ഇന്ത്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ ഐ എഫ്‌ എഫ്‌) എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ്‌ വൈകുന്നതിനെതിരെ ഫുട്‌ബോള്‍ സംഘാടകനും സംരംഭകനുമായ രഞ്‌ജിത്‌ ബജാജ്‌ കോടതിയെ സമീപിച്ചു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ ഐ എഫ്‌ എഫ്‌) എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ്‌ വൈകുന്നതിനെതിരെ ഫുട്‌ബോള്‍ സംഘാടകനും സംരംഭകനുമായ രഞ്‌ജിത്‌ ബജാജ്‌ കോടതിയെ സമീപിച്ചു.

തെരഞ്ഞെടുപ്പ്‌ ഷെഡ്യൂള്‍ ഉടന്‍ പ്രഖ്യാപിക്കാനും, ഫലപ്രഖ്യാപനം ഉള്‍പ്പടെയുള്ള മുഴുവന്‍ നടപടികളും കോടതി നിശ്ചയിക്കുന്ന സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാനും എഐഎഫ്‌എഫിന്‌ നിര്‍ദ്ദേശം നല്‍കണമെന്ന്‌ രഞ്‌ജിത്‌ ബജാജ്‌ റിട്ട്‌ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

നാഷണല്‍ സ്‌പോര്‍ട്‌സ്‌ ഗവേണന്‍സ്‌ ആക്ട്‌ 2025 പ്രകാരമുള്ള പുതിയ തെരഞ്ഞെടുപ്പ്‌ രീതിയിലേക്ക്‌ മാറാന്‍ സമയം ആവശ്യമായതിനാലാണ്‌ എ ഐ എഫ്‌ എഫ്‌ എക്‌സിക്യൂട്ടീവിലേക്കുള്ള തിരഞ്ഞെടുപ്പ്‌ വൈകുന്നത്‌ എന്നാണ്‌ മറുഭാഗം വാദിക്കുന്നത്‌. എന്നാല്‍, എ ഐ എഫ്‌ എഫ്‌ ഭരണഘടനയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നും, അതിനാല്‍ തുടര്‍ന്നുണ്ടാകുന്ന കാലതാമസം അനാവശ്യമാണെന്നും ബജാജ്‌ വാദിക്കുന്നു. മാത്രമല്ല, സംസ്ഥാന അസോസിയേഷനുകള്‍ പുതിയ കായിക നിമയങ്ങളുമായി പൊരുത്തപ്പെടുന്നത്‌ വരെ ദേശീയ സമിതിയിലെ തെരഞ്ഞെടുപ്പ്‌ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാന്‍ പറ്റില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പിലൂടെ പുതിയ കമ്മിറ്റി അധികാരത്തിലെത്തുന്നത്‌ വരെ നിലവിലുള്ള കാലാവധിപൂര്‍ത്തിയായ എ ഐ എഫ്‌ എഫ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി നയപരമായ തീരുമാനങ്ങളോ വലിയ സാമ്പത്തിക ഇടപാടുകള്‍ ആവശ്യമായി വരുന്ന തീരുമാനങ്ങളോ കൈക്കൊള്ളുന്നത്‌ തടയണമെന്നും രഞ്‌ജിത്‌ ബജാജ്‌ കോടതിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ അടിത്തട്ടില്‍ നിന്നുള്ള വികസനത്തിനും ഭരണപരമായ മാറ്റങ്ങള്‍ക്കും വേണ്ടി ഏറ്റവും ശക്തമായി വാദിക്കുന്ന വ്യക്തിയാണ്‌ രഞ്‌ജിത്‌ ബജാജ്‌. മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19, അണ്ടര്‍ 21 താരമാണ്‌. രഞ്‌ജിത്‌ ബജാജ്‌ സ്ഥാപിച്ച മിനര്‍വ ഫുട്‌ബോള്‍ അക്കാദമി രാജ്യത്തെ മികച്ചതാണ്‌. മിനര്‍വയുടെ അക്കാദമി ടീം യൂറോപ്പില്‍ ഹെല്‍സിങ്കി കപ്പ്‌, ഗോതിയ കപ്പ്‌ വിജയങ്ങള്‍ നേടിയിരുന്നു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌:https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK