന സൂപ്പർ താരം ലയണൽ മെസി സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായ 'എൽഡെൻസി'ന്‍റെ ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കാൻ മെസി പ്രാഥമിക കരാറിലെത്തി. സ്പെയിനിലെ കായിക കൗൺസിലിന്‍റെ അന്തിമ അനുമതി ലഭിക്കുന്നതോടെ എൽഡെൻസ് മെസിയുടെ ഉടമസ്ഥതയിലുള്ള പ്രധാന സ്പാനിഷ് ക്ലബ്ബായി മാറും.
നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്‍റർ മയാമിക്ക് വേണ്ടി കളിക്കുന്ന മുപ്പത്തൊമ്പതുകാരനായ മെസി ക്ലബ്ബ് ഉടമസ്ഥതയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇതാദ്യമല്ല. ഈ വർഷം തുടക്കത്തിൽ സ്പാനിഷ് അഞ്ചാം ഡിവിഷൻ ക്ലബ്ബായ 'കോർനെല്ല'യുടെ ഓഹരികളും മെസി സ്വന്തമാക്കിയിരുന്നു. എന്നാൽ കോർനെല്ല ഒരു സെമി-പ്രൊഫഷണൽ ക്ലബ്ബ് മാത്രമാണ്. കൂടാതെ ഉറുഗ്വേൻ ക്ലബ്ബായ ഡെപ്പോർട്ടീവോ എൽ.എസ്.എമ്മിലും സഹതാരം ലൂയിസ് സുവാരസിനൊപ്പം മെസിക്ക് പങ്കാളിത്തമുണ്ട്.
1921-ൽ സ്ഥാപിതമായ എൽഡെൻസ് നിലവിൽ കൊളംബിയൻ നിക്ഷേപ ഗ്രൂപ്പായ 'ഗ്രൂപ്പോ ടി.എച്ച്'ന്‍റെ ഉടമസ്ഥതയിലാണ്. ഈ സീസണിന്‍റെ തുടക്കത്തിൽ മോശം പ്രകടനത്തെത്തുടർന്ന് പരിശീലകൻ ക്ലോഡിയോ ബറാഗനെ പുറത്താക്കിയ ക്ലബ്ബ് പുതിയ തന്ത്രങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് മെസിയുടെ വരവ്. 5,776 പേർക്കിരിക്കാവുന്ന 'ന്യൂവോ പെപികോ അമത്' സ്റ്റേഡിയമാണ് ഈ ക്ലബ്ബിന്‍റെ തട്ടകം.
കോർനെല്ലയും എൽഡെൻസും തമ്മിൽ നിലവിൽ മൂന്ന് ഡിവിഷനുകളുടെ വ്യത്യാസമുള്ളതിനാൽ മെസിയുടെ ഉടമസ്ഥത നിയമപരമായി തടസമാകില്ല. എന്നാൽ ഭാവിയിൽ രണ്ട് ക്ലബ്ബുകളും ഒരേ ഡിവിഷനിലേക്ക് ഉയർന്നുവന്നാൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്‍റെ നിയമപ്രകാരം മെസിക്ക് ഏതെങ്കിലും ഒരു ക്ലബ്ബിന്‍റെ ഉടമസ്ഥാവകാശം ഒഴിയേണ്ടി വരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!